ജീവസൗഭഗം

Views:

അമ്മയെന്നെയാ,കൈകളില്‍ താങ്ങുന്നു
അമ്മയെന്നെ കൃപയോടെ നോക്കുന്നു
എപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം.

കൈതവം കളഞ്ഞേതു പുല്‍മേട്ടിലും
ശൈശവം ഞാന്‍ കളിച്ചുതിമിര്‍ക്കുന്നു;
കുന്നിലേറുന്നു ചോരത്തിളപ്പുമാ-
യെന്നിലേറും മദോന്മത്തയൗവ്വനം
അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം.

മലമടക്കില്‍ പതഞ്ഞുപൊങ്ങുന്നു ഞാന്‍
മലയിടുക്കില്‍ കുതിച്ചുതാഴുന്നു ഞാന്‍
നദിയിലെല്ലാം തകര്‍ത്തൊഴുകുന്നു ഞാന്‍
ചുഴിയിലേറ്റം വിവശമാഴുന്നു ഞാന്‍
അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ ജീവസൗഭഗം.

കാടുകള്‍ക്കുള്ളിലേറെ നിഗൂഢമാം
ജീവചോദനതന്‍ പൊരുള്‍ തേടവെ
എന്റെ കോശങ്ങള്‍ മന്ത്രിപ്പു മന്ദ്രമായ്
നിന്മടിത്തട്ടിലെന്നെയുറക്കുക
അപ്പൊഴുമുണ്ടനല്പമാം സ്‌നേഹമാ-
യൊപ്പമെന്നമ്മ,യെന്‍ജീവസൗഭഗം.No comments: