ഋതുഭേദങ്ങളിലൂടെ

Views:


അതെ അതു തന്നെയാണിവിടെയും സംഭവിച്ചിരിക്കുന്നത്. അമർഷത്തിന്റെ ഖരാക്ഷരങ്ങൾ തന്നെയാണ് പിറന്നിരിക്കുന്നത്. അമർഷം ഒരു തേങ്ങലായി, ഒരു വിലാപമായി പൊട്ടിവിടരുകയാണിവിടെ.


അമർഷം പലവിധമാണല്ലൊ പ്രത്യക്ഷമാവുന്നത്. ചിലർക്കത് പൊട്ടിത്തെറിയാണ്. ചിലർക്ക് വിതുമ്പലാവാം. ഇവിടെ കവിക്ക് അതൊരു നൊമ്പരമാണ്, ഒരു തേങ്ങലാണ്. ആ നൊമ്പരം കവിതയിലുടനീളം ദൃശ്യമാകുന്നുണ്ട്. അങ്ങനെ അമർഷം പൊട്ടിവിർന്നപ്പോൾ, അതൊരു കവിതയായി മാറി. കാച്ചിക്കുറുക്കിയ കവിത. ഹൃദയത്തിൽ നിന്നും അറിയാതൊഴുകിയ ഒരു നദിയായി, അത് അനുവാചക ഹൃദയങ്ങളിലേക്ക് പടരുകയാണ്. അപ്പോൾ എങ്ങനെ കവിക്ക് വിലപിക്കുവാനാകും - അമർഷത്തിന്റെ ഖരാക്ഷരങ്ങളാണ് പിറക്കുന്നവയെല്ലാമെന്ന്. അങ്ങനെയെങ്കിൽ ഇതൊരു വൈരുധ്യമായിപ്പോയില്ലേ.


ഇതൊരു ഗദ്യ കവിതയാണ്. അതൊരു ന്യൂനതയല്ല. ഇവിടെ ഗദ്യത്തെ കവിതയാക്കുക എന്ന ഭാവചാതുരിയാണ് കവി പ്രകടിപ്പിച്ചിരിക്കുന്നത്. അങ്ങനെ കവിതയായി അത് ഒഴുകുകയാണ്. കവിതയെ അത്രയങ്ങ് ഇഷ്ടപ്പെടാത്ത ഒരു രചയിതാവിന് ഇത് എങ്ങനെ സാധ്യമാകും? അതിനാൽ ഈ ഗദ്യം കവിതയാക്കുന്ന മിടുക്ക് കവിയുടെ കവിതാ സ്നേഹത്തിൽ നിന്നും കിട്ടിയതാണ് എന്നുതന്നെ കരുതാം. കവിക്ക് കവിതയോട് സ്നേഹമല്ല, മറിച്ച് ഒരു വാത്സല്യമാണ്. തന്റെ ഹൃദയത്തിൽ പൂത്തുലഞ്ഞു നില്ക്കുന്ന വികാരമാണ് കവിത.


കവിത താളാത്മകമല്ലെന്നു തോന്നാം. പക്ഷേ വാക്കുകളുടെ ചടുല പ്രവാഹമാണ്. അതിൽ ആ തോന്നൽ അലിഞ്ഞുപോകുന്നു. താളഭദ്രമല്ലെങ്കിലും ദിശതെറ്റാതെ ഓളപ്പരപ്പിൽ ഇളകിയാടി അത് ലക്ഷ്യത്തിലെത്തുന്നു.


കവിതയെ കവി നന്നായി അറിഞ്ഞിരിക്കുന്നു, കവിയേയും. ഇല്ലെങ്കിൽ കവിഹൃദയത്തിലെ നനുത്ത ചില്ലയിൽ ചേക്കേറാൻ കവിക്കാകുമായിരുന്നില്ലല്ലോ, അവിടെ ചേക്കേറിയിരുന്ന മാലാഖമാരോടൊപ്പം.
 
കവിത പ്രതീക്ഷയും സ്നേഹവും പകർന്നിരുന്നുവെന്നും കവി മനസിലാക്കിയിരുന്നു. അത് നമ്മെ ബോധ്യപ്പെടുത്താനും കവി ശ്രമിക്കുന്നുണ്ട്. കവിത പ്രതിഷേധമാണെന്നും, കവിത ചിന്തയും സാന്ത്വനവുമാണെന്നും കവി അറിഞ്ഞിരിക്കുന്നു. ആ അറിവ് നമ്മിലേക്ക് പകരുകയാണ്. കവിത പോലെ കവിയും വേറിട്ടൊരാളല്ല എന്നത് കവി നമ്മെ വളരെ ശക്തമായി ഓർമ്മപ്പെടുത്തുന്നുണ്ട്.


ഋതുഭേദങ്ങളിൽ വൃദ്ധിക്ഷയങ്ങളില്ലാത്ത കവിതയുടെ കാണാച്ചിറകുകൾ കവി അന്വേഷിക്കുകയാണ്. അത് കവിയുടെ മോഹം മാത്രമല്ല. വൃദ്ധിക്ഷയമില്ലെങ്കിൽ പിന്നെ എന്തു കവിത. ആ വൃദ്ധിക്ഷയങ്ങളാണ് യഥാർത്ഥ കവിത. ആ ഋതുതാളമാണ് കവിതയുടെ താളം. കവിതയുടെ ചിറകിന്റെ ഊർജ്ജം തന്നെ അതാണ്. ആ കരുത്തിലാണ് കവിതയങ്ങനെ ചിറകുവിരിക്കുന്നത്.


ഈ ‘ഋതുഭേദം’ പോലും ഒരു വൃദ്ധിക്ഷയത്തിന്റെ കരുത്തിലാണ് ചിറകുവിരിച്ചിരിക്കുന്നത്.


വരികൾക്കിടയിലൂടെ സൗഗന്ധികങ്ങൾ ഇങ്ങെത്തിക്കഴിഞ്ഞല്ലോ. കല്പനയുടെ കളിയോടത്തിലല്ല എന്നു മാത്രം.


അമർഷത്തിന്റെ ഖരക്ഷരങ്ങളിൽ പിറന്ന ആത്മസുഗന്ധമുള്ള ഭാവഗീതമത്രെ ഋതുഭേദവും’

No comments: