സൗമ്യ :: പ്രേമ ബി നായർ

Views:

(ട്രെയിൻ യാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ട സൗമ്യയ്ക്ക് ശ്രദ്ധാഞ്ജലിയോടെ)


മാനത്തിനെന്തേ വിലയഭി-
മാനത്തിനെന്തേ വില-
യൊരു പെൺകൊടിയുടെ നാണത്തിനെന്തേ വില !
വിലയൊട്ടും കല്പിച്ചീലാ, തെരുവിലലയും നരാധമൻ,
സഹയാത്രികർ പോലും തുണയായീലാ കഷ്ടം !

മാപ്പു ചോദിക്കാൻ പോലുമാകുന്നീലല്ല കുഞ്ഞേ,
ആർച്ചമാരല്ലാ, ഉണ്ണിയാർച്ചമാരല്ലാ ഞങ്ങൾ 
സൗമ്യരാണധികവും.

തുച്ഛമാം കൂലിക്കെത്ര ജോലി ചെയ്തവൾ, 
കൊച്ചുവീടതുമതിലുള്ളോരമ്മയെ 
പോറ്റാനുമായെത്ര ദൂരങ്ങൾ താണ്ടീ,
താങ്ങാം സോദരനേയും പോറ്റീ.

സ്വപ്നമായവൾ കണ്ട മംഗല്യമതും വിധി
നിർദ്ദയം നിരസിച്ചൂ, മംഗല്യപ്പൊൻമോതിരം.
' മോഹങ്ങൾ മരവിക്കും മോതിരക്കൈവിരലെ'ന്ന-
താരു പാടിയതാണോ, ആയതും പൊരുളല്ലേ !

നിദ്രയില്ലാതെത്രയോ രാത്രികൾ 
സൗമ്യേ നിന്റെ ദീനമാം നിലവിളി
കാതടപ്പിച്ചീടുന്നോരിടിനാദമായ്, 
അതിൻ തീപ്പൊരിക്കനലായെൻ
നെഞ്ചിലെ നെരിപ്പോടിനുള്ളിലെ ദുഃഖാഗ്നിയായ്
സിരകൾ തുടുതുടെ തുടിച്ചും ഹൃദയത്തിൻ
മിടിപ്പൊന്നിടയ്ക്കിടെ നിലയ്ക്കും പോലൊക്കെയു-
മൊടുവിൽ വിറയാർന്നു തളർന്നും,
ഹൊ ! ഹൊ ! എത്ര ഭീതമാ നേരം ഓർക്കെ, 
അവനെയാ നിയമജ്ഞരെന്തു ചെയ്കയോ  വേണ്ടൂ !

പ്രാണനു വേണ്ടി കേണതാകില്ലയവൾ,
തന്റെ മാനമോർത്താവും, പാവമാർത്തലച്ചതു 
കേൾക്കാതാവതും വേഗം പാഞ്ഞു പോയവരവരൊക്കെ
മാനുഷരാണോ, മനസ്സാക്ഷി ഹീനരാം ക്രൂരർ,

ചങ്ങല വലിച്ചെങ്കിൽ 
വണ്ടിയാഞ്ഞുലഞ്ഞൊന്നു നിന്നെങ്കിൽ 
കള്ളനാ നരാധമൻ, സൗമ്യമാ കുസുമത്തെ-
യിട്ടെറിഞ്ഞേനെയവൾ മാനമായ് മരിച്ചേനെ
വൾ മാനമായ് മരിച്ചേനെ....

തൃശ്ശൂർ ആകാളവാണി നിലയം പ്രക്ഷേപണം ചെയ്തത്, മാത്]ച്ച് 2012
(സൗമ്യ വീട്ടിലേക്ക് യാത്രയായത്, പീറ്റേ ദിവസത്തെ പെണ്ണുകാണൽ ചടങ്ങിനാണ്.)  

പ്രേമ ബി നായരുടെ പൊൻകമി എന്ന പുസ്തകത്തിൽ നിന്ന് .
പ്രസാധകർ :: ഓർക്കിഡ് ബുക്സ് 

 

 



No comments: