കടപ്പുറത്ത് ഒരു സന്ധ്യ :: രജി ചന്രശേഖര്‍


താരകളെങ്ങും തിരയുന്നൂ
നിന്‍ രൂപം,
ദൂരെപ്പാതയിലൂടിങ്ങണയുന്നോ
മയിലാടുന്നോ
മൃദുപദപതനത്തില്‍
ക്ഷമ പൂക്കുന്നോ...

കഴലിണ തഴുകാന്‍
വെള്ളിക്കൊലുസുക-
ളന്‍പൊടു ചാര്‍ത്തിക്കാന്‍ കൊതി,
ഉള്ളില്‍ ചൂണ്ട കൊളുത്തി-
വലിക്കും വേദന.

പിടയും മീനിനു മോചനമെന്നോ !

സ്വര്‍ണ്ണക്കിന്നരി ചാര്‍ത്തി-
ക്കരിമുകിലങ്ങനെ
മന്ദം മന്ദമടുക്കെ,
കതിരവനിന്നൊരു സ്വപ്നം,
കാഴ്ചത്തിരകള്‍
തേങ്ങിത്തേങ്ങി മടങ്ങി.

പൊന്‍പ്രഭയാകെ മറഞ്ഞി-
ന്നുഡുനിര മാത്രം മാന-
ത്തവരുടെ കണ്ണില്‍
ശോകത്തിരികളു-
മെരിയുന്നുണ്ടവിരാമം..