Sreejith Sreekumar :: വിലക്കപ്പെട്ട സ്വാതന്ത്ര്യം

Views:


അവന്റെ ജീവിതത്തിലെ
ഏറ്റവും വെറുക്കപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നു അത്.

അന്ന് ആണ്
അവൾ ആദ്യമായി അവന്റെ അരികിൽ വരുന്നത്.
കനലെരിയുന്ന നെഞ്ചിലേക്ക്
കുളിർകോരിനിറയ്ക്കുന്നതുപോലെയാണ്
അവളുടെ സാനിധ്യം അവനനുഭവപ്പെട്ടത്.

അവളുടെ കരുതലും ലാളനയും
സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു കടന്നുപോയി.
പതിയെ അവൻ ദുഖങ്ങളെല്ലാം മറന്നു തുടങ്ങി ..

സൗഹൃദത്തിന്റെ തുലാസിൽ അളന്നാൽ
മറ്റാർക്കും
പൂർണമായും മനസ്സിലാക്കിയെടുക്കാനാവാത്ത സൗഹൃദം.

സമൂഹത്തിന്റെ സദാചാരക്കണ്ണിൽ
അവരും ക്രൂശിക്കപ്പെട്ടു.
ഉറ്റ സുഹൃത്തുക്കൾ പോലും
അവരുടെ സൗഹൃദത്തെ പ്രണയമായി കണ്ടു.
സദാചാരത്തിന്റെ ചൊറിച്ചിൽ
ഒരനുഗ്രഹമാവുകയായിരുന്നു.

ജീവിതം കൈവിട്ടുപോകുമ്പോൾ
ചേർത്തുപിടിക്കുമെന്നുറപ്പുള്ള കരങ്ങളെ
സൗഹൃദത്തിനപ്പുറത്തേക്കു
അവർ കൂട്ടികൊണ്ടു പോയി.

പ്രണയത്തിന്റെ ഒറ്റത്തുരുത്തിൽ
വസന്തകാലത്തു വിരിഞ്ഞ
മന്ദാപ്പൂവുകളായി,
സ്വപ്നച്ചിറകുള്ള ചിത്രശലഭങ്ങളായി
അവർ പാറിനടന്നു.

കഴുകൻ കണ്ണുകൾ അവരെ പിന്തുടർന്നു..
കപടസദാചാരക്കാർ കല്ലുമഴ ചൊരിഞ്ഞു..
കൂട്ടുകാരും സമൂഹവും
അവരെ
പുച്ഛവെയിലിലുണക്കി.

പിറന്നു വീണതും
വളർന്നതും
ഒരേ മണ്ണിൽ
പക്ഷെ
രണ്ടു മതനിറങ്ങൾ...
അതായിരുന്നു അവരുടെ കുറ്റം.

ആർക്കും മനസ്സിലാകാത്ത
അല്ലെങ്കിൽ മനസ്സിലായില്ലെന്ന് നടിക്കുന്ന
ഒരു സത്യമുണ്ട്..
"അവരുടെ മതം ഒന്നാണെന്ന സത്യം"
സ്നേഹം എന്ന മതം.

ആരോക്കൊയോ പിന്തുടർന്നുവന്ന
അബദ്ധാചാരപൂർത്തിക്കായി..
സമൂഹത്തിന്റെ സംതൃപ്തിക്കായി..
കുടുംബത്തിന്റെ സൽപേരിനായി...
അവർ സ്വന്തം പ്രണയത്തെ
മറക്കാൻ നിർബന്ധിതരായി..

സമൂഹത്തിന്റെ ദുശ്ശാഠ്യങ്ങളെ മാനിച്ചും
മാതാപിതാക്കളുടെ അനിഷ്ടത്തോടെ
മറ്റൊരു സുഖജീവിതം വേണ്ട
എന്നുള്ള ത്യാഗബുദ്ധിയാലും
സ്നേഹിച്ച പെണ്ണിനെ കൂടെക്കൂട്ടാനാവാതെ
നട്ടെല്ലില്ലാത്തവനായി അവൻ മാറി...

പ്രണയത്തിന്റെ ഒറ്റത്തുരുത്തിലെ
മന്ദാരകുസുമങ്ങൾ കൊഴിഞ്ഞു വീണു..
ചിത്രശലഭങ്ങളുടെ ചിറകുകളറ്റു...

എല്ലാം മറന്നെന്നു്
കൂട്ടുകാരോട് പറയാൻ ശ്രമിക്കുമ്പോഴും
ഉള്ളിൽ ഒരു മുറിവ് നീറ്റുന്നുണ്ട്..

പ്രതീക്ഷയുടെ
ഒരു മഴവിൽത്തുണ്ടിനെ
ആരും കാണാതെ ഉള്ളിൽ ഒളിപ്പിച്ചു്
മരണത്തിനും ജീവിതത്തിനുമിടയിൽ
ഒരു നൂല്പാലത്തിലൂടെ
സഞ്ചരിക്കുകയാണ് അവർ...
തോറ്റുപോയ പ്രണയവുമായി ...

ജയിച്ചത് ആരാണ്..?

കാലപ്പഴക്കത്താൽ ദുഷിച്ച ആചാരങ്ങൾ...
മനുഷ്യന്റെ സ്നേഹത്തെപ്പോലും
അരുതിന്റെ അതിരുകൾ തോണ്ടി,
അകറ്റിനിർത്തുന്ന മതവും ജാതിയും...

അവരെപ്പോലെ
തകർക്കപ്പെട്ട
ആയിരക്കണക്കിന് പ്രണയങ്ങളുണ്ടാകാം...
നാടുവളർന്നു..
സമ്പൂർണ്ണസാക്ഷരത എന്നൊക്കെ പറഞ്ഞിട്ടും
സ്വാതന്ത്ര്യം കിട്ടി 69 വർഷങ്ങൾ പൂർത്തിയായിട്ടും
ആരും തിരിച്ചറിയുന്നില്ലല്ലോ,
എന്റെ ചോരയും നിന്റെ ചോരയും ഒന്നാണെന്ന്...
നിന്റെ മുത്തച്ഛനും എന്റെ മുത്തച്ഛനും
ഒരുമിച്ചു തോളിൽ കയ്യിട്ടു നടന്നവരാണെന്നു്....

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ
വെറുതെയെങ്കിലും ഓർത്തുപോവുകയാണ്..

പ്രായപൂർത്തിയായ
യുവാവിനും യുവതിക്കും മുന്നിൽ,
ജാതിയുടെയും മതത്തിന്റെയും പേരിൽ
സമൂഹം എന്തിനൊരു തടസ്സം ആകുന്നു. 

മാറേണ്ടത് നമ്മൾ എല്ലാവരും അല്ലെ!..
നമ്മുടെ ചിന്തകൾ അല്ലെ!..
ജാതിക്കും മതത്തിനും ഉപരിയായി പലതുമില്ലെ!..
ഓർക്കുക വല്ലപ്പോഴും...

ശ്രീജിത്ത് ശ്രീകുമാർNo comments: