അഴകിന്റെ കിലുക്കം :: സല്‍മ എസ്

Views:


പൊഴിയുന്ന മഴയുടെ
     മടിയില്‍നിന്നുണര്‍ന്നവള്‍
മലയുടെ മകളായി പുലര്‍ന്നവള്‍ നീ

വിണ്ണില്‍ നിന്നു ജനിച്ചു നീ
     ചിലമ്പിട്ടു ചിരിച്ചു നീ
മണ്ണുണരും താളമായി വളര്‍ന്നതല്ലെ

ക്ഷമയില്‍ നിന്നുയര്‍ന്നു നീ-
     യക്ഷമ യോടൊഴുകി നീ
നിമിഷത്തില്‍ കുളിരായി പുണര്‍ന്നവള്‍ നീ

മധുരമായ്‌ തുളുമ്പി നീ
     വിധുവിന്റെ കാന്തി തൂകി
മണമായി പൂക്കളില്‍ നീ നിറഞ്ഞുവല്ലൊ

മഴവെള്ളിക്കൊലുസായി
     കണ്ണുകളില്‍ നാദമായി
അഴകിന്റെ കൊതിയൂറും കിലുക്കമായി

ഒഴുകിയീ നീര്‍ച്ചാലുക-
     ളെവിടെയോ മറയുമ്പോള്‍
മഴയുടെ ശ്രുതിക്കൊരു മറവീഴുമ്പോള്‍

ഇരവിന്റെയിരുള്‍ മായും
     പകലിന്റെ നിറം മങ്ങും
ഇരവും പകലുമെല്ലാമൊരു പോലാകും.