പ്രവേശനോത്സവം

Views:


ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെയല്ലാതെ നമുക്കൊരിക്കലും നമ്മുടെ ആദ്യ സ്കൂൾനാളുകൾ ഓർക്കാൻ കഴിയില്ല. അറിവിന്റെയും അക്ഷരങ്ങളുടേയും ലോകത്തേക്ക് നാം ആദ്യ ചുവട് വച്ച ദിവസം. നമ്മെ നാം ആക്കി മാറ്റിയ ദീർഘ പ്രയാണത്തിന് നാന്ദി കുറിച്ച സുദിനം. കരഞ്ഞു കലങ്ങിയ കണ്ണുകളും ഊതി വീർപ്പിച്ച മുഖവുമാണ് ആദ്യം മനസ്സിലെത്തുന്നതെങ്കിലും അമ്മിഞ്ഞപ്പാലു പോലെ മധുരം കിനിയുന്ന ഓർമയായി നാം ഇന്നു മത് ഉള്ളിൽ സൂക്ഷിക്കുന്നു

കുഴിവിള ഗവ. യു പി സ്കൂളിലെ 2019-20 അധ്യയന വർഷത്തിലെ പ്രവേശനോത്സവം തികച്ചും ഒരു ഉത്സവ പ്രതീതി സൃഷ്ടിച്ചു കൊണ്ട്  സമുചിതമായി ആഘോഷിച്ചു. പുത്തൻ അറിവുകളുടേയും അനുഭവങ്ങളുടേയും അക്ഷരമുറ്റത്ത് അരങ്ങേറ്റം കുറിക്കുവാൻ ആവേശത്തോടെയെത്തിയ കുരുന്നുകളും ഒപ്പം അമ്മയോടൊട്ടി അമ്പരപ്പ് മാറാതെ വിതുമ്പാൻ വെമ്പിനിൽക്കുന്ന കുഞ്ഞുമുഖങ്ങളും ഉണ്ടായിരുന്നു.

സ്കൂൾ മുറ്റവും സ്റ്റേജും മനോഹരമായി അലങ്കരിച്ചിരുന്നു. സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ആറ്റിപ്ര വാർഡ് കൗൺസിലർ ശ്രീ ശിവദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. DYFI  കുഴിവിള യൂണിറ്റ് പഠനോപകരണ കിറ്റും കുടയും എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. എല്ലാ പേർക്കും മധുരം നൽകി.

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികൾക്കായി അവതരിപ്പിച്ചു. നവാഗതരെ സ്വാഗതം ചെയ്ത് അക്ഷരദീപം തെളിയിച്ച് ക്ലാസുകളിലേക്ക് ആനയിച്ചു . മാധവ വിലാസം കോ-ഓപറേറ്റീവ് സൊസൈറ്റി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, UST global പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ അങ്ങനെ നിരവധി ആളുകൾ പങ്കെടുത്തു കൊണ്ട് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ അറിവിന്റെ ഉത്സവം കൊടിയേറ്റിക്കൊണ്ട് വിദ്യാർത്ഥികൾക്കായി വിജ്ഞാനത്തിന്റെ വാതായനങ്ങൾ വിശാലമായി തുറന്നു വച്ചു.
റിപ്പോർട്ടിംഗ്No comments: