നോമ്പിന്റെ പ്രയോജനങ്ങൾ :: ഷാമില ഷൂജ

Views:

ബിസ്മില്ലാഹി റഹുമനി റഹീം.

സകല മതഗ്രന്ഥങ്ങളും ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായി മനുഷ്യന്റെ നന്മയെ ലാക്കാക്കി ജീവിത വിജയത്തിന്നാവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നു. വ്രതാനുഷ്ഠാനം കൊണ്ട് മനുഷ്യന് ഐഹികവും പാരത്രികവുമായ നേട്ടങ്ങൾ ലഭിക്കുന്നു എന്ന് ഖുർആൻ അനുശാസിക്കുന്നു.

അചഞ്ചലമായ ഭക്തിയിലൂടെ സ്രഷ്ടാവുമായി വിശ്വാസികൾ അടുക്കുന്നു. എല്ലാ ഭൌതിക സുഖങ്ങളും വെടിഞ്ഞു പരമമായ സത്യത്തിൽ വിലയം പ്രാപിക്കുന്നു.

വിശ്വാസികളുടെ ആത്യന്തികമായ ലക്ഷ്യം സ്വർഗ്ഗമാണ്. പാപ ഭാരങ്ങൾ വെടിഞ്ഞു പരിശുദ്ധമായ മനസ്സോടെ സ്വർഗ്ഗം നേടാനാണ് ഓരോ വിശ്വാസിയും ആഗ്രഹിക്കുന്നത്.

നോമ്പ് പരലോക വിജയം വാഗ്ദാനം ചെയ്യുന്നു. തിന്മയുടെ പ്രേരക ശക്തികളെ വർജ്ജിക്കാനും ആഹ്വാനം ചെയ്യുന്നു. അധമമായ വികാരങ്ങളെ ചങ്ങലയ്ക്കിടാനും ഏകാഗ്ര ചിത്തനാകാനും മുപ്പതു നാൾ കൊണ്ട് ഒരുവന് കഴിയുന്നുവെങ്കിൽ അത് അവന്റെ നന്മയുടെ മഹത്ത്വമാണ്.

അഗതികളോടും അനാഥരോടും സഹാനുഭൂതി ഉണ്ടാകുന്നത് വഴി അവന്റെ മേന്മ പതിന്മടങ്ങ്‌ വർദ്ധിക്കുന്നു. സൽപ്രവൃത്തികൾ മാത്രമേ നോമ്പിൽ പാടുള്ളൂ എന്ന് ഓരോ വിശ്വാസിയും നിയ്യത് ചെയ്യുന്നു.

നോമ്പ് സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയാകരുത്. സാമൂഹിക നന്മക്കും മാനവ ക്ഷേമത്തിനും വേണ്ടിയാകണം ഓരോ നോമ്പുകാരന്റെയും പ്രവൃത്തി. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ടോ, മറ്റുള്ളവരുടെ ശ്രദ്ധയ്ക്ക് വേണ്ടിയോ, ആർഭാടത്തിനു വേണ്ടിയോ നോമ്പനുഷ്ഠിക്കുന്നതിൽ കാര്യമില്ല. അത് അല്ലാഹുവിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതിനും അന്യന്റെ വേദനകളെ തിരിച്ചറിയുന്നതിനും അവനു വേണ്ട സഹായം ചെയ്യുന്നതിനുമുള്ള മനോഭാവം സൃഷ്ടിക്കണം.

ശാസ്ത്ര ലോകം നോമ്പിന്റെ ഗുണ മേന്മകൾ നിരവധിയാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പരമായ നേട്ടങ്ങളാണ് അതിൽ പ്രധാനം. ഉപവാസം മനുഷ്യ ശരീരത്തിനും മനസ്സിനും ഉണർവ് നൽകുന്നു. വൈദ്യ ശാസ്ത്രം നോമ്പിന്റെ ഗുണങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

സാമൂഹികവും സാംസ്കാരികവുമായ ഐക്യവും ഉന്നതിയും നേടാൻ ഈ വിശുദ്ധ മാസം സഹായിക്കുന്നു. അന്യമതസ്ഥരെ പങ്കെടുപ്പിച്ചു് ഇഫ്താർ നടത്തുന്നതൊക്കെ നമുക്കറിയാവുന്ന വസ്തുതകളാണ്.

ജാതി മത ചിന്തകൾ വെടിഞ്ഞു ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ പ്രേരണ നല്കുന്ന ഒരസുലഭ സന്ദർഭമായി ഈ റംസാൻ മാറട്ടെ എന്ന് പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആശംസിക്കുന്നു.

ആമീൻ.No comments: