സമര്‍പ്പണം


 

എന്നുമെന്‍ കരള്‍ത്തുടിപ്പി-
    ലോളമായുദിച്ചു നീ
എന്നുമെന്റെ ജീവതാള-
    രാഗമായ് നിറഞ്ഞു നീ
എന്നെ,യീ പ്രപഞ്ചമായ-
    മൂടിടാതെ കണ്‍കളില്‍
എന്നുമേയുണര്‍ത്തി നിന്റെ
    ദീപ്ത സൗമ്യ സൗഭഗം.

യുഗങ്ങളെത്രയോ തുടര്‍ന്നു-
    വന്നൊരീ തപസ്യയും
യുഗാന്തമോളമെത്തി നിന്നി-
    ലൊന്നു ചേര്‍ന്നിടും വരെ
യുഗ്മഗാനമാലപിച്ച
    തെന്നലിന്‍ തലോടലില്‍
യോഗമായ് പുലര്‍ത്തുകെന്നെ-
    യിന്നുമെന്നുമൊന്നുപോല്‍.

കൂര്‍ത്തവാക്കു നോട്ടമൊക്കെ-
    യേല്ക്കിലെന്തവിശ്രമം
കാത്തു നില്ക്കുവാന്‍ കരുത്തു-
    നല്കിയോരുദാരതേ
കീര്‍ത്തങ്ങളില്ലിലയ്ക്കു
    പാടുവാന്‍, പദങ്ങളില്‍
കോര്‍ത്തൊരുക്കിടട്ടെയെന്നെ
    നിത്യസത്യമേ സദാ.

No comments: