സര്‍ഗ്ഗാത്മകമായി സഹകരിക്കുക, സാമ്പത്തികമായി സഹായിക്കുക.

വിശുദ്ധിയുടെ പനിനീർ ഇതളുകൾ :: ഷാമില ഷൂജ

Views:

ബിസ്മില്ലാഹി റഹുമാനി റഹീം ..
നന്മയുടെ സുഗന്ധം പരത്തി വീണ്ടുമൊരു റംസാൻ കൂടി സമാഗതമാവുകയാണ്. പ്രപഞ്ച നാഥനും സർവ്വലോക രക്ഷിതാവുമായ അള്ളാഹു അവന്റെ വിശ്വാസികൾക്ക് മേൽ അനുഗ്രഹവർഷം ചൊരിയുന്ന പുണ്യങ്ങളുടെ പൂക്കാലം.

ഇസ്ലാം മതവിശ്വാസമനുസരിച്ച് പന്ത്രണ്ടു മാസങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റംസാൻ. നമസ്ക്കാരം കഴിഞ്ഞാൽ മതം അനുശാസിക്കുന്ന ആരാധനാ കർമ്മമാണ്‌ റംസാനിലെ വ്രതാനുഷ്ടാനം. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണിത്. റംസാൻ പിറ ദൃശ്യമായാൽ വ്രതാനുഷ്ഠാനത്തിനു ആരംഭം കുറിക്കുകയായി.
"അധികരിച്ച സമ്പത്ത് കിട്ടുന്നതിനേക്കാൾ എത്രയോ മടങ്ങ്‌ ശ്രേഷ്ഠമാണ് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക" എന്ന് മുഹമ്മദുനബി (..) അരുളിച്ചെയ്തിരിക്കുന്നു
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളും ലൌകിക സുഖഭോഗങ്ങളും വെടിഞ്ഞു അചഞ്ചലമായ ഭക്തിയോടെ ഏകാഗ്രതയോടെ അല്ലാഹുവിൽ മനസ്സ് ലയിപ്പിച്ച് നോമ്പ് നോൽക്കണം. പശ്ചാത്താപത്തിന്റെയും പാപമോചനതിന്റെയും നാളുകളാണ് റംസാൻ. സൽക്കർമ്മങ്ങൾ ചെയ്യാനും ദുഷ്ക്കർമ്മങ്ങൾ വെടിയാനും റംസാൻ ആഹ്വാനം ചെയ്യുന്നു

"രമിദ" എന്ന അറബി വാക്കിൽ നിന്നാണ് റമ്ദാൻ എന്ന പദമുണ്ടായത്‌. വരണ്ടുണങ്ങിയ നിലം , തീക്ഷ്ണമായ ഊഷ്മാവ് എന്നർത്ഥം വരുന്നു. നൊമ്പുകാരന്റെ വയറിലെ കത്തിക്കാളലാകാമിത്. 'പാപങ്ങളെ നിലത്തിട്ടു കത്തിച്ചു കളയുന്ന മാസം' എന്നും വിവക്ഷയുണ്ട്.  

സമ്പൂർണ്ണ വേദഗ്രന്ഥമായ ഖുർആൻ. അവതരിച്ച മാസമെന്ന നിലയിൽ റംസാന്റെ പവിത്രത എണ്ണിത്തിട്ടപ്പെടുത്തുക സാദ്ധ്യമല്ല.  

നന്മയുടെയും അനുഗ്രഹത്തിന്റെയും പരിശുദ്ധിയുടെയും പ്രഭ ചൊരിയുന്ന റംസാനിൽ അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
ആമീൻ

No comments:

ഉള്ളടക്കം


11 പുതിയ രചനകള്‍

ജനപ്രിയരചനകൾ (30 ദിവസത്തെ)