പ്രവേശനോത്സവം :: വിനയൻ

Views:
അയലത്തെച്ചെക്കാ
അറിയും ഞാൻ നിന്നെ
ചിരികൊള്ളാനല്ലേ
അരികിൽ നീ വന്നൂ .
ഇവിടെന്റെ കൂടെ
പൊതുപള്ളിക്കൂട-
ത്തണലിൽ തേനുണ്ണാൻ
വരികെന്റെ കണ്ണാ.
മിഴി രണ്ടും പൂട്ടി
പലതെണ്ണിത്തുള്ളാം
കളിയാടാം ,പാടാം
ഇനി നമ്മൾക്കൊന്നായ്.
"അറിയില്ലെൻ കൂട്ടേ, "
മനസ്സാകെപ്പൂക്കൾ
നനവേറ്റിക്കുനിയേ,
ഒരു തെന്നൽ തഴുകി.
"അറിയില്ലെൻ കൂട്ടേ, "
പുഴവെള്ളം ചാടേ,
അവനന്തിപ്പൊന്നിൽ
മിഴികൊണ്ടൊന്നൊപ്പി.
"അറിയില്ലെൻ കൂട്ടേ ,
പറയാനൊന്നുണ്ടേ"
നിറകണ്ണിൽ വിശ്വം
പലതായിച്ചിതറി.
"പറകെന്നുടെ കണ്ണാ "
ഇടിവെട്ടിപ്പെയ്യും
മഴയിൽ കുടചൂടി
കുടമുല്ല വിരിഞ്ഞൂ..
സുഖവാസന കൊള്ളാൻ
മലതാണ്ടിയ കുയിലിൻ
കളനാദം കേൾക്കാൻ
മഴതോർന്നൊരു മൗനം .
"പറയട്ടേ ഞാനെൻ
പ്രിയമാതാവോടീ-
യടികൊള്ളുംകാര്യം,
പറയും ഞാനെല്ലാം. "
"പൊതുപള്ളിക്കൂട-
ത്തികവിൽ നിന്നെന്നെ
വിലപേശുന്നോർക്കാ-
യെറിയല്ലേയമ്മേ."
"മറുനാടിൻവേർപ്പിൽ
വലുതാകും സ്വപ്നം
ഒരു യാതനയായെൻ
ചുമലിൽ ചാർത്തല്ലേ."
"മണ്ണപ്പം ചുട്ടും
കടലാസു മനഞ്ഞും
തെളിവാനത്തൂടെ
മഴവില്ലു തെളിയ്ക്കാം.
ചെറുവഞ്ചിയൊഴുക്കാം.
മഴയോടൊത്തൊഴുകാം.
കുളിർകൊണ്ടു ചിരിക്കാം
പൊതുനൻമകൾ കാക്കാം.
പൂമഞ്ചലിലേറാം
പൂമാനത്തോടാം
പൊന്നമ്പിളിമാമൻ
ചൊല്ലുംകഥ കേൾക്കാം.
നിറവാണെൻ നാട്ടിൻ
പൊതുപള്ളിക്കൂടം
വരികെൻ പ്രിയതോഴാ
കുളിർമുറ്റത്തേയ്ക്ക്."
"അറിയില്ലെൻ കൂട്ടേ,
വരുവാനുണ്ടാശ"
കഴിയില്ലെന്നുള്ളിൽ
കരിമാനം പെയ്തു.
ഇതളിൽ തേൻവഴിയും
ഇരുപൂക്കൾ വഴിയിൽ
മിഴിവാർന്നുവിരിഞ്ഞാൽ
വരുമാച്ചറുകാറ്റ്.
ഇവിടെക്കരിയുന്നൂ
അയൽപക്കക്കൂട്ട്,
അറിയേണ്ടവരസ്ഥി-
ത്തറകൾ പണിയുമ്പോൾ.
_________ വിനയൻ _________ജനപ്രിയരചനകൾ (30 ദിവസത്തെ)