മഴ ശീര്‍ഷകമായി രണ്ട്‌ കവിതാസമാഹാരങ്ങള്‍

Views:

വര്‍ക്കല അനിയാവസാഹിത്യസംഘം പ്രസിദ്ധീകരിച്ച വിജയന്‍ പാലാഴിയുടെ മഴനടന്നവഴികള്‍ , മെലിന്‍ഡ ബുക്‌സ് പ്രസിദ്ധീകരിച്ച അനൂപ്‌ വല്യത്തിന്റെ മഴയേ നീ പെയ്യാതിരിക്കല്ലെ എന്നീ രണ്ട്‌ രചനകള്‍.

പുതുഭാവുകത്വത്തിന്റെ മിന്നാട്ടം കവിതകളില്‍ കാണുന്നുണ്ട്‌. എന്നാല്‍ കവിതകളിലുടനീളം ഭാവുകത്വത്തിന്റെ പുതുമഴ പെയ്യുന്നില്ല.

മഴതിമിര്‍ക്കും വഴിയില്‍ മുറുമുറുത്ത്‌ കാലത്തിന്റെ സ്വഭാവം (സംഹാരഭാവം) അവതരിപ്പിക്കാനാണ്‌ വിജയന്‍ പാലാഴി ശ്രമിക്കുന്നത്‌. ഗ്രാമ്യചിത്രങ്ങള്‍ കവിതയില്‍ ധാരാളമുണ്ട്‌, പോയകാലത്തിന്റെ തെളിഞ്ഞ ഓര്‍മ്മയുണ്ട്‌, വര്‍ത്തമാനത്തിന്റെ കുരുത്തക്കേടുകളില്‍ പ്രതിക്ഷേധമുണ്ട്‌. പക്ഷേ ഈ കവിതകളുടെ വായന ഉയിരുള്ള അനുഭവമായി മാറുന്നില്ല. വാച്യാര്‍ത്ഥത്തിന്റെ കേവലതയില്‍ നിന്ന്‌ കാവ്യാവിഷ്കാരതലമുയര്‍ത്താന്‍ വിജയന്‍ പാലാഴി ശ്രമിക്കുന്നു. എങ്കിലും ഉദ്ദേശിച്ചഫലം കാണുന്നില്ല. ഗാനാത്മകമായ ഒരു ലാളിത്യത്തിനകത്തു നിന്നുകൊണ്ട്‌ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന കവിതകളെന്ന് അവതാരികയില്‍ എസ്‌ . ഭാസുരചന്ദ്രന്‍ നിരീക്ഷിക്കുന്നു.

മനമുരുകി പ്രാര്‍ത്ഥിച്ച്‌ കവിതയുടെ പെരുമഴക്കാലം തീര്‍ക്കാനുള്ള ശ്രമമാണ്‌ അനൂപ്‌ വല്ല്യ ത്തിന്റേത്‌. ചിന്ത പങ്കുവയ്‌ക്കാനുള്ള മാധ്യമമായി കവിത ഉപയോഗിക്കുകയാണ്‌ അനൂപ്‌. കവിതാ മാധ്യമത്തെ വിനയത്തോടെ അനൂപ്‌ സമീപിക്കുന്നു. പക്ഷേ ആശയപ്രചാരണത്തിന്റെ തലത്തില്‍ നിന്ന്‌ കവിത ഉയരുന്നില്ല. ഇരുപതിനായിരത്തോളം കവികള്‍ കേരളത്തില്‍ ഉണ്ടെന്ന്‌ ഡോ. ആര്‍ സത്യജിത്‌ അവതാരികയില്‍ പറയുന്നു. എണ്ണത്തിലല്ല, വണ്ണത്തിലാണ്‌ കാര്യമെന്ന വസ്‌തുത അക്ഷരപ്പുര ഓര്‍മ്മിപ്പിക്കുന്നു.