ഓങ്കാരസാരം

Views:

മണലാഴി മൂടാത്ത കുഞ്ഞോളമേളം
തണലേകി നീയെന്നുമെന്‍ ജീവതാളം
ശരിയായ വാക്കായുദിക്കുന്ന താരം
ചിരിതൂകി നീ,യുള്ളിലോങ്കാര സാരം.
   
ഇനിയേതു ഘോരാന്ധകാരത്തിമിര്‍പ്പും
മുനകൂര്‍ത്തൊരത്യുഗ്ര ദര്‍പ്പക്കുതിപ്പും
വിടരുന്ന കണ്‍കോണുകൊണ്ടങ്ങൊതുക്കും
മടിയാതെയെന്നമ്മയെന്നെത്തുണയ്ക്കും.
  
ചതിമേഘമാര്‍ത്തങ്ങലച്ചെത്തിടുമ്പോള്‍
മതി നിര്‍ത്തിടാമൊക്കെയെന്നോര്‍ത്തിടുമ്പോള്‍
അമരത്വമേകും കടാക്ഷം പൊഴിക്കും
സുരഗംഗയായമ്മയെന്നെത്തുണയ്ക്കും.No comments: