നിത്യപാരായണത്തിന്റെ കൈപ്പുസ്തകം

Views:

http://malayalamasika.in/2015/12/blog-post_18.html


    ഈശ്വരഭക്തിയും വിശ്വാസവും വേണ്ടുവോളം പകര്‍ന്നുതന്നിരുന്ന, ശാന്തിയുടെയും സമാധാനത്തിന്റെയും കുളിര്‍നിലാവില്‍ മനംകുളിര്‍പ്പിച്ചിരുന്ന, കീര്‍ത്തനങ്ങളും നാമജപങ്ങളുമായിരുന്നു ഓരോ വീടിന്റെയും ഉമ്മറത്തിണ്ണയില്‍, 'എരിയുമൊരുതിരിനാളമാശാകിരണമേകി' സന്ധ്യാസമയത്ത് മുഴങ്ങിയിരുന്നത്.
    ഇപ്പോഴത്തെ സ്ഥിതിയോ! നിലവിളക്ക് സ്വീകരണമുറിയിലെ കാഴ്ചക്കൂട്ടിലേക്കോ, പൂജപ്പെട്ടികളിലേക്കോ, പൂജാമുറിയെന്ന  കുടുസ്സുമുറിയിലേക്കോ മാറ്റപ്പെട്ടിരിക്കുന്നു.
    വിളക്ക് കുടത്തിനുള്ളില്‍ വച്ചാലത്തെ അവസ്ഥ. ഉമ്മറത്തു നിന്ന് വീട്ടിനകത്തേക്കും മുറ്റവും കഴിഞ്ഞ് പുറത്തെ വഴിയിലേക്കും എത്തിയിരുന്ന ദൈവികദീപ്തി നാം വേണ്ടെന്നുവച്ചു. പകരം സ്ഥിരം പരമ്പരകള്‍, മായക്കാഴ്ചകള്‍, കഥാപാത്രങ്ങളുടെ അവ സ്ഥാന്തരങ്ങള്‍, മനോവൈകൃതത്തിന്റെ ഉച്ചസ്ഥായിയില്‍ ഉദ്ഗമിക്കുന്ന പരദൂഷണാക്രോശങ്ങള്‍. പഴയ തലമുറയിലും പുതിയ തലമുറയിലും അശാന്തിയുടെ ദുര്‍ഭൂതസഞ്ചാരം.
    അത്തരമൊരു അസ്വസ്ഥസന്ധ്യയിലാണ് സഹജമായ സര്‍ഗ്ഗവിനയത്തോടെ രജിമാഷ് വിളിക്കുന്നത്.
    ''സ്‌നേഹഗംഗ'' - കവിതാസമാഹാരത്തിന് ഒരാസ്വാദനക്കു റിപ്പ് എഴുതിത്തരാമോ?''
    ഞാനന്തംവിട്ടു! മലയാളമാസിക എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ (www.malayalamasika.in) ഒന്നോ രണ്ടോ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നല്ലാതെ സാഹിത്യവുമായി എനിക്കെന്തു ബന്ധം ? അതുതന്നെ എന്നെ നിര്‍ബന്ധിച്ചും പ്രോത്സാഹിപ്പിച്ചും എനിക്ക് ആത്മവിശ്വാസം പകര്‍ന്നുമൊക്കെ എഴുതിച്ചതാണ്. ഇതിപ്പൊ എന്താ കഥ! എന്നോട് ആസ്വാദനക്കുറിപ്പെഴുതാന്‍ പറയുന്നു. സ്‌നേഹം നിറഞ്ഞ ആ മനസ്സിന്റെ ആഗ്രഹം നിരസിക്കാനുമെനിക്കാകില്ല, എഴുതുകതന്നെ. എനിക്കയച്ചുതന്ന പുസ്തകം നാലഞ്ചു തവണയല്ല, അതിലും എത്രയോ പ്രാവശ്യം വായിച്ചു.
    അര്‍ത്ഥമറിയാതെ നാമമുച്ചരിച്ചാല്‍പ്പോലും പാപങ്ങള്‍ അകലു
മെന്നാണ് കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞുതന്നിട്ടുള്ളത്. ''ജ്ഞാനപ്പാന''-യിലെ, 'മറ്റൊന്നായി പരിഹസിച്ചെങ്കിലു'-മെന്നുകേള്‍ക്കുമ്പോള്‍,
    ''സമ്പത്തു കൂട്ടിത്തരേണമെന്നീശ്വര
   കൊമ്പത്തു കേറ്റിയിരുത്തേണമീശ്വരാ''- യെന്ന് കുസൃതിപാടി വഴക്കും കേട്ടിരുന്നു. മുതിര്‍ന്നപ്പോള്‍ അമ്മ ഓര്‍മ്മിപ്പിച്ചിരുന്നത് 'പതിയെ ദൈവമെന്നോര്‍ക്കും സതി ചൊന്നാല്‍ ചൊരിയും മഴ'യെന്നാണ്. ഇന്ന് ഈ സ്‌നേഹഗംഗയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ അതെല്ലാം ഓര്‍മ്മിച്ചുവെന്നു മാത്രം.
 

2

    നാല് ശ്ലോകങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന മൂന്നു കൈവഴികളുടെ പുണ്യപ്രവാഹമാണ് 'സ്‌നേഹഗംഗ'. ആദ്യഭാഗത്ത് പ്രപഞ്ചത്തിന്റെ ആത്മചൈതന്യമായ അമ്മയോടും രണ്ടാം ഭാഗത്ത് ആറ്റുകാലമ്മയോടും മൂന്നാം ഭാഗത്ത് ഭാരതാംബയോടുമുള്ള ഭക്തിയും വിശ്വാസവും സ്‌നേഹവും ബന്ധവും ഓളമിടുന്നു. അഗാധവും അടിയുറച്ചതുമായ വിശ്വാസവും സമര്‍പ്പണ മനോഭാവവുമാണ് അന്തര്‍ദ്ധാര.
    ആദ്യത്തെ രണ്ടു വിഭാഗങ്ങളിലെയും ഓരോ കവിതയും ഞാ നെന്നും പ്രാര്‍ത്ഥിക്കുന്ന, മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ തന്നെയാണല്ലോ എന്നാണ് ആദ്യം തോന്നിയത്.
    ഞാനെഴുതേണ്ടിയിരുന്ന വരികള്‍, എനിക്കുവേണ്ടി എഴുതിയ വരികള്‍, എന്റെ മനസ്സും നാവിന്‍തുമ്പും ഞാനറിയാതെ സദാ മൂളിക്കൊണ്ടിരിക്കുന്ന വരികള്‍.... എന്റെ ദൈവമേ... ഇതെല്ലാം നിന്റെ തിരുനടയില്‍ നിന്ന് ഉള്ളിന്റെയുള്ളില്‍ എത്രയോ വട്ടം ഞാന്‍ മൗനമായി പ്രാര്‍ത്ഥിച്ചിട്ടുള്ളതാണ്.
    ''പറയുവാനില്ലാ, പരാതിയൊന്നും
  പരമേശ്വരീ നിന്റെ മുന്നില്‍ നില്‌ക്കെ'' എന്നാണ് എന്റെയുള്ളിലും. നിറഞ്ഞ സംതൃപ്തിയും സ്‌നേഹവും സന്തോഷവും തുളുമ്പുന്ന ഹൃദയത്തില്‍ നിന്നാണല്ലോ ഈ വരികള്‍ പിറക്കുന്നത്.
    'നീയകത്തുദിക്കെയേതു ചൂടുമെത്ര ശീതളം' -’എന്ന അനുഭവം, വന്നെത്താനിനിയെന്തമാന്തമിരുളില്‍ തപ്പിത്തടഞ്ഞീടുവോ നെന്നെത്തേടി നിതാന്തവര്‍ണ്ണലയമേയെന്ന അന്വേഷണത്തിനൊടുവില്‍ എന്നെത്തന്നെ യുഗാന്തമോളമലിവാം നിന്നില്‍ ലയിപ്പിക്കുകയാണെന്ന തിരിച്ചറിവ്, ഞാനല്പമിടറുമ്പോള്‍ കൈപിടിക്കും എന്ന വിശ്വാസം, താലമതിലെന്‍ ശിരസ്സൊരുക്കി കാഴ്ചയായങ്ങേകവേ സ്വീകരിക്കുക സദയമിവനുടെ ആത്മബലിതന്നര്‍ച്ചന എന്ന സര്‍വ്വസ്വസമര്‍പ്പണം, മാനമനധനതനുവുമൊപ്പം ജീവനും നിന ക്കര്‍പ്പിതം എങ്കിലും നിന്‍ കാല്ക്കലമ്മേ ഇനിയുമേകാനെത്തി ഞാന്‍ എന്ന പുനരര്‍പ്പണം. ഏതന്വേഷണവഴികളിലൂടെ പോയാലും നാമെത്തിച്ചേരുന്നത് ഈ അനുഭവത്തിലും തിരിച്ചറിവിലും സമര്‍പ്പണത്തിലും പുനരര്‍പ്പണത്തിലും തന്നെയാണ്. ഓരോ കവിതയും ഈ അനുഭൂതിയുടെ ആഴത്തിലാഴത്തിലേക്ക് വീണ്ടും വീണ്ടും നമ്മെ കൊണ്ടുപോകുന്നു.
    കാച്ചിക്കുറുക്കിയ വരികളില്‍ പറയാനുള്ള കാര്യങ്ങള്‍ വളച്ചു  കെട്ടില്ലാതെ പറയുന്നു. അടക്കിയും ഒതുക്കിയും പറയുന്നതില്‍ അസാമാന്യമായ കൈവഴക്കം ദൃശ്യമാണ്.
    ''മേന്മേലുയര്‍ച്ചയുണ്ടാകണ''മെന്നത് ആഗ്രഹങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സാമാന്യവല്കരണമാണ്. മാതാപിതാഗുരുസ്ഥാനീയരെ ആദരിക്കുകയും വന്ദിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മേന്മേലുയര്‍ച്ചയുണ്ടാകുകയുള്ളൂ. ഇന്നു നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അഥവാ നാം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന മൂല്യബോധം തിരിച്ചുപിടിക്കാനുള്ള ശക്തമായ അഭിനിവേശമാണിക്കവിത.
    'സമ്മോദമെല്ലാരുമൊത്തു വാണീടണം', 'ലോകം കുടുംബ മെന്നുള്ളൂ കുളിര്‍ക്കണം' തുടങ്ങിയവരികള്‍ ഉപനിഷത്തുക്കളിലെ ശാന്തിമന്ത്രങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഈ കവിത സമൂഹപ്രാര്‍ത്ഥനയായി സ്‌കൂളുകളിലും കുട്ടികളുടെ ഹൃദയത്തിലും മുഴങ്ങുമെന്നുറപ്പാണ്.
    വിദ്യാലയാങ്കണങ്ങളില്‍ നിത്യേന മുഖരിതമാകേണ്ടുന്ന മറ്റു ചില കവിതകള്‍ കൂടി ചൂണ്ടിക്കാണിക്കട്ടെ- നേര്‍വഴി, സ്‌നേഹഗംഗ, പൂനിലാവ്, ഓങ്കാരസാരം, നിന്മഹസ്സിലിവരെയും, നീ മാത്രമാണെന്റെയുള്ളില്‍. ഇത്തരത്തിലുള്ള കവിതകള്‍ വിശദമായ പഠനത്തിനു വിധേയമാക്കേണ്ടവയാണ്.




3


    'സൗഹൃദം തമ്മിലങ്ങേറ്റം വളര്‍ത്തണം', 'സൗഹൃദസ്‌നേഹഗംഗയില്‍ മുങ്ങിക്കുളിക്കണം' എന്നിങ്ങനെ സൗഹൃദത്തെക്കുറി ച്ചുള്ള സങ്കല്പങ്ങള്‍ ഉദാത്തമാണ്.
    പക്ഷേ, സൗഹൃദം പലപ്പോഴും വഞ്ചനയിലേക്ക് ഭാവം പകരാറുണ്ട്, എന്നു മാത്രമല്ല, കൂടെ നിന്നുകൊണ്ടുതന്നെ സിരക ളില്‍ വിഷം കുത്തിവച്ച് നമ്മെ ഉന്മൂലനം ചെയ്യാനും ശ്രമിച്ചേക്കാം. പുഞ്ചിരിയിലും മധുരസുഭഗമായ വര്‍ത്തമാനത്തിലും ആശ്ലേഷത്തിലുമൊക്കെ, ഒളിപ്പിച്ച കൂര്‍മുള്ളുകള്‍ തരം കിട്ടുമ്പോള്‍ നമ്മുടെ മുതുകില്‍ കുത്തിയിറക്കുന്നുമുണ്ടാകാം. അതനുഭവിക്കുമ്പോഴേ 'നെഞ്ചകം വിങ്ങിക്കലമ്പുന്ന'തിന്റെ അസഹ്യമായ വേദന വ്യക്തി ബോദ്ധ്യമായി മാറുകയുള്ളൂ.
    ശിഷ്യരെ മക്കളെന്നുകരുതുകയും നന്മയുടെ സൂര്യനായ് ഊര്‍ജവും പ്രകാശവും വിതറുകയും മറ്റുള്ളവരില്‍ സന്തോഷവും ആനന്ദവും നിറയ്ക്കാനായി സ്വജീവിതത്തെ രൂപപ്പെടുത്തുകയും ചെയ്യുന്ന സന്മനസ്സില്‍ കനല്‍ക്കോളാണ്. കനല്‍ ആരോടെങ്കിലുമുള്ള പകയുടേയോ, രോഷത്തിന്റെയോ, പ്രതികാരത്തിന്റെയോ അല്ല. തൊഴിലിടങ്ങളിലെയും അധികാരത്തിന്റെ അകത്തളങ്ങളിലെയും അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും അറപ്പുളവാക്കുന്ന സ്വാര്‍ത്ഥതയും കണ്ടു, പൊറുക്കാനാകാതെ, ഹൃദയം പൊട്ടിച്ചിതറുന്ന കനലുകളാണ്; വേദനയാണ്. ഹൃദയാ ഘാതമായി മാറിയേക്കാവുന്നത്ര തീവ്രവേദന, നെഞ്ചത്തൊരമ്മിക്കനമായാണ് അനുഭവപ്പെടുന്നത്. പരിണതഫലമെന്നോണം കരള്‍ക്കാമ്പുകത്തുന്നു. കാലവേതാളം പ്രചണ്ഡതാളത്തില്‍ നൃത്തം ചവിട്ടുന്നു.
    എല്ലാം കാലമാണല്ലോ നിശ്ചയിക്കുന്നത്. സമയദോഷമെ ന്നൊക്കെ സാധാരണ പറയാറുള്ളതാണ്. കാലം മാറുമ്പോള്‍ വേദന ശമിക്കാം, ശമിക്കാതിരിക്കാം. എന്നാല്‍ കാലത്തെയും വേതാളത്തെയും കാലവേതാളത്തെയും നിയന്ത്രിക്കുന്ന ഒരാളുണ്ട് - അമ്മ. ശക്തിസ്വരൂപിണിയായ, ശത്രുസംഹാരിണിയായ, കരുണാമയിയായ അമ്മ; വേതാളകണ്ഠസ്ഥിതയുമാണല്ലോ. കാലവേതാളനൃത്തതാളം തണുപ്പിക്കാന്‍ ആ മിഴി തുറന്നൊന്നുനോക്കിയാല്‍ മാത്രം മതി.
    നമ്മളില്‍ ചെമ്പട്ടുലയ്ക്കും മിഴിച്ചോപ്പില്‍, എല്ലാ വഞ്ചകരും വഞ്ചനകളും ദുര്‍വ്വാശിയുടെ ദുഷ്പ്രഭുത്വങ്ങളും അധികാരപ്രമത്തതയും ഇടനിലക്കാരുമെല്ലാം ലയിച്ചൊടുങ്ങും.
    ''ഇനിയേതു,ഘോരാന്ധകാരത്തിമിര്‍പ്പും
     മുനകൂര്‍ത്തൊരത്യുഗ്രദര്‍പ്പക്കുതിപ്പും
     വിടരുന്ന കണ്‍കോണുകൊണ്ടങ്ങൊതുക്കും...''            എന്നും


    ''ചതിമേഘമാര്‍ത്തങ്ങലച്ചെത്തിടുമ്പോള്‍
     മതി,നിര്‍ത്തിടാ,മൊക്കെയെന്നോര്‍ത്തിടുമ്പോള്‍
     അമരത്വമേകും കടാക്ഷം പൊഴിക്കും
    സുരഗംഗയായമ്മയെന്നെത്തുണയ്ക്കും.'' എന്നുമാണല്ലോ നമ്മുടെ ഹൃദയം മിടിക്കുന്നത്. എല്ലാം അമ്മ കാണുന്നുണ്ട്.
    അമ്മേ, ആ മിഴിച്ചോപ്പില്‍ എല്ലാ ദുഷ്ടദുര്‍ഭൂതശക്തികളും തിമിര്‍ത്താടുന്ന വ്യര്‍ത്ഥതാളം തണുക്കട്ടെ ശാന്തമായ്. വിപ്ലവത്തിനോ, വിക്ഷോഭങ്ങള്‍ക്കോ വിസ്‌ഫോടനങ്ങള്‍ക്കോ ഉള്ള ആഹ്വാനമല്ല, കുലീനമായ ക്ഷമയുടെ, ശാന്തിയുടെ നിറനിലാവാണ് പരന്നൊഴുകുന്നത്. കുളിര്‍തെന്നലായി സമാശ്വാസമായി അമ്മയുടെ കരസ്പര്‍ശം. എല്ലാ സംഘര്‍ഷങ്ങളെയും അസ്വസ്ഥതകളെയും ആകുലതകളെയും അവനവനില്‍ തന്നെ തണുപ്പിച്ച് ശാന്തമാക്കുന്ന ദിവ്യൗഷധം.
    ''കൈപിടിച്ചോളൂ നിന്‍ കരമെന്റെ കൈകളില്‍ ഭദ്രമല്ലോ'' പോരാ, ഒന്നുകൂടി ഉറപ്പിച്ചു പറയുകയാണ് ''അറിയുക, നിന്നെ ഞാനോരോവിപത്തിലും അലിവോടെ കൈകളില്‍ താങ്ങുമല്ലോ'' ഈ നിത്യവാഗ്ദാനസത്യം 'ഒരു തുടം വെണ്ണിലാവ്' ഉള്ളില്‍ നിറയ്ക്കു മ്പോള്‍...., മറ്റെന്തുവേണം.
    ജീവിതത്തിരക്കില്‍പ്പെട്ടുഴലുമ്പോള്‍ മാനസികസംഘര്‍ഷങ്ങളും അസ്വാസ്ഥ്യങ്ങളും മാറി മനഃശ്ശാന്തിയും ആനന്ദവുമനുഭവിക്കാന്‍ 'സ്‌നേഹഗംഗ'യിലെ ഒരു മുങ്ങിക്കുളിതന്നെ ധാരാളമാണ്. ഗംഗാസ്‌നാനപുണ്യം മുഴുവനും ലഭിക്കും തീര്‍ച്ച.



4
     
ആറ്റുകാലില്‍ പൊങ്കാലയര്‍പ്പിക്കാന്‍ പോയത് ഏതാണ്ട് കാല്‍നൂറ്റാണ്ടിനുമുമ്പ്, 1992-ലാണ്. എറണാകുളത്തുനിന്ന് ജോലി സംബന്ധമായി ചേച്ചി സകുടുംബം അനന്തപുരിയിലുണ്ടായിരുന്നു. ചേച്ചിയുടെ നിര്‍ബന്ധത്തിനുവഴങ്ങി ഞങ്ങളും പൊങ്കാലയിടാന്‍ പുറപ്പെട്ടു.
    ദേവിയുടെ ഐതിഹ്യവും പാണ്ടി-ചേര രാജാവിന്റെ കഥയും ''പൊങ്കാലയാറ്റുകാലമ്മയ്ക്ക് നേര്‍ന്നിടാമെങ്കിലോ സര്‍വ്വതും അമ്മ നല്കും'' എന്ന പൊങ്കാലപ്പൊരുളും അവിടത്തെ ഓരോ അനുഷ്ഠാ നങ്ങളും ചേച്ചി എനിക്കും അമ്മയ്ക്കും പറഞ്ഞുതന്നു. സ്വന്തം കൈ കൊണ്ട് ദേവിക്ക് നിവേദ്യം- പൂജാരിയില്ലാതെ പായസം, ഉണ്ടാ ക്കുന്നതിനെക്കുറിച്ചും വിവരിച്ചു.
    അരി കഴുകിയുണക്കിവച്ചു. തേങ്ങ ചിരണ്ടിയെടുത്തു. ശര്‍ക്കര, നെയ്യ് വാങ്ങി, കത്തിക്കാന്‍ കൊതുമ്പ്, ഓലയുടെ തുമ്പു കെട്ടിയത്. മൂന്നു വലിയ അലുമിനിയം കലം, ചിരട്ടത്തവി.
    തീപ്പെട്ടി വേണ്ട. കാരണം അമ്പലത്തിനുള്ളിലെ പണ്ടാര അടുപ്പില്‍ നിന്ന് ക്ഷണനേരം കൊണ്ട് മറ്റുള്ള അടുപ്പുകളിലേയ്ക്ക് തീ പകരും.’
    ദേവീദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പു അടുപ്പുകൂട്ടാന്‍ സൗകര്യമേര്‍പ്പെടുത്തിയ വീട്ടിലെത്തി, സാധ നങ്ങള്‍ വച്ചു. അവരും നല്ല തയ്യാറെടുപ്പിലാണ് - പരിസരം വൃത്തി യാക്കലും ടാങ്കില്‍ വെള്ളം നിറയ്ക്കലും ഇഷ്ടിക അടുക്കലും ഭക്ഷണമൊരുക്കലും എല്ലാം ഭദ്രം. കൊള്ളാം, നല്ല അന്തരീക്ഷം. ചേച്ചിയെപ്പോലെതന്നെ ആ പ്രദേശമാകെ ഏറെ ഉത്സാഹത്തിലും സന്തോഷത്തിലുമാണ്.
    അമ്പലത്തിലെത്തി. മംഗളമയിയായ ദേവിയെ ആപാദചൂഢം കണ്ട്, ആനന്ദനിര്‍വൃതിയില്‍ ലയിച്ച് പ്രാര്‍ത്ഥിച്ചു. പ്രസാദിക്കണേ... ഞങ്ങളെ കാത്തോളണേ...ദേവീ മഹാമായേ......
    ''കരളിലഭയ വരദയായി വാണിടേണമമ്മേ ....
     കരുണ വഴിയുമകമിഴിയാല്‍ നോക്കിടേണമമ്മേ....''
അടുത്ത നിമിഷം, കുറച്ചധികം നടന്നതിന്റെ ആലസ്യത്താലാവണം- നാളെ ഞങ്ങള്‍ മര്യാദയ്ക്ക് ചോറ്റാനിക്കരയില്‍ മകം തൊഴുതേനെ. അതായിരുന്നു പതിവ്. ഇവിടെ വന്നിങ്ങനെ കഷ്ടപ്പെടാനിടയാക്കിയത് ചേച്ചിയാണല്ലോയെന്ന് ഓര്‍ത്തുനില്‌ക്കെ, അതാ തിരുമേനി ഒന്നും പറയാതെ തൂശനിലയില്‍ എനിക്കുനേരെ പ്രസാദം നീട്ടുന്നു. രണ്ടു കൈയും നീട്ടി അതുവാങ്ങി. ഒന്നും ശബ്ദിക്കാനാകാതെ മാറിനിന്നപ്പോള്‍, ചുറ്റിലും ഉണ്ടായിരുന്നവരേക്കാള്‍ അത്ഭുതം എനിക്കുതന്നെയായിരുന്നു. 

''വരികെന്നുമാടിവിളിക്കുന്നൊരമ്മ, അരികത്തണച്ചാഞ്ഞുപുല്കുന്നൊരമ്മ.'' (എനിക്കെന്റെ മരുമകളെ, അനന്തപുരിയില്‍ നിന്നുതന്നെ ദേവി തന്നു, ഇപ്പോഴിതാ സ്‌നേഹഗംഗയും)
    ''നന്മതന്നമ്മിഞ്ഞപ്പാലൂട്ടി ധന്യമാം
     സന്മനസ്സെന്നില്‍ വളര്‍ത്തിടുമ്പോള്‍
     ആധിയും വ്യാധിയും തീര്‍ക്കുന്ന കാരുണ്യ-
     വാരിധി നിന്നെ ഞാന്‍ തൊട്ടറിഞ്ഞൂ.''
     ഊണിനുശേഷം വീട്ടുകാരോട് ''അന്നദാതാസുഖീഭവ'' എന്നു പറഞ്ഞ്, പൊങ്കാല കണ്ട് തൊഴുവാനിറങ്ങിയതും വായ്കുരവയും ചെണ്ടമേളവും പൂജാരിമാരുടെ തീര്‍ത്ഥംതളിക്കലും ഹെലി ക്കോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയും - എല്ലാമെല്ലാം ഇപ്പോഴും ഓര്‍മ്മയില്‍ പച്ചപിടിച്ച് പൂത്തുലഞ്ഞ് നില്ക്കുന്നുണ്ട്.
    എന്റെ വിദേശത്തുള്ള മക്കള്‍ക്കും മരുമക്കള്‍ക്കും, സ്‌നേഹ മയിയായ ചേച്ചിക്കും വേണ്ടി ഇനിയും പൊങ്കാലയര്‍പ്പിക്കണമെന്ന ആഗ്രഹം ബാക്കിനില്ക്കുന്നു.    
    ''ഇവിടെയാണവസാനമഭയം ആറ്റുകാലമ്മേ.
     ഇനിയുമിത്തിരുനടയിലെത്തണമാറ്റുകാലമ്മേ''
                       


5

    ഓരോരോ പ്രശ്‌നങ്ങളുമായി സമീപിക്കുന്നവര്‍ക്ക് രജി മാഷ് എന്നും ഒരു സമാശ്വാസമാണ്. കൗണ്‍സിലിംഗിലൂടെയും ജ്യോതിഷോപദേശങ്ങളിലൂടെയും പ്രാണോര്‍ജോപചാരങ്ങളിലൂടെയും മറ്റും പ്രശ്‌നപരിഹാരത്തിന്റെ തുളസീതീര്‍ത്ഥമാണ് പകര്‍ന്നു നല്കുന്നത്. മാഷിനുചുറ്റും അഭൗമമായ ഒരു സ്‌നേഹപ്രസരമുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. അത്ഭുതകരമായ ആ ആത്മചൈതന്യം 'സ്‌നേഹഗംഗ'- യിലെ ഓരോ കവിതയും നമ്മിലേക്ക് പകരുന്നു.
    ഈണത്തില്‍ പാരായണം ചെയ്യാനും മധുരമായി പാടാനും പറ്റുന്ന പുണ്യതരംഗാവലികളാണ് സ്‌നേഹഗംഗയിലെ കവിതകള്‍. ആവര്‍ത്തിച്ചു ചൊല്ലിയാല്‍ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കെല്പുള്ളവയാണ് അവ. സര്‍വ്വഥാ ഉപയോഗിക്കത്തക്കവിധം എല്ലാ വീട്ടിലും സൂക്ഷിക്കേണ്ട പുസ്തകമാണ്  'സ്‌നേഹഗംഗ' എന്ന് നിസ്സംശയം പറയാം.

http://www.malayalamasika.in/2014/10/blog-post_9.html




No comments: