ആരോമലുണ്ണി


നീയാടിയോടിയീ മണ്ണില്‍ കളിക്കുക
നീയെന്റെയാരോമലുണ്ണിയല്ലെ,
നീര്‍മുകില്‍ പെയ്യും സുധാമോദമല്ലെ,
നീരൊഴുക്കല്ലെ, കുളിര്‍മയല്ലെ.

നീറും മനസ്സുകള്‍ക്കാശ്വാസ തീര്‍ത്ഥമായ്
നീളുന്ന ഗംഗാതരംഗമല്ലെ,
നീ രാധ തേടും നിരാനന്ദമല്ലെ,
നീലാഭയല്ലെ, കുറുമ്പനല്ലെ.

നീയുള്ളുണര്‍ത്തും കിനാക്കണിപ്പൂവുകള്‍
നീട്ടുന്ന രാഗത്തിമിര്‍പ്പുമല്ലെ,
നീ നാദവേദം തുളുമ്പും ഘനശ്യാമ-
നീരദമല്ലെ, നിലാവുമല്ലെ.

നീ കുഴല്‍പ്പാട്ടിനാല്‍ വള്ളിക്കുടില്‍ പ്രാണ-
നീഢമായ് മാറ്റുന്ന താളമല്ലെ,
നീ കേളിയാടുമീ മണ്‍പുറ്റിതാകെയും
നീയല്ലെ, നിന്നുടെ ലീലയല്ലെ.

No comments: