അനാഥത്വത്തിൻെറ ബാലകാണ്ഡം :: അന്‍സാരി

Views:

എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ ?
എവിടെവിടെന്നെ ധരയിലയച്ചി-
ട്ടെവിടേയ്ക്കോപോയ് മാഞ്ഞവരെവിടെ?

എവിടെവിടെന്നെ തെരുവിലുപേക്ഷി_
ച്ചകലേയ്ക്കൊഴുകിമറഞ്ഞവരെവിടെ?
ചേരി നിവർത്തിയ കൈകളിലേയ്ക്കെൻ
ചേതനയെ പ്രസവിച്ചിട്ട്
ചേറ്തുടച്ചകലേയ്ക്ക് നടന്നൊരു
വേദനയുണ്ടവളിന്നെവിടെ?

ഇറ്റുപടർന്നൊരു കണ്ണീർനനവിൽ
വിത്ത് വിതച്ച് കടന്നവനെവിടെ?
ഉത്തരവാദിയതാരെന്നുള്ളതി-
നുത്തരമായ് തീരേണ്ടവനെവിടെ?

എൻെറ കിനാവിൻ കുടിലിന് വെളിയിൽ
കൂരിരുൾ മുട്ടിവിളിക്കുമ്പോൾ,
കുഞ്ഞിക്കരളിന്നറവാതിൽക്കൽ
ക്രൂരതയാഞ്ഞ് തൊഴിക്കുമ്പോൾ,

ഒന്നൊഴിയാതെ കളിപ്പാട്ടങ്ങൾ
എന്നിൽനിന്നുമടർത്തുമ്പോൾ,
വിങ്ങിയൊരെൻെറ കിനാവിന് നേരേ
പൊങ്ങിയചാട്ട മുഴങ്ങുമ്പോൾ

എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ?
തിന്മ കുലച്ചുതൊടുത്ത ശരങ്ങൾ
വന്നുപതിച്ചെൻ ബാല്യത്തിൽ

നന്മകൾവന്ന് തപസ്സിലിരുന്നു
പുണ്യമിയന്നൊരു പ്രായത്തിൽ
എൻെറ വരുംകാലത്തിൻ നടയിൽ
ശൂന്യതയാർത്ത്ചിരിക്കുമ്പോൾ,

തെന്നലെടുത്ത വെറും പൂമൊട്ടായ്
മണ്ണിൽഞാനിന്നലയുമ്പോൾ,
എൻെറ സമപ്രായക്കാർക്കരുകിൽ
ചെന്നൊരരൂപിയായ് നിൽക്കുമ്പോൾ

തൊണ്ടക്കുഴിയിലെരിഞ്ഞവിലാപ -
ത്തുണ്ടുകൾ നെഞ്ചിലുരുണ്ടുറയുമ്പോൾ
എവിടെവിടെവിടെന്നുടയവരെവിടെ?
എവിടെവിടെവിടെന്നുറ്റവരെവിടെ?

എൻെറവിരൽത്തുമ്പൊന്നുപിടിക്കൂ
കണ്ണിമയാലെന്നുള്ള് തലോടു
ഒരു സ്പർശംകൊണ്ടെന്നിൽ നിറയൂ
ഒരു ശബ്ദം കൊണ്ടെന്നെത്തഴുകൂ

കരുതൽ തൊട്ടറിയാത്തൊരു കരളിൽ
കനിവിൻ തൂവൽത്തുമ്പൊന്നുഴിയൂ
എന്തായാലുമെടുത്തൊരു ജന്മം
ഉന്തുകതന്നെയതന്തിവരേയ്‌ക്കും