നീ യാത്രയാകുന്നുവെന്നോ...! :: രജി ചന്രശേഖര്‍


നീ യാത്രയാകുന്നുവെന്നോ...!
പോയകാലത്തിന്‍ വിഴുപ്പുഭാണ്ഡം
തോളിനായാസമാക്കാതെ,
ഉറങ്ങും പഴംപാട്ടിനായൊട്ടു-
കാതോര്‍ത്തു നില്ക്കാതെ,
നേര്‍ത്ത നിലാവിന്നിലച്ചിന്തിലെ
പൊട്ടു തൊട്ട്,
മുഴങ്ങുന്ന മൗനമന്ത്രങ്ങള്‍
തൊട്ടുണര്‍ത്തും
വികാരം മറയ്ക്കാനിരുള്‍പ്പട്ടുമൂടി,

പ്രഭാതം
ജ്വലിക്കും കനല്ക്കട്ട നീട്ടി
നിന്‍ മുഖംമൂടി ചിന്തവെ
ഞെട്ടാതെ,
പുല്‍നാമ്പുകള്‍ പോല്‍ വിറയ്ക്കാതെ,
കണ്ണീരൊഴുക്കാതെ, നില്ക്കാതെ
ഉള്‍ക്കെട്ടു പൊട്ടാതെ,

അനന്തമാം കര്‍മയുദ്ധങ്ങളില്‍
ആത്മഭാവങ്ങളെ
ദാനം കൊടുക്കുവാന്‍.....

നീ യാത്രയാകുന്നുവെന്നോ...!