മാംസജീവിതത്തെക്കുറിച്ചൊരു ഉച്ചനേരം :: ഡി യേശുദാസ്

Views:

 
ഡി യേശുദാസ്
ഇറച്ചിക്കൊതിയോടെ ഉച്ചനേരം
ഉദാസീനതയോടെ ഓർത്തുപോയി
സഹജീവിയെത്തിന്നും ക്രൂരതയെ!

ഏകാന്തതയ്ക്കെന്തോ പന്തികേട് !
പെട്ടെന്നറിയാത്ത മോഹമൂർച്ച ?
ഞാനാകെയൊന്നു വിയർത്തു പോയി

അന്നേരമെന്നിലെ ചോരച്ചാലിൽ
മീനുകൾ നീന്തുന്നതായിത്തോന്നി
കോഴികൾ കണ്ഠത്തിൽ നിന്നാവണം
കൂകിച്ചിനയ്ക്കയാണിണയോടൊപ്പം.
അരക്കെട്ടിൽ നിന്നേതോ കാളക്കൂറ്റൻ
മുക്രയിട്ടാക്കൊമ്പുലുക്കിടുന്നു.
സ്നായുക്കൾതോറും മുയൽക്കിതപ്പ്
സുഷുമ്നയിലൂടെയോ പ്രാപ്പിടപ്പ്
തലച്ചോറിലാകെയും മാനിളക്കം.
കൺകളിലേതോ ഭയന്ന പാവം.
ഹൃദയത്തിലേതോ പിടഞ്ഞു വീഴ്ച
സന്ധികളിൽ ദുർമൃതിച്ചോരച്ചൂര്
അപ്പൊഴേക്കെൻ ദേഹമാകെയേതോ
വിത്തുകൾ പുല്ലുകൾ കിളിർത്ത തോന്നൽ

പെട്ടെന്നെൻ കുസൃതികൾ മക്കൾ വന്ന്
കെട്ടിപ്പുണർന്നു കളിക്കുകയാൽ
തോന്നൽച്ചരടുമുറിഞ്ഞുപോയി!

വെന്തു രുചിക്കുന്നൊരുച്ച വീട്ടിൽ
കരിഞ്ഞു മണക്കുന്ന ജീവിതത്തിൽ
ദുരൂഹത വഞ്ചിച്ചൊരിഭൂമിയിൽ !