നിത്യേ....

Views:

നിത്യേ, നിരാമയേ, നിസ്തുലേ, നിത്യവും
നീയുണർത്തുന്നതെൻ ജീവതാളം.
സുപ്രഭാതസ്മിതം, മദ്ധ്യാഹ്നതാണ്ഡവം,
സന്ധ്യാഭ, സ്വച്ഛന്ദഗാഢനിദ്ര.
നീ രാഗമുഗ്ദ്ധപ്രപഞ്ചം, നിഗൂഢാർത്ഥ-
മാനന്ദതത്ത്വം, വിമുക്തിപാഠം.

നിത്യേ, നിരാകൂലേ, നിർമ്മലേ, നിത്യവും
നീ കൊളുത്തുന്നതെൻ ജീവനാളം.
സൗരാഗ്നി, നക്ഷത്രകാന്തി, ക്ഷമാശാന്ത-
സൗഖ്യദം, സൗഹ്യദം, സൗമ്യദീപ്തി.
നീ സ്നേഹതപതപ്രഭാമൂർത്തി, വിശ്വാസ-
ദാർഢ്യം, സ്മൃതി, ശുദ്ധി, തീക്ഷ്ണബുദ്ധി..

നിത്യേ, നിരാദികേ, നിർഭയേ, നിത്യവും
നീ തുറക്കുന്നതെൻ ജീവനേത്രം.
പ്രാണൗഷധം, തീർത്ഥബിന്ദു, വാഗ് വൈഭവം,
പ്രൗഢം വരം, സ്വപ്നജന്മബന്ധം.
നീ ആത്മതന്മയീഭാവം, ധ്വനി, സന്ധി-
തന്മാത്ര, പ്രജ്ഞാനരൂപബ്രഹ്മം.

നിത്യേ, നിരാതപേ, നിർമ്മമേ, നിത്യവും
നീ മുഴക്കുന്നതെൻ ജീവനാദം.
സർഗ്ഗോത്സവം, സപ്തവർണ്ണോത്ഭവം, കാവ്യ-
സ്വർഗ്ഗം, ലയം, ദിവ്യമാന്ദോളനം.
നീ ആദിമന്ത്രാർത്ഥസാരം, ശ്രുതി, ധ്യാന-
ബോദ്ധ്യം, സഹസ്രാരസാക്ഷ്യം, ശുഭം.
No comments: