മാതൃദിനം ::: അൻസാരി

Views:

വൃദ്ധസദനത്തിൻെറ മുറ്റത്തു പകലിൻെറ
കത്തുന്ന മേനിയിൽ ഭസ്മം പുരട്ടിക്കൊ-
ണ്ടെത്തുകയായൊരു ലക്ഷ്വറികാർ, വൃദ്ധ-
രെത്തിനോക്കി, സ്വപുത്രരെങ്ങാനുമോ?
   
അമ്മയെകാണുവാനെത്തിയ പുത്രനാ-
ണച്ചുതൻ, അന്നുകൊണ്ടെത്തിച്ചു പോയതാ-
ണിന്നേ വരെ പിന്നെകണ്ടതേയില്ലല്ലോ?
ഇന്നെന്തു പറ്റി,യീവൃദ്ധസദനത്തിൻറെ
മുന്നിലേയ്ക്കെത്തുവാൻ? ചുറ്റിലും കൗതുകം!
അമ്മ അകത്തു നിന്നെത്തിനോക്കി, തൻെറ -
കണ്ണിലെ തിമിരം വകഞ്ഞുമാറ്റി,

''എത്തിയോ പൊന്നുമോൻ? എത്രനാളായ് നിൻെറ
ചിത്രവും നോക്കിയിരിക്കയാണുണ്ണീ ഞാൻ!
തിങ്ങിനിറഞ്ഞു കവിളിലൂടലിവിൻെറ
വിങ്ങിയ കണ്ണുനീർ തെന്നിവീണീടവേ,

പൊന്നുമോനോതി "യെൻറമ്മേ തിരക്കാണ്.
നിന്നു തിരിയുവാൻ പോലുമില്ല നേരം"
എന്നിരുന്നാലും കാണാൻ കൊതിച്ചു ഞാൻ
വന്നതാണെന്നമ്മ തൻെറയീ സവിധത്തിൽ!

ഒട്ടസൂയയാൽ ചുറ്റിലും കൂടിയ
വ്യദ്ധജനങ്ങൾ  പരസ്പരം നോക്കവേ,
കണ്ണു തുടച്ചഭിമാനബോധത്താൽ
 നിന്നമ്മ "നിങ്ങളെന്നുണ്ണിയെകണ്ടുവോ?"
അച്ചുതൻ തിരക്കിലാ"ണമ്മേയിരിക്കെൻെറ - 
യന്തികത്തിത്തിരിനേരം, മടങ്ങണം!"

അമ്മയെ ചാരത്ത് ചേർത്തങ്ങിരുത്തിയി-
ട്ടർത്ഥo മറയ്ക്കുന്ന ചിരിചിരിച്ചച്ചുതൻ !
കയ്യിലെ കാമറ മിന്നിച്ചു സെൽഫിയൊ -
ന്നൊപ്പിച്ചെടുത്തു, പൊടുന്നനെതന്നവൻ!
ചാടിയെണീക്കയായ് " പോകണം നേരമി-
ല്ലെത്രയുംവേഗമീചിത്രമയയ്ക്കണം:
'മാതൃദിന'മിന്ന് മുഖപുസ്തകത്തിൻെറ
താളലങ്കരിക്കാനെനിക്കിതയയ്ക്കണം"

പ്രാണൻെറ നൂലും വലിച്ചുപൊട്ടിച്ചുകൊ-
ണ്ടാണവൻ കാറിൻെറ വാതിൽതുറന്നത്!

അറ്റ്പൊയ്പോയ പവിത്രമാം ബന്ധത്തിൻ
അറ്റംപിടിച്ചു കൊണ്ടമ്മ നിൽക്കുന്നിതാ!
ഇറ്റിറ്റു വീഴുന്ന കണ്ണുനീർതുള്ളികൾ -
ക്കെത്ര തലോടലാകൈകളാലേൽക്കുന്നു!

                     - അൻസാരി -