പ്രതീക്ഷ...

Views:അനിൽ ആർ. മധു

വീണ്ടും പകലുകൾ എനിയ്ക്കു മുമ്പിൽ പെയ്തിറങ്ങുന്നു
എനിക്കാണവയെന്നു കരുതിയ ഞാൻ മൂഢനാവുന്നു
നിലാവു നിഴൽ പകർന്ന രാത്രികളിൽ
ഞാൻ എന്നെ തിരയുവാനുറച്ചു...

നിലാവെളിച്ച്ത്തിലും ഞാൻ
നിഴലുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്നു
എനിക്കിപ്പോൾ നിലാവും നിഴലും
സൂര്യതേജ്സ്സും പകൽക്കിനാക്കളും അകലെ...

ചിത്രമെഴുതുന്നവന്റെ അന്ത:കരണം
എനിയ്ക്കു കാണുവാനാകുന്നില്ല
കവി വചനങ്ങൾക്കുള്ളിലേയ്ക്കും
എന്റെ ചിന്ത കടന്നെത്തുന്നില്ല...

നന്മ തേടുന്നവന്റെ ദു:ഖവും
എനിയ്ക്കറിയുവാനാകുന്നില്ല
പിന്നെങ്ങനെ എനിയ്ക്ക്
എന്നെ അറിയുവാൻ കഴിയും...?

നനവാർന്ന മണ്ണിന്റെ ആർദ്രത
എന്റെ കാലുകൾക്കറിയുവാനാകുന്നില്ല
അവയെ പൊതിഞ്ഞ രക്ഷാകവചങ്ങളാൽ
അതിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു

ചുട്ടുപൊള്ളുന്ന വേനലും
എന്റെ ദേഹത്തിനറിയുവാനാകുന്നില്ല
അതിനുള്ളിൽ അതിനേക്കാളും
കനലമർന്നു കത്തുന്ന നെരിപ്പോടാം മനസ്സ്

ഓർമ്മകളുടെ ഗൃഹാതുരതയിലേയ്ക്ക്
ഊളിയിട്ട് ഞാൻ കനൽ കറുപ്പിയ്ക്കുന്നു
ഓർമ്മകളുടെ വേലിയേറ്റത്തിനു കാത്ത്
ഞാൻ കനൽക്കട്ടകൾ കൂട്ടിവയ്ക്കുന്നു

ഒടുവിൽ, അനിവാര്യമായ ഇറക്കത്തിനൊടുവിൽ
ഞാൻ കനൽ കെട്ട കട്ടകളെ ഒഴുക്കാനാശിച്ചു
ആഗതമായതൊന്നും ആശിച്ചതാവുന്നില്ലെങ്കിലും
പ്രതീക്ഷകൾക്കൊടുവിൽ പ്രതീക്ഷയോടെ ഞാനും...