വ്യക്തിയും സമൂഹവും :: ഷാമില ഷൂജ

Views:

ബിസ്മില്ലാഹി റഹുമാനി റഹീം. 

റംസാൻ വ്രതാനുഷ്ഠാനത്തിലൂടെ ദൈവപ്രീതിയും  അനുഗ്രഹവും  ആഗ്രഹിക്കുന്ന  യാതൊരു വിശ്വാസിയും  മുറുകെപ്പിടിക്കേണ്ടത്  വ്യക്തിയെന്നതിലുപരി  താൻ  സമൂഹനന്മയെ  ലാക്കാക്കി പ്രവർത്തിക്കുമെന്നും  ആദർശശുദ്ധിയോടെ  ജീവിക്കുമെന്നുമുള്ള ദൃഢനിശ്ചയം  തന്നെയാണ്. തനിക്കു വേണ്ടിയെന്നു  കരുതുമ്പോൾ  ഓരോന്നും  സ്വാർത്ഥതയുടെ   മുൾവേലിക്കെട്ടിനുള്ളിലൊതുങ്ങുന്നു  
"മനുഷ്യൻ  ഒരു ചീപ്പിന്റെ  പല്ല് പോലെയാണ്.  ഒരുവന്  മറ്റൊരാളെക്കാളും തരിമ്പും  ശ്രേഷ്ടതയില്ല." 
റമദാനിലെ  ഓരോ  കർമ്മാനുഷ്ഠാനങ്ങളും  വിരൽ ചൂണ്ടുന്നത്  സാഹോദര്യത്തിലേക്കും  സമത്വത്തിലേക്കും  വിനയത്തിലേക്കുമാണ്.  അത് മഹത്തായ  പരലോക വിജയം  വാഗ്ദാനം  ചെയ്യുന്നു.  റമദാനിലെ  നിർബന്ധ കർമ്മമായ സക്കാത് തന്നെ  ഉത്തമോദാഹരണമാണ്. സമൂഹത്തിലെ  അവശതയും  ദാരിദ്ര്യവും  അനുഭവിക്കുന്നവർക്ക്  വേണ്ടിയാണത്.  ഇത്തരത്തിൽ ചിന്തിച്ചാൽ ഏറ്റവും നല്ല  ജനസേവനമാകുന്നു  റമദാനിലെ സക്കാത്.
"സത്യവിശ്വാസികളെ  കൊടുത്തത്  എടുത്തു പറഞ്ഞും  അതിന്റെ  പേരിൽ ദ്രോഹിച്ചും  നിങ്ങളുടെ  ദാനധർമ്മങ്ങൾ  നിങ്ങൾ  നിഷ്ഫലമാക്കി  കളയരുത്,  അല്ലാഹുവിലും  അന്ത്യ ദിനത്തിലും  വിശ്വസിക്കാതെ  ആളുകളെ കാണിക്കാൻ  വേണ്ടി  തന്റെ സ്വത്ത്‌   ചെലവഴിക്കുന്നവനെപ്പോലെ." (ഖുർ ആൻ) 
ഓരോ വ്യക്തിയും  സമൂഹത്തോട്  കടപ്പെട്ടിരിക്കുന്നു. അന്യന്റെ  ദുഖങ്ങളും   പ്രാരാബ്ധങ്ങളും  ഹൃദയം  കൊണ്ട്  തൊട്ടറിയാൻ  ഓരോ വ്യക്തിക്കും കഴിയണം..തന്നാലാവുന്ന  സഹായം  ചെയ്യാൻ  സന്മനസ്സുണ്ടാവുകയും  വേണം.  വിശുദ്ധ റംസാനിലെ  മഹനീയമായ  രാപ്പകലുകളിൽ  സർവലോക  രക്ഷിതാവായ  അല്ലാഹുവിനോട്  പാപമോചനം  തേടുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ  മറ്റുള്ളവർക്ക് വേണ്ടിയും   യാചിക്കാൻ  സന്മനസ്സുണ്ടാവണം.  

സമൂഹനന്മ  ലക്ഷ്യമാക്കി  ഐക്യവും  സാഹോദര്യവും  നിലനിർത്താൻ  ഓരോ  വ്യക്തിയും  യത്നിക്കെണ്ടതുണ്ട്. 

റബ്ബുൽ ആലമീനായ  തമ്പുരാൻ  എല്ലാ വിധത്തിലും  സകലരെയും അനുഗ്രഹിക്കുമാറാകട്ടെ. 

ആമീൻ.




No comments: