പോകയോ ദേവി.. :: രജി ചന്രശേഖര്‍


പോകയോ ദേവി, നീയെന്നിലനന്തമാം
പാപബോധത്തിന്നിരുള്‍ നിറയ്ക്കാന്‍

    പൂക്കളം മായുന്നു, പൂക്കളും  വാടുന്നു,
    വന്‍കടല്‍ തേങ്ങിക്കരഞ്ഞിടുന്നു.
    കാടുകള്‍ വെട്ടിത്തെളിക്കുന്നു, കുറ്റികള്‍
    തീക്കണ്ണുരുട്ടുന്ന ശ്യാമതാപം
.   
    കാരാഗൃഹം കരിങ്കല്ലിനാല്‍ ചുററിലു-
    മേകാന്തശിക്ഷയൊരുക്കിടുന്നൂ
    മേലെയാകാശവും മൂടിക്കറുക്കുന്നു
    മേല്‍ക്കൂരയാം വിഷധൂളി സാന്ദ്രം   

പോകയോ ദേവി, നീയെന്നെയിങ്ങീവിധം
മൂകനാം സാക്ഷിയായ് മാറ്റി നിര്‍ത്തി

    താഴുകളേഴിന്‍ വിലക്കുകള്‍ തീര്‍ത്തൊരു
    മാളിക തട്ടിത്തകര്‍ത്തുകൊണ്ടേ,
    സംവത്സരങ്ങളുറങ്ങിക്കിടന്നൊരു
    സത്തകള്‍ മൂരി നിവര്‍ത്തിടുന്നൂ.

    വസ്ത്രം മ
യ്ക്കാ മനസ്സിലും സത്യങ്ങ-
    ളസ്ത്രമായാഞ്ഞു പതിച്ചിടുന്നൂ,
    നമ്മുടെ യാത്രാ പഥങ്ങളിന്നായിരം
    മുള്ളുകളോര്‍മയിലാഴ്ത്തിടുന്നൂ

പോകയോ ദേവി, നീയെന്നിൽ വിഷംതേച്ച
പോയകാലത്തിന്റെ ഭാരമേറ്റി.