Jagan :: MASALA BONDA

Views:

പ്രതിദിനചിന്തകൾ
MASALA BONDA

അങ്ങനെ, ഒടുവിൽ കൊച്ചേട്ടന് കുറച്ചുകാലം മുൻപ് വല്യേട്ടൻ കനിഞ്ഞു നൽകിയ ചീഫ് വിപ് സ്ഥാനം മനസ്സില്ലാ മനസ്സോടെ എങ്കിലും ഏറ്റെടുക്കാൻ കൊച്ചേട്ടൻ തീരുമാനിച്ചു. കേരളീയർക്ക് ഒന്നടങ്കം സന്തോഷത്തിന്റെ വേലിയേറ്റം.... ! 

ചിറ്റപ്പൻ മന്ത്രി അഗ്നിശുദ്ധിയോടെ തിരികെ എത്തിയപ്പോൾ അസഭ്യശ്രീമാൻ മന്ത്രിയെ ഒഴിവാക്കാനുള്ള വിഷമം കലശലായപ്പോൾ ആണ് വല്യേട്ടൻ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ് സ്ഥാനം സൃഷ്ടിച്ച് കൊച്ചേട്ടന് സൗജന്യമായി നല്കാൻ തീരുമാനിച്ചതും, സ്വയം ഒരു മന്ത്രിസ്ഥാനം കൂടി ഒപ്പിച്ചു ചിറ്റപ്പന് കൊടുത്തതും.

ഡാമുകൾ തുറന്നുവിട്ടു കളിച്ച് നാം ഉണ്ടാക്കിയ പ്രളയക്കെടുതി മൂലം കേരളം നിത്യവൃത്തിക്ക് മാർഗ്ഗമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ആ ആപത്ത് കാലത്ത് നമ്മുടെ ഖജനാവിന് അമിതഭാരവും, അധികചെലവും ഉളവാക്കുന്ന അത്തരം ധൂർത്തിനോട് വല്യേട്ടന് അനുകൂല നിലപാട് ആയിരുന്നെങ്കിലും, ആദര്ശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന കൊച്ചേട്ടന് അത് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന ഒരു സ്ഥാനമാനങ്ങളും വേണ്ട എന്ന അന്നുതന്നെ കൊച്ചേട്ടൻ മൂലധനം അടക്കമുള്ള സിദ്ധാന്ത ഗ്രന്ഥങ്ങളിൽ തൊട്ട് ഭീഷ്മപ്രതിജ്ഞ എടുത്തതാണ്. (ഇത് കേട്ടുനിന്ന കേരളജനതയ്ക്ക് ആകെ രോമാഞ്ചം....... !) 

 അതിനുശേഷം പ്രളയ ദുരിതാശ്വാസത്തിനും, പുനരധിവാസത്തിനും, നവകേരള നിർമ്മാണത്തിനുമായി പൊതുജനങ്ങളിൽനിന്നും, കേരളത്തിലെ വ്യാപാരികളിൽ നിന്നും, ഉദ്യോഗസ്ഥരിൽ നിന്നും,പ്രവാസികളിൽ നിന്നും ഒക്കെ നാം വൻ തോതിൽ സാമ്പത്തിക സമാഹരണം നടത്തി. മട്ടൻ മസാല, ചിക്കൻ മസാല എന്നിവ പോലെ നാം മസാല ബോണ്ട് തയ്യാറാക്കി വിദേശങ്ങളിൽ വിൽപ്പന നടത്തി സമ്പത്ത് സമാഹരിച്ചു. ലോകബാങ്കും കയ്യയച്ചു സഹായമോതി. അങ്ങനെ കേരളം വൻ സാമ്പത്തിക ശക്തിയായി വളർന്നു. 

കണക്കില്ലാതെ വന്ന സമ്പത്തുകൊണ്ട്, പുനരധിവാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നവർക്കൊക്കെ അവർ ആവശ്യപ്പെട്ട പണം വാരിവാരി കൊടുത്തു......!  വീട് നഷ്ട്പ്പെട്ടവർക്ക് ഒന്നിലധികം വീടുകൾ വീതം നിർമ്മിച്ചുനൽകി..... !!  എന്നിട്ടും ബാക്കി വന്ന പണം നാം ധൂർത്തടിച്ചില്ല. ആപത്തുകാലത്ത് സഹായിച്ചവർക്കൊക്കെ അവർ തന്ന പണം പലിശ സഹിതം തിരികെ കൊടുത്തു.... ! എന്നിട്ടും പണം ബാക്കി.... !? 

അപ്രകാരം വൻ സാമ്പത്തിക ശക്തി ആയി വളർന്ന കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്ന ഈ കൊച്ചേട്ടൻ കേവലം ഒരു ചീഫ് വിപ് സ്ഥാനം ഉപേക്ഷിച്ചു ഖജനാവിന് സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കേണ്ട കാര്യമുണ്ടോ ? കടലിൽ നിന്നും ഒരു കുമ്പിൾ വെള്ളം കൂടി കോരിയെടുക്കുന്നതുകൊണ്ട് വല്ല നഷ്ടവും ഉണ്ടാകുമോ ? ബംഗ്ലാവ് വേണ്ട, M L A ക്വാർട്ടേഴ്സിലെ മുറിയിൽ ചുരുണ്ടുകിടന്നോളാം, കാർ വേണ്ട, സൈക്കിൾ മതി, ഇരുപത്തിയേഴ് പേർസണൽ സ്റ്റാഫ് വേണ്ട, തനിച്ചു പണിയെടുത്തോളം എന്നൊക്കെ കൊച്ചേട്ടൻ ഒരു ഭംഗിക്ക് പറയണം. ചീഫ് വിപ് സ്ഥാനം വേണ്ട എന്ന് നമ്മൾ മുൻപ് പറഞ്ഞതുപോലെ. അതൊക്കെ നമുക്ക് ഖണ്ഡശ്ശ സ്വീകരിച്ചു, സ്വീകരിച്ചു പോകാം. 

വേണ്ട എന്ന് മാത്രം പറയരുത്. എല്ലാം പൊതുജനങ്ങളുടെ ഉന്നമനത്തിനും, നവകേരളത്ത്തിന്റെ നന്മയ്ക്കും വേണ്ടി ആണല്ലോ എന്ന ഓർക്കുമ്പോളാ ഒരു സമാധാനവും, അഭിമാനവും. 
ശംഭോ മഹാദേവാ...... !