നോമ്പ് കോട്ടയാണ് :: ഷാമില ഷൂജ

Views:


ബിസ്മില്ലാഹി റഹുമാനിറഹീം

റംസാനിലെ നോമ്പിന് പല ബഹുമതികളുമുണ്ട്.
"നോമ്പ് മനുഷ്യന്റെ കോട്ടയാണ്, അതിനെ അവൻ കീറിക്കളയാതിരുന്നാൽ". (നബിവചനം)
മനുഷ്യൻ നോമ്പ് എന്ന കോട്ട കെട്ടി തന്റെ ശത്രുവായ ശൈത്താന്റെ ഉപദ്രവത്തിൽ നിന്നു രക്ഷ നേടുന്നു. അതായത് തിന്മയിൽ നിന്നു മോചനം നേടുന്നു. തെറ്റുകുറ്റങ്ങൾ മനുഷ്യസഹജമാണ് തെറ്റുകളെ സൃഷ്ടാവിന്റെ മുന്നിൽ തുറന്നു പറഞ്ഞ് പാപമോചനം നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ് റംസാനിലെ ഓരോ ദിനരാത്രങ്ങളും.
നോമ്പ് അദാബിൽ നിന്നും നരകത്തിൽ നിന്നുമുള്ള രക്ഷ കൂടിയാണ്. അന്നപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് മാത്രം നോമ്പിന്റെ ഫലം സിദ്ധിക്കണമെന്നില്ല.
"നുണ പറയുന്നത് കൊണ്ടും പരദൂഷണം കൊണ്ടും നോമ്പ് മുറിഞ്ഞു പോകുന്നതാണ്." (നബി വചനം)
നോമ്പിന്റെ പ്രയോജനം കെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുക. വെറുതെ തർക്കങ്ങളിലേർപ്പെട്ടും അന്യന്റെ തെറ്റു കുറ്റങ്ങൾ കണ്ടെത്താൻ വ്യഗ്രത കാണിച്ചും നോമ്പിന്റെ നന്മയെ ആരും തന്നെ നഷ്ടപ്പെടുത്തരുതെന്നു വിനീതമായി അപേക്ഷിച്ചു കൊള്ളട്ടെ.
സ്വാർത്ഥത വെടിഞ്ഞു എല്ലാവർക്കും വേണ്ടി  ഐശ്വര്യത്തിനും ക്ഷേമത്തിനും ഇഹലോകവിജയത്തിനും പ്രപഞ്ചനാഥനോട്  പ്രാർത്ഥിക്കാനും ഐക്യവും അഖണ്ഡതയും നിലനിർത്താനും. ഈ റംസാനിൽ നമുക്ക് ഉണർന്നു പ്രവർത്തിക്കുവാൻ അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും സിദ്ധിക്കുമാറാകട്ടെ.
നോമ്പ് എന്ന നന്മ കൊണ്ട് ഹൃദയങ്ങൾക്ക്‌ ചുറ്റും തിന്മ കടക്കാത്ത ശക്തമായ കോട്ട കെട്ടാൻ എല്ലാ വിശ്വാസികൾക്കും ഈ റംസാനിൽ അല്ലാഹുവിന്റെ അനുഗ്രഹവർഷം ലഭിക്കുമാറാകട്ടെ.
ആമീൻ..




No comments: