വ്യദ്ധവേശ്യാവിലാപം :: അന്‍സാരി

Views:

വേച്ചുവേച്ചിടനെഞ്ചമർത്തിക്കിതച്ചും
വേർപ്പും ചുരത്തി, പിടച്ചും ചുമച്ചും
ദേശനാഥൻമാരെനോക്കി കവലയിൽ
വേശ്യ, ഉമിത്തീ ചിതറുന്നു, ചീറുന്നു!

"ഇന്നലെകൾ നിങ്ങളോർത്തിടുന്നില്ലയോ,
ഇന്നലത്തെയെന്നെയോർത്തിടുന്നില്ലയോ,
ഇന്നലെ നിങ്ങളെൻനിസ്സഹായതകളെ
അമ്മാനമാടിയതോർത്തിടുന്നില്ലയോ?

ചുണ്ടുകൾ നൊട്ടിനുണഞ്ഞും തലയിലൊരു
മുണ്ടിട്ടുകൊണ്ട് പതുങ്ങിവന്നും നാണയ-
ക്കിഴിയുമായന്നെൻെറ കുടിലിൻെറ
വാതിലിൽ കാത്തക്ഷമയോടിരുന്നതും

ചെയ്തജോലിയ്ക്ക് കണക്കുതീർത്തും, എന്നിൽ
പെയ്തുതോർന്നോരെ പറഞ്ഞയച്ചും
കരിവളക്കൈനീട്ടി, പനിമതിച്ചിരിതൂകി
നിങ്ങളെക്കുടിലിലേയ്ക്കന്നാനയിച്ചതും

നിങ്ങൾക്കിരിക്കുവാൻ കീറപ്പഴംപായ
നീട്ടിവിരിച്ചു, ഞാനൊപ്പമിരുന്നതും
കാച്ചിത്തിളപ്പിച്ചുതൂകിയ നിശ്വാസ-
മേറ്റെൻകവിൾത്തടം വിങ്ങിച്ചുവന്നതും

കാലത്ത് തീപ്പെട്ടിക്കോലുകൊണ്ടെൻകണ്ണിൽ
ചാലിച്ചകൺമഷി ചുണ്ടാൽതുടച്ചതും
നീട്ടിവെച്ചോരെൻെറ മടിയിൽ തല ചേർത്തു
നീയെത്രസുന്ദരമെന്നുമൊഴിഞ്ഞതും

രാവിലെ മേൽമുണ്ടുടുക്കുവാൻവേണ്ടി ഞാൻ
രാവിലെന്നടിമുണ്ടുരിയുന്നനേരത്ത്
സർവ്വംമറന്നെന്നിലാകെ  പരതിയെൻ
സർവ്വവുംനേടി, കിതച്ചു കിടന്നതും

നിങ്ങൾ മറന്നുവോ, നിങ്ങൾ മറന്നുവോ
സ്വാർത്ഥദാഹത്തിൻെറ മർത്ത്യരൂപങ്ങളേ,
നിങ്ങൾമറന്നുവോ നിങ്ങൾമറന്നുവോ
സ്വാർത്ഥമോഹത്തിൻെറ ദുഷ്ടഭാവങ്ങളേ!

പിന്നീട്, പിന്നീട് നാൾകൾ കഴിയവേ
എന്നിലെ സ്ത്രീയിൽ ജരാനരയേറവേ
നിങ്ങൾക്ക് ഞാൻ തന്നു കാമംകെടുത്തിയ 
നിമ്നോന്നതങ്ങളെ വ്യാധി കയ്യേറവേ,

മുതുകിലേയ്ക്കൊട്ടിപ്പിടിക്കുന്നൊരുദരത്തെ
ഇരു കൈകൾകൊണ്ടുമമർത്തിത്തിരുമ്മവേ,
നിങ്ങളെന്നെ തല്ലിയോടിച്ചതും "വേശ്യ " .
എന്നങ്ങലറി, കരിങ്കല്ലെറിഞ്ഞതും

ഓടിത്തളർന്നരയാലിൻചുവട്ടിലെ
പൂഴിത്തളത്തിൽ മുഖംചേർത്തുതേങ്ങവേ
മേലിലീദേശത്ത് കാണരുതെന്നോതി
മേനിയിൽ കൈതരിപ്പാറ്റി, പിരിഞ്ഞതും

നിങ്ങൾമറന്നുവോ, നിങ്ങൾ മറന്നുവോ
സ്വാർത്ഥദാഹത്തിൻെറ മർത്ത്യരൂപങ്ങളേ,
നിങ്ങൾ മറന്നുവോ,നിങ്ങൾ മറന്നുവോ
സ്വാർത്ഥമോഹത്തിൻെറ ദുഷ്ടഭാവങ്ങളേ - - - 

കാലം കടഞ്ഞിട്ട, നീതിബോധത്തിനെ
കാല്ക്കൽ ഞെരിച്ചിട്ട കാട്ടാളരേ
കരുതിജീവിയ്ക്കുക കപടമൂല്യങ്ങളെ
കടലെടുക്കുന്നൊരു കാലംവരും

പൊയ്ക്കാ
പുറത്തേറി നിൽക്കും സദാചാര -
ക്കൈക്കരുത്തേ നിൻകഥകഴിക്കും!
ഒരു മഹാപ്രളയത്തിൽ, നിങ്ങൾ നിർമ്മിച്ചൊരീ
നീതിയുടെ നീതികേടലിഞ്ഞു പോകും!

നിനക്കും എനിക്കും എന്നു നാം തുല്യമായ്
നിനയ്ക്കുന്ന നീതിയുടെ കാലമെത്തും!"
മൂല്യങ്ങൾ ഏതുമായ്ക്കൊള്ളട്ടെ, മാനവ -
മൂല്യത്തിലൂന്നുന്നതായിടേണം

ശീലങ്ങൾ ഏതുമായ്ക്കൊള്ളട്ടെ ധാർമ്മിക -
മൂല്യത്തിലൂന്നുന്നതായിടേണം
കാലങ്ങൾ ഏതുമാകട്ടെ സമത്വമാം
ജ്വാല ജ്വലിയ്ക്കുന്നതായിടേണം