ഇതൾ കൊഴിഞ്ഞ പൂവ്.. :: ഗോപിക ബി എസ്

Views:

http://malayalamasika.blogspot.in/2015/01/blog-post_26.html


അരുണയെന്നൊരു പേരിൽ പുകയുന്നു,
ജീവിതത്തിന്റെ കയ്പും മുരൾച്ചയും.
കണ്ണുനീരുപ്പു തീർക്കുന്ന സാഗര-
ച്ചുഴികളിൽ നീറി നിറയുന്നു നൊമ്പരം.

കൊച്ചു പൂവിൽ തിരളുന്ന ശോഭയിൽ
പാറിയേറെക്കടന്നുപോയ് കാലവും.

തന്റെ പ്രാണനെ താലിച്ചരടിതിൽ
കോർത്തു ജീവിതം തുന്നിത്തുടങ്ങവെ,
ഓമലാളെന്നൊരോമനപ്പേരിലോ
കാമപ്പേയിടിമിന്നലിൻ കാറ്റിലോ
ആകെയാടുന്നു നീ തപ്ത കാലമേ...

നായയെന്നൊരു ചങ്ങല ചാർത്തി, നിൻ
നായകൻ നിന്നെ കൂട്ടിലടച്ചവൻ,
നീറും വ്രണങ്ങളിൽ, മുളകുപ്പു തേച്ചു നിൻ
നീരും നിറങ്ങളുമൂറ്റിക്കുടിച്ചവൻ,
വെട്ടി വീഴ്ത്തും വികാരക്കറകളിൽ
പൊട്ടിയേങ്ങുന്ന പൊന്നരഞ്ഞാണു നീ.

ശവമായ് വിറച്ചു നീ, മരവിച്ചിരിക്കവെ,
ജീവന്റെ കണികകൾ ഇറ്റിറ്റു വീണതിൽ
വീണു കഴിയുന്നു, ഇന്നവൾ ലോകമേ..

നാലു പതിറ്റാണ്ടു കഴിഞ്ഞ നിൻ ഗദ്ഗദം
പുഞ്ചിരിയായ് അവൻ ചുണ്ടിൽ പതിക്കവെ
മാറുന്ന കാലമേ, നീയും മറന്നുവോ
പെറ്റമ്മതൻ മുലപ്പാലിന്റെ സൗരഭം.

ഇല്ലയെന്നാകിലോ, കാമപ്പിശാചിന്റെ
കരൾ വാർന്ന രക്തം കുടിച്ചു രസിക്ക നീ.
അല്ലെങ്കിലീക്കൊച്ചു കൈത്തിരിജ്വാലയിൽ
ഒരുപിടിച്ചാരമായ് നീയും മറഞ്ഞിടും.
ഗോപിക ബി എസ്