സമസ്യകൾ :: എ ആർ ഉണ്ണിത്താൻ

Views:
എ ആർ ഉണ്ണിത്താൻ
ആതിരരാവിന്റെ മാറില്‍ 
കൊലക്കത്തി പായിച്ചധോലോകങ്ങള്‍  
ചോര മണക്കും തെരുവുകള്‍  
പട്ടിണിരോഗമരണവിവശമാം  
തിരുവോണനാളുകള്‍ !

ചക്രവാളങ്ങള്‍ മരവിച്ച മന്നിടം
കണ്ഠം മുറിഞ്ഞ വി‍ഷുപ്പക്ഷി
കരിമുകില്‍ കാണാതെ വേഴാമ്പല്‍
ഉണങ്ങി മരിച്ച രസാലങ്ങള്‍

പൂങ്കുയില്‍ പാടാത്ത പ്രകൃതി
വസന്തവിരുന്നിന്‍  ദിവാസ്വപ്നമോഹികള്‍
വക്രതാസമ്പന്ന നേതാക്കള്‍
ഗീത, ബൈബിള്‍, ഖുറാന്‍
സാരമറിയാതെയന്ധബധിരമൂകര്‍
          
നിശാഗന്ധി പൂക്കുമിടങ്ങളില്‍  കള്ളിമുള്‍ക്കാടുകള്‍
നഷ്ടമായ് നിത്യവസന്തവും
           സുസ്മിത മുഖങ്ങളും
           സുഗന്ധസമീരനും
           നിത്യഹരിതമാമോര്‍മകളും

പ്രേത പിശാചുക്കള്‍ ചുറ്റിക്കറങ്ങുന്ന
കാളകൂടത്തിന്‍ പാനപാത്രവുമായ്
എവിടെ നില്‍ക്കുന്നു നാം,
നരകക്കുഴിയിലോ !
ആരോടു പറയുവാന്‍ ?
ആരുണ്ടു കേള്‍ക്കുവാന്‍ ?No comments:

ജനപ്രിയരചനകൾ (30 ദിവസത്തെ)