ഹിന്ദുവാകുന്നു ഞാൻ
-അൻസാരി-

Views:ഹിന്ദുവാകുന്നു ഞാൻ! ഇന്ത്യതൻ ആത്മീയ -
ഗന്ധം ചുjരക്കുമൊരു ബിന്ദുവാകുന്നു ഞാൻ!
സിന്ധു പെറ്റൂട്ടിയോരുണ്ണിതൻ നാസികാ; ! 
വിശ്വബന്ധുവാകുന്നു ഞാൻ!

എനിക്കില്ല നെഞ്ചിൽ ചരിത്രബോധത്തിൻ
വടുക്കൾ പഴുക്കും ചലം വീണ ചിന്തകൾ,
എനിക്കില്ലയുളളിൽ വംശവൈരത്തിൻ
അണുക്കൾ നുരയ്ക്കും ജ്വരം പൂണ്ട ധമനികൾ!

തൊടുക്കില്ല വാക്കിൻ വിഷം തൊട്ടൊരമ്പുകൾ!
മുടക്കില്ല,യപരൻ പുലർത്തുന്ന നോമ്പുകൾ!
ഇതിനുള്ള കാരണം ഇത് മാത്രമാകുന്നു
ഹിന്ദുവാകുന്നു ഞാൻ! ഹിന്ദുവാകുന്നു ഞാൻ!

ദുർഗയ്ക്ക് കാണിക്ക നൽകിയെത്തുമ്പോഴും
ദർഗയ്ക്കുകൂടെയൊരു പങ്ക്  നൽകുന്നവൻ!
ശബരിമലവാസൻെറ മന്ത്രമോതുമ്പോഴും
വാവർക്ക്കൂടെ ശരണം വിളിപ്പവൻ!
വേളകൾ, തീർത്ഥാടനത്തിൻേറതാകവേ
വേളാങ്കണ്ണി മറക്കാതിരിപ്പവൻ,
ഇതിനുള്ള കാരണം
ഇത് മാത്രമാകുന്നു
ഹിന്ദുവാകുന്നു ഞാൻ! ഹിന്ദുവാകുന്നു ഞാൻ

യോഗികൾ, ലോക ശാസ്ത്രത്തിൻ പിതാമഹർ
യോഗയ്ക്ക് ലോകസിംഹാസനം തീർത്തവർ
ആയുർവേദത്തിൻ അപാരമാം സാഗരം
ആയിരത്താണ്ടാണ്ട് നീന്തിക്കടന്നവർ
വേദഗണിതത്തിൻെറ വേറിട്ട വേദിയിൽ
വേഗഗണിതത്തിൻെറ വിപ്ലവം തീർത്തവർ
ആസ്തികാസ്ഥിത്വത്തിനൊപ്പം പിറന്നൊരു
നാസ്തികോർജത്തേയുമാദരിക്കുന്നവർ!

വിശ്വമാനവദർശനങ്ങൾ വിരു-
ന്നെത്തവേ, കൈകൾ പിടിച്ചാനയിച്ചവർ
ഹിന്ദു ധർമ്മത്തിൽ പ്രതിഛായ കാത്തവർ
ചിന്തകൾക്കുള്ളിൽ ചിതൽപ്പുറ്റുടച്ചവർ !

മതമല്ല മതമല്ല മനുജൻെറ മനമാണ്
മഹിമയ്ക്ക് മകുടമെന്നോതിയ മാമുനി,
മനസ്സിൻ മഹാനദിയ്ക്കടിയിൽ പുതഞ്ഞൊരു
മതാതീതശിലയെ തെളിച്ചെടുത്തു,
മനസ്സുകൾക്കുള്ളിൽ പ്രതിഷ്ഠചെയ്തു,

മമ മാതൃഭൂവിൻ മനം നിറഞ്ഞു!
ഹിന്ദു ധർമ്മത്തിൻെറ സർഗ സങ്കീർത്തനം
ഇന്നുമാശിവഗിരിക്കുന്നിൽ മുഴങ്ങുന്നു
പല ജാതി അമറുന്നൊരുന്മാദ ഭവനമായ്
മലനാട് മാറിയെന്നോതിയ താപസൻ 

ഹിന്ദുധർമ്മത്തിൻെറ അന്ത:സ്സാരം കട_.
ഞ്ഞന്ന് ചിക്കാഗോയിൽ അമൃതം പകർന്നനാൾ
സ്വന്തമെൻ സോദരർ എന്നാതിഥേയരെ
ചന്തത്തിലോതിവിളിച്ചൊരു സാത്വികൻ,
ഉരുക്കിൻെറധമനികൾ ഉൺമചേർത്തുരുവാക്കി
ഉയിരുകൾക്കുള്ളിൽ പകർന്നു,പിന്നെ
ഉടലും വെടിഞ്ഞുയരങ്ങൾ പൂകി
ഉലകം മനസ്സാൽ നമിച്ചു നിന്നു.

ഗാന്ധിയെന്നു വിളിപ്പേരുള്ള നായകൻ,
ശാന്തിഗീതത്തിൻ പ്രചുരപ്രചാരകൻ
സ്വന്തവാഴ്വിൻ പ്രതിബിംബമല്ലാതെ
എന്ത് സന്ദേശം തരാനെന്ന് ചൊന്നവൻ
ഹിന്ദു ധർമ്മത്തിൻ പരിഛേദമായവൻ
നെഞ്ചകത്തെന്നുമൊരു ഗീത സൂക്ഷിച്ചവൻ!
കപട ഹിന്ദുത്വവും അതിൻെറ കൈത്തോക്കുമാ
യുഗചരിത്രത്തിൻെറ നേരേ തിരിഞ്ഞ നാൾ
മരണം കരുണയില്ലാതെയാ നെഞ്ചക -
ത്തരുണ വൈരൂപ്യം വരച്ചു ചേർത്തപ്പോഴും
ഹരേ!രാമ എന്നൊന്നു കരുണയോടരി തന്റെ
കരളകം നോക്കിപ്പറഞ്ഞു പോയി
കരളുകൾ തേങ്ങിക്കരഞ്ഞു പോയി.
ഗാന്ധി, അഹിംസയാം ശസ്ത്രകർമ്മത്തിലൂ-
ടാന്ധ്യം മനസ്സുകൾക്കന്യമാക്കി,
ഉരുകിത്തെളിഞ്ഞൊരു മെഴുകുതിരി വെട്ടമായ്
ഉടൽ നേർത്ത്, ഒരുൾക്കരുത്തിൻ പ്രതീകമായ്
ഊന്നിപ്പിടിച്ചൊരു ദണ്ഡുമായ് ഇന്ത്യതൻ
ഉൾക്കാമ്പിലൂടെ ചരിക്കുന്നിതിപ്പൊഴും
ഉൾക്കണ്ണിനൂർജം നിറയ്ക്കുന്നിതിപ്പൊഴും

എങ്കിലും ഇന്നെൻ അകക്കണ്ണിലെവിടെയോ
അങ്കലാപ്പടയിരുന്നമറുന്നിതാ
എൻെറ സംസ്കാരത്തിന്നന്തരാത്മാവിൽ ദുർ-
മന്ത്രവാദം നടത്തുന്നിതാ ചിലർ
വന്ദ്യവേദാന്ത ചിന്താതടങ്ങളെ
വന്ധീകരിക്കാൻ തുടിക്കുന്നിതാ ചിലർ
സുന്ദരാദ്വൈത മന്ത്രവാക്യങ്ങളിൽ
ദ്വന്ദ്വഭാവം വരുത്തുന്നിതാ ചിലർ
അംശഭാക്കേറെയുള്ള വേദങ്ങളിൽ
വംശ വിദ്വേഷം കലർത്തുന്നിതാ ചിലർ
സ്വത്വബിംബങ്ങളാം കളഭകാഷായങ്ങൾ
സത്ത എന്തെന്നറിയാതണിഞ്ഞവർ

ഇന്ത്യയെ പുൽകും സനാതനാദർശത്തിൻ
അന്തരാർത്ഥം ദഹിക്കാതെയുള്ളവർ
ഇന്ത്യയെ പുണരും മതേതരത്വത്തിൻെറ
അന്തരീക്ഷം സഹിക്കാതെയുളളവർ
നെഞ്ചിൽ പിറക്കാത്ത മന്ത്രവാക്യങ്ങളെ
നഞ്ചിൽ കുതിർത്തിട്ട് ചുണ്ടത്ത് വെച്ചവർ
രക്തം മടുക്കാത്തൊരധികാര വർഗത്തെ
തൃപ്തിപ്പെടുത്തുവാൻ എന്നെ ബലിനൽകിയോർ

എൻെറ ജന്മത്തിൽവിടർന്ന ധർമ്മത്തിൻെറ
ചെന്താമരപ്പൂവിറുത്തെടുക്കുന്നവർ
ഹിംസയുടെ വാദത്തെ ഹീനത്വവാദത്തെ
ഹിന്ദുത്വമെന്നുണ്മയറിയാതെ ചൊല്ലുവോർ
ഇനിയറിഞ്ഞീടുക, ഒരു മഹാ സഹിഷ്ണുത -
ക്കിശ്വരൻ നൽകിയ പേരാണത്
അധമസംസ്കാരത്തെ ആ നാമമണിയിച്ച്
അവനിയിൽ ദൈവത്തെ അവമതിച്ചീടൊല്ല!
ഇല്ലില്ലെനിക്കിന്ന് കാക്കേണ,മിത്ര നാൾ
ചില്ലുകൂട്ടിൽ വെച്ച് പൂജിച്ചൊരിന്ത്യയെ
കാലത്തിൻ ബാല്യത്തിലുമ്മ വെച്ചൊഴുകുന്ന
ധാരകൾ ചേർന്നാണതിൻെറ ജന്മം
ഇന്ദ്രിയാസക്തിയാം ഇന്ധനം നേടിയോർ
പന്താടുവാനുള്ളതല്ല ധർമ്മം!

കാലം മരിക്കാത്ത കാലമോളം ജീവ-
നാമ്പായ് മിടിക്കേണമെൻെറ ധർമ്മം!
ലോകത്തിൻ ഉച്ചിയിൽ നിന്നിതാ ചൊല്‌വൂ  ഞാൻ
ലോകാ സമസ്താ സുഖിനോ ഭവന്തു :No comments: