വഴിവെട്ടം


നിഴല്‍ നിറയുമിരുളിലും
    നിഴലിച്ചു കാണ്മതും
    നിന്നുടെ നിഴലല്ലെ കണ്ണാ.
അഴല്‍ മൂടുമുള്ളിലും
    ഒളിപെയ്തു നിറവതും
    നിന്നുടെ കഴലല്ലെ കണ്ണാ.

ഇനിയെന്തു ദുഃഖങ്ങ-
    ളിനിയെന്തു സ്വപ്നങ്ങ-
    ളിനിയെന്തു ബന്ധങ്ങള്‍ കണ്ണാ.
ഇനിയെത്ര നേരമീ-
    യാത്ര, നിന്നരികിലേ-
    യ്ക്കിനിയെത്ര ദൂരമെന്‍ കണ്ണാ.

ഇനിയും മറക്കാതെ
    മൂളും മുകില്‍പ്പാട്ടി-
    ലുണരുന്നു നിന്‍ രാഗമിന്നും.
ഇനിയും തുളുമ്പാതെ-
    യീ മണ്‍കുടത്തിലും
    നിറയുന്നു നിന്‍ ഗീതമിന്നും.

ഇനിയേതിരുട്ടിലും
    മിഴി തുറന്നാലുടന്‍
    നീ മുന്നിലുണ്ടല്ലൊ കണ്ണാ.
ഇനിയേതു വെട്ടവും
    വഴിതെളിക്കുന്നതും
    നിന്മുന്നിലേയ്ക്കല്ലെ കണ്ണാ.

No comments: