കളിത്തോഴി :: ആതിര ദേവി റ്റി ആർ

Views:

ആതിര ദേവി റ്റി ആർ

അക്ഷരങ്ങളെ..... 
നിങ്ങളെ സാക്ഷിയാക്കി ഞാ-
നുത്തരം തേടിയ സ്വപ്‌നത്തില്‍ 
ഒരുകീര്‍ കടലാസിലൊളിഞ്ഞ്‌, 
ഓളങ്ങളുടെ താളങ്ങള്‍ മറന്ന്‌, 
താളങ്ങളിലലിഞ്ഞ്‌ 
ഒഴുകിയെത്തും പുഴപോലിന്നവളും 

വിശപ്പില്ലാഞ്ഞിട്ടും 
 രുചിപറഞ്ഞൊപ്പമിരുന്നതും, 
മനസ്സില്ലാഞ്ഞിട്ടും 
കൊതിപറഞ്ഞ്‌  കളിയ്‌ക്ക്‌ വിളിച്ചതും, 
ആ നല്ല നിമിഷങ്ങള്‍-
ക്കരുകിലെത്താനാണ്‌ 

തോഴീ..... 
നിന്‍ ചെറുചുണ്ടില്‍ നിന്നിറ്റിറ്റുവീഴും 
നൈര്‍മല്യത്തിന്‍ തേന്‍തുളളികള്‍ 
നുകര്‍ന്നു ഞാനെന്നും 
ഹിമശലഭമായ്‌ പറന്നുയരും. 

കഴിയില്ലെനിയ്‌ക്കിനി നിന്നരുമയാം 
പൂങ്കിനാവിലൊരു പൂന്തെന്നലില്‍ 
കളിത്തോഴിയാവാന്‍ 
ചെറു പൂത്തുമ്പിക്കുഞ്ഞിനു മധു നുകരാന്‍, 
എന്നും എന്‍ സ്വപ്‌നത്തില്‍ കാത്തിരിയ്‌ക്കും 
ഞാന്‍ 
നിന്‍വീണ മന്ത്രിയ്‌ക്കും 
പാട്ടുകേള്‍ക്കാന്‍