നിന്നിലിന്നു ഞാന്‍...


നിന്നിലിന്നു ഞാന്‍ പൊന്‍കിനാക്കളായ്
        വന്നണഞ്ഞുവെന്നാല്‍
നിന്നിലിക്കിളിപ്പൂക്കള്‍ കോര്‍ത്തൊരു-
        പൊന്നുമാലയിട്ടാല്‍...

നിന്റെയുള്ളിലീ കൊച്ചുവാക്കുകള്‍
        കൂട്ടിവയ്ക്കുമെന്നോ
ഒട്ടുനേരമെന്‍ നെഞ്ചിലേക്കു നീ
        ചാഞ്ഞിരിക്കുമെന്നോ
തൊട്ടറിഞ്ഞു നാമുള്‍ത്തുടിപ്പുപോ-
         ലൊന്നുചേരുമെന്നോ...!

ചുട്ടുപൊള്ളിടും സൂര്യനായി ഞാന്‍
        നിന്നു കത്തിടുമ്പോള്‍
എന്റെയുള്ളിലെ തീകെടുത്തുവാ-
        നോടിയെത്തുമെന്നോ
ചുണ്ടിലൂറിടും തേന്‍കണങ്ങളാ-
        ലാകെ മൂടുമന്നോ...!

No comments: