കരുണയുടെ ദിനങ്ങൾ :: ഷാമില ഷൂജ

Views:

ബിസ്മില്ലാഹി റഹുമാനി റഹീം.
വിശുദ്ധിയുടെ  പനിനീർ ഇതളുകൾ ഒന്നൊന്നായി  കൊഴിയുകയാണ്. കഴിഞ്ഞു  പോയ  ദിനങ്ങൾ  ഒരു വിശ്വാസി  എങ്ങനെ  ഉപയോഗിച്ച് എന്നത് ഓരോരുത്തരും വിലയിരുത്തണം. 

പ്രഭാതം  മുതൽ  പ്രദോഷം വരെ  അന്നപാനീയങ്ങളുപേക്ഷിചിട്ടുണ്ടാകാം. നമസ്ക്കാരവും  ഖുർആൻ പാരായണവുമെല്ലാം മതം അനുശാസിച്ച രീതിയിൽ നിർവ്വഹിച്ചിരിക്കാം. എന്നാൽ പലരും വിസ്മരിച്ചു പോകുന്ന ഒരു വസ്തുതയുണ്ട്. നമ്മളോരോരുത്തരും  ഒരു വ്യക്തി മാത്രമല്ല, സമൂഹത്തിനു നേരെ  കടമകൾ  ചെയ്യാൻ  ബാദ്ധ്യസ്ഥരായവരുമാണ്.  അയൽക്കാരൻ  പട്ടിണി കിടന്നു നോമ്പ് നോറ്റപ്പോഴാണു  നാം വിഭവസമൃദ്ധമായ  രീതിയിൽ  നോമ്പ്  തുറന്നതെങ്കിൽ  ആ നോമ്പിന് ഫലപ്രാപ്തിയില്ല.  
വിശുദ്ധ റംസാൻ  കാരുണ്യത്തിന്റെയും  സഹനത്തിന്റെയും  സാഹോദര്യത്തിന്റെയും  പങ്കു വയ്ക്കലിന്റെയും നാളുകളാണ്. കഴിവില്ലാത്തവരെ  നോമ്പ്   തുറപ്പിക്കുന്നതിലൂടെ തങ്ങളുടെ  നോമ്പിന്റെ പ്രതിഫലം ഇരട്ടിക്കുകയാണ്.
സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവരെ വിളിച്ചല്ല ഇഫ്താർ  നടത്തേണ്ടത്. ഒരു നേരത്തെ  ആഹാരത്തിനു വകയില്ലാതെ വിശന്നു  പോരിയുന്നവന്  നേരെയാണ്  ഇഫ്താർ നീട്ടേണ്ടത്. 
പുതു വസ്ത്രങ്ങളും  മറ്റും വാങ്ങുമ്പോൾ  അതു വാങ്ങാൻ  കഴിവില്ലാത്തവർക്ക്  ഓരോരുത്തരുടെയും കഴിവനുസരിച്ച്  നല്കാൻ ശ്രമിക്കണം. 
പ്രപഞ്ചനാഥന്റെ  സൃഷ്ടികൾക്കെല്ലാം  ഒരേ നിയമമാണ് പ്രാബല്യത്തിലുള്ളത്.  അല്ലാഹുവിന്റെ മുമ്പിൽ എല്ലാവരും സമന്മാരാണ്.  ഈ റംസാൻ മാസത്തിൽ  അതോർമ്മിക്കേണ്ടത്  സാമൂഹ്യജീവിയെന്ന  നിലയിൽ ഓരോ പൌരന്റെയും കർത്തവ്യമാണ്.     

അവശരും ദരിദ്രരും ആലംബഹീനരുമായ  ജനവിഭാഗങ്ങൾക്ക് നേരെയാവണം  കാരുണ്യത്തിന്റെ കരങ്ങൾ  നീളേണ്ടത്. 
അവനവനു  കഴിയുന്ന രീതിയിൽ  പ്രയത്നിച്ചാൽ മതി അളവറ്റ  പ്രതിഫലം അള്ളാഹു അവനു  നല്കുന്നതാണ്.  നാം ആഡംബരത്തിന്  വേണ്ടി  ചെലവഴിക്കുന്നവ  മറ്റൊരുവന്റെ  ആവശ്യത്തിനു വേണ്ടി ചെലവഴിക്കുമ്പോഴാണ്   അതിനു മികവുണ്ടാകുന്നത്.  

മാനവ സമൂഹത്തിനു നന്മയും സമാധാനവും  ഐക്യവും  സാഹോദര്യവും  പ്രദാനം  ചെയ്യാൻ  ഈ റംസാനിൽ  അല്ലാഹുവിന്റെ  അനുഗ്രഹവർഷമുണ്ടാകട്ടെ. 

ആമീൻ. . No comments: