ഋതുഭേദം :: രാജലക്ഷ്മി

Views:


അമർഷത്തിന്റെ 
ഖരാക്ഷരങ്ങളാണല്ലൊ പിറക്കുന്നത്.

ആത്മസുഗന്ധം ഇഴചേർന്ന
ഭാവഗീതങ്ങൾ ഒന്നുമില്ലെന്നോ

നഷ്ടസ്വർഗ്ഗത്തിലെ 
മാലാഖമാർ ചേക്കേറിയിരുന്നത് 
കവിഹൃദയത്തിലെ 
നനുത്ത ചില്ലയിലായിരുന്നു.

കരിന്തിരി കത്തുന്ന കണ്ണുകളിൽ
കവിത
പ്രതീക്ഷയുടെ സ്നേഹം പകർന്നിരുന്നു.

നിറകുംഭവുമായി രാഗകന്യകൾ
കവിയുടെ കാല്പാടുകൾ പിന്തുടർന്നിരുന്നു.
ഭാരമേറ്റിയ കേവഞ്ചി പോലും
ഓർമ്മയുടെ ഓളപ്പരപ്പിൽ
ഇളകിയാടിയിരുന്നു.

പെയ്തൊഴിയാത്ത
വേദനയുടെ മൺകുടിലിലും
സാന്ത്വനത്തിന്റെ തെളിനീരായി
കവിതയുടെ കാലൊച്ച കേട്ടിരുന്നു.

ഉറങ്ങാത്ത രാവിന്റെ
നെടുവീർപ്പുകളെ തലോടി
മറുമരുന്നേകുവാൻ
കവിതയ്ക്ക് കൈപ്പുണ്യമുണ്ടായിരുന്നു.

നാടൻശീലിന്റെ ഈണത്തിൽ
പറയേണ്ടതു പറയാൻ
കവിതയ്ക്കു കരളുറപ്പുണ്ടായിരുന്നു.

പാട്ടുമാത്രം കൊതിച്ച് പാതിരാവോളം
ഉണർന്നിരുന്ന 
കവിയുടെ കൂടാരത്തിൽ
പൊൻതിളക്കത്തിന് ഇടമില്ലായിരുന്നു.

ശലഭജന്മത്തിന്റെ 
ആയുസ്സുമായി
അവൻ ദീപക്കാടുകൾ താണ്ടി.
പരൽമീനിന്റെ ചടുലതയോടെ
പ്രവാഹങ്ങളിൽ സ്വയം മറന്നു.

മനസ്സിനുള്ളിലും
മതിലിനു പുറത്തും
അവൻ മറ്റൊരാളായില്ല.

ഋതുഭേദങ്ങളിൽ
വൃദ്ധിക്ഷയങ്ങളില്ലാത്ത
കാണാച്ചിറകുകൾ
കവിതയ്ക്ക് എന്നാണ് തിരിച്ചു കിട്ടുന്നത്.

വരികൾക്കിടയിൽ
പൂക്കുന്ന സൗഗന്ധികങ്ങൾ
മലഞ്ചരിവ് താണ്ടി
എത്തുന്നതെന്നാണ്.

കല്പനയുടെ കളിയോടമേറി
കണ്മണികൾ
കിനാവു കാണുന്നതെന്നാണ്.


---000---