സ്വയം കുരുതി :: അന്‍സാരി

Views:

പാതയിൽ പാതിവെച്ചുരിയുന്ന ദേഹവും
പാതിയിൽ പൊലിയുന്ന പ്രാണൻെറ തേങ്ങലും
എത്ര കണ്ടാലും പഠിയ്ക്കാത്ത കൗമാര -
മെത്തിപ്പിടിക്കയാണെന്നും ദുരന്തങ്ങൾ!

പെറ്റിട്ടവയറിൻെറ നിത്യമാം നീറ്റലും
ചുറ്റിലും ചുട്ടുപൊള്ളുന്ന ബന്ധുക്കളും
തന്നെയാണെന്ന കരയിച്ചതെപ്പോഴും
ചെന്നങ്ങുകേറിത്തുലഞ്ഞവരെക്കാൾ!

ശരവേഗതൃഷ്ണയെ ത്രില്ലെന്നു പേരിട്ടു
പരജീവ തൃഷ്ണയെ പുല്ലെന്നുമുരുവിട്ട്.
ശകടം നയിക്കുന്ന കൗമാരമേ നിൻെറ
പകിട
ക്കരുക്കൾക്ക് പകയുണ്ട് നിന്നോട് !

ഇനിയെത്രയോനാൾ സ്വയംജ്വലിച്ചപരർക്ക്
ഇരുളകറ്റീടേണ്ട നെയ് വിളക്കാണ് നീ!
ഒരുമാത്രയിൽ വൻദുരന്തഗർത്തതിൻെറ
കരയിൽ നീ നിന്നെ നിവേദിച്ചൊടുങ്ങൊല്ല!

ആത്മബോധത്തിന്നതിർവരമ്പും താണ്ടി
ആത്മാവിലേയ്ക്കഹംഭാവം വിരൽചൂണ്ടി
ആടിത്തിമർക്കുമീയാഘോഷനാട്യങ്ങൾ
ആരെത്തോൽപ്പിയ്ക്കാൻ, സ്വയം തന്നെയല്ലാതെ?