സ്‌ത്രീജന്മം

Views:

പുണ്യമാം ജന്മമാണത്രേ.... 
പുണ്യമാം ജന്മമാണത്രെയീ സ്ത്രീജന്മം !
ചൊല്ലിയതാരാണീ പൊളിവചനം ?
നിത്യം നിരന്തരം കാണുന്നു കേള്‍ക്കുന്നീ-
പുണ്യജന്മത്തിന്റെ പീഡന ഗാഥകള്‍.

മാനവും ജീവനും നേരിടും ഭീഷണി
ചോദിക്കുന്നിങ്ങനെ പുണ്യമോ സ്ത്രീജന്മം ?
അമ്മിഞ്ഞപ്പാലിൻ നറുമണം മാറിയാല്‍
അമ്മലര്‍ച്ചുണ്ടിനുണ്ടേറെ വിലക്കുകള്‍
 
ഉച്ചത്തിലൊന്നുരിയാടുവാനാകില്ല
പൊട്ടിച്ചിരിച്ചു കളിക്കുവാനാകില്ല

കുച്ചുവിലങ്ങില്‍ തളച്ചീടിലുമവള്‍
കൂസലെന്യേ വിദ്യയഭ്യസിച്ചീടിലും 
ആണിനൊപ്പം സ്ഥാനമാനമാര്‍ജ്ജിക്കിലും
പെണ്ണവള്‍ ശാപത്തില്‍ ജന്മമായ്‌മേവണം
 
ഏകയായെങ്ങാനും യാത്ര ചെയ്തീടുകില്‍
മുന്നിലായെത്തും വിപത്തുമറിയണം 
 ഒറ്റയ്ക്കു വീട്ടിലരക്ഷണം നില്‍ക്കിലോ
ഒട്ടും നിനയാതെയാപത്തണഞ്ഞിടാം
 
കേവലം ഭോഗവസ്തുവോ സ്ത്രീയൊരു
ചേതനയറ്റ പളുങ്കു ചഷകമോ 

എന്തിനാണിങ്ങനെ പാഴ്‌ജന്മമായിയീ
നാരിയെ മണ്ണില്‍ ജനീപ്പിച്ചതീശ്വരന്‍
കാപാലികര്‍ക്കങ്ങു കത്തുന്ന കാമത്തെ
കത്തിച്ചമര്‍ത്താന്‍ കരുവാക്കുവാനോ ?

എന്തിനാണ്‌ ? എന്തിനാണീശ്വരാ.... 
എന്തിനാണീശ്വരാ അബലയാം പെണ്ണിനെ
മണ്ണിതില്‍ സൃഷ്ടിച്ചയച്ചതുമെന്തിനായ്‌  ?
കൂര്‍ത്ത ചുണ്ടുള്ളൊരാ കഴുകവൃന്ദത്തിനു
കൊത്തി വലിച്ചു രസിക്കുവാനോ ?

എന്തിനാണീശ്വരാ....
മഹിമയില്ലെങ്കിലീ മഹിളയേയെന്തിനായ്‌
വെറുതേ തപിച്ചു ചുമക്കുന്നു ഭൂമിയും ?

വേണ്ടായിവിടൊരു സ്ത്രീജന്മം കൂടി മേല്‍
പുരുഷ വര്‍ഗത്താല്‍ നിറയട്ടെയീധരാ 

ശാസ്ത്രം പുതിയൊരു മാര്‍ഗം തിരയട്ടെ
നാരികള്‍ മായട്ടെ പേക്കിനാവായിനീ.

പുണ്യമാം ജന്മമാണത്രേ
പുണ്യമാം ജന്മമാണത്രെയീ സ്ത്രീ ജന്മം !
ചൊല്ലിയതാരാണീ പൊളിവചനം ?

ശ്രീകൃഷ്‌ണവിഹാര്‍ 
റ്റി. സി. 4/1956, 
T C W A 
E 6, പണ്ഡിറ്റ് കോളനി.  
കവടിയാര്‍ പി ഒ 
തിരുവനന്തപുരം695003

ബി ശാരദാമ്മ