മൂകാംബികയിലേയ്ക്ക് :: റാണി ബാലരാമന്‍
വന്ദേ സരസ്വതി അംബികയെ നല്ല,
സുന്ദര ഗാത്രിയാം ധന്യശീലേ.
വേദാന്തരൂപിണി അമ്മേ മൂകാംബികേ
നാദാന്തവാസിനി ചില്‍ സ്വരൂപേ.
സാധുവാമെന്നുടെ നാവില്‍ വിളങ്ങണേ
മൂകാംബികേ ദേവി വിശ്വരൂപേ..

വടക്കന്‍ പറവൂര്‍ ദക്ഷിണമൂകാംബികയില്‍ പല തവണ പോയിട്ടുണ്ട്‌. കര്‍ണ്ണാടകയിലെ സാക്ഷാല്‍ മൂകാംബികയില്‍ ആദ്യമായി പോയത്‌മകന്റെ വിദ്യാരംഭത്തിനാണ്‌. അന്ന്‌ മകള്‍ ജനിച്ചിട്ടില്ല. ഞങ്ങളുടെ അമ്മമാരോടൊപ്പം എന്റെ അനിയനുമൊരുമിച്ചായിരുന്നു യാത്ര.

അന്നുതന്നെ നടി സീമയും മകളെ എഴുത്തിനിരുത്താനുണ്ടെന്നറിഞ്ഞു. അന്നത്തെ ആ ക്ഷേത്രദര്‍ശനത്തെക്കുറിച്ച്‌ ആകെ ഓര്‍ക്കാനുള്ള രണ്ട്‌ കാരണങ്ങൾ -സീമയെ കണ്ടതും യാത്രയ്ക്കിടയില്‍ ഞാന്‍ കഴിച്ച ഭക്ഷണം വഴിവക്കില്‍ കിടന്ന്‌ പൊട്ടിച്ചിരിച്ചതുമാണ്‌.

രണ്ട്‌ പതിറ്റാണ്ടിന്‌ ശേഷമാണ്‌ മൂകാംബികയില്‍ വീണ്ടും പോകുവാനുള്ള അവസരം വന്നത്‌.ക്ഷേത്രവും പരിസരവും അന്നും ഭക്തരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. മകന്റെ ഉദ്യോഗം വാങ്ങിതന്ന വസ്ത്രമെല്ലാം ധരിച്ച്‌ സകുടുംബം, സര്‍വ്വാര്‍ത്ഥസാധികയായ ദേവിയുടെ ദിവ്യസന്നിധാനത്തില്‍ എത്തിയിരിക്കുകയാണ്‌. ഇത്തവണ ഞങ്ങളോടൊപ്പം ചേട്ടന്റെ മകനുമുണ്ട്‌.

യഥാശക്തി പൂജകളും, വഴിപാടുകളുമൊക്കെ നടത്തി ആദിപരാശക്തിയെ തൊഴുത്‌ മടങ്ങുന്നതിനിടയില്‍, മകന്‍, അച്ഛനുമായി പുണ്യസ്ഥാനമായ കുടജാദ്രിയിലേയ്‌ക്കു പുറപ്പെടുന്നതിനെക്കുറിച്ചുള്ള കൂടിയാലോചനയിലാണ്‌. യാത്രാഭ്രാന്തരായ അച്ഛനും മകനുംകൂടി, സ്വതവേ യാത്രകളോട്‌ വിമുഖതയുള്ള ഞങ്ങളെ ഉത്സാഹഭരിതരാക്കി.

ജീപ്പില്‍ ഉച്ചയ്ക്ക് 2.30ന്‌ യാത്രയായി. കുടജാദ്രിയുടെ മൂര്‍ദ്ധാവില്‍ കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട പവിത്രമായ ശങ്കരപീഠം, ശ്രീ ശങ്കാരാചാര്യ സ്വാമികള്‍ ധ്യാനത്തിലിരുന്ന സ്ഥലമാണെന്നും സര്‍വ്വജ്ഞപീഠം എന്നാണ്‌ പൊതുവെ പറയുന്നതെന്നും അമ്മയ്‌ക്കും മോള്‍ക്കും ദുര്‍ഘടം നിറഞ്ഞ യാത്ര ദുഷ്ക്കരമാവുമെങ്കിലുംഅവിടെ കാലു കുത്താന്‍ കഴിയുന്നതു തന്നെ, ഒരു മഹാഭാഗ്യമാണെന്നും, ജീപ്പില്‍ മറ്റ്‌ യാത്രക്കാരെ കയറ്റാതിരുന്നത്‌, അമ്മ പ്രാതലിന്‌ കഴിച്ച പുട്ടും കടലയുമടക്കം ഊണിന്‌ അകത്താക്കിയതുവരെയുള്ളതെല്ലാം ജീപ്പിനുള്ളില്‍ കൂട്ടിനുണ്ടാകുമല്ലൊ എന്നു കരുതിയിട്ടാണെന്നും മറ്റും മകന്‍ വാചാലനായി.

ജീപ്പ്‌ യാത്ര കഴിഞ്ഞാല്‍ പിന്നെ നല്ലൊരു കയറ്റമുണ്ടത്രെ. പുല്‍മേടും ക്ഷേത്രങ്ങളും ഗുഹകളും വൃക്ഷങ്ങളും പര്‍വ്വതനിരകളും അങ്ങനെ അമ്മയുടെ കണ്ണ്‌ തള്ളുന്ന അതുമിതും ഉണ്ടെന്നും പറഞ്ഞ്‌, പഠിക്കുന്ന കാലത്ത്‌ സഹപാഠികള്‍ ചേര്‍ന്ന്‌ പോയതിന്റെ വിജ്ഞാനം മുഴുവൻ പുറത്തെടുത്ത്‌, മകന്‍ ഞങ്ങളെ ആകാംക്ഷയുടെ കുടജാദ്രിയിലെത്തിച്ചിരുന്നു.

നീണ്ട പാതകളും മലയിടുക്കുകളും ഹെയര്‍പിന്‍ വളവുകളുമൊന്നും പുത്തരിയല്ലെന്ന മട്ടില്‍ നിത്യാഭ്യാസിയെപ്പോലെ ഡ്രൈവര്‍ ജീപ്പ്‌ പായിക്കുന്നു. കല്ലുകള്‍ക്ക്‌ മുകളിലൂടെ കയറിയും ഇറങ്ങിയും കുണ്ടും കുഴിയും നിറഞ്ഞ, തകര്‍ന്ന വഴിയില്‍ക്കൂടി സാഹസപ്പെട്ട് ജീപ്പ്‌ കുതിക്കുമ്പേൾ, തെറിച്ചുപോകാതെ ഇരിക്കണമെങ്കിൽ രണ്ട്‌ കൈയൊന്നും പോരല്ലോ ഭഗവാനേ! എന്ന ചിന്തയോടെ ശ്വാസം പിടിച്ചിരിക്കുമ്പോഴാണ്‌ മകന്‍ വീണ്ടും ആവേശഭരിതനായി...

കോടമഞ്ഞിനെക്കുറിച്ചും, മഴക്കാലത്തെ യാത്രയെക്കുറിച്ചും മഴ പെയ്താല്‍ ചെളിയുടെ പൂരമാണെന്നും, ചുറ്റും നല്ല ഭംഗിയുള്ള പുഷ്പങ്ങള്‍ ധാരാളമായിട്ട്‌ കാണാമെന്നും, ഇപ്പോളാകട്ടെ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്നും വിശദികരിക്കുന്നത്‌. കയറ്റമെത്തിയപ്പോള്‍ ജീപ്പ്‌ നിര്‍ത്തി.

ഇനി ഇറങ്ങി നടക്കണം. നിരവധി തീര്‍ത്ഥാടകര്‍ സംഘംസംഘമായി ജീപ്പുകളിൽ വന്നെത്തുന്നുണ്ടായിരുന്നു. ഓരോരുത്തരായി കയറ്റം തുടങ്ങി.

ഇരുവശത്തും വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ, വളഞ്ഞു പുളഞ്ഞ വനപാതകൾ. കയറ്റം ഒട്ടും ആയാസകരമായി തോന്നിയില്ല. ഒന്നുരണ്ട്‌ പര്‍വ്വതനിരകള്‍ കഴിഞ്ഞപ്പോള്‍ ഒരു പുല്‍മേട്ടിലെത്തി. അവിടെ രണ്ടു ക്ഷേത്രങ്ങളില്‍ തൊഴുതു.

പുരോഹിത ഭവനത്തിന്റെ മുന്നിലെ കുളിര്‍മ്മയേറിയ ജലത്തില്‍ ഞങ്ങള്‍ കൈയുംകാലും മുഖവും കഴുകി, ഒന്നാന്തരം കരുപ്പെട്ടിക്കാപ്പി കുടിച്ചിട്ട്‌ വിശ്രമിക്കുന്നത്‌ കണ്ട്‌,മകന്‍ കയറ്റം തുടരാന്‍ തിരക്ക്‌ കൂട്ടി.

കുടജാദ്രിയിലേയ്‌ക്ക്‌ വീണ്ടും നടക്കാൻ തുടങ്ങി. ഇരുന്നും നിന്നും നടന്നുമുള്ള കയറ്റത്തിനിടയ്‌ക്ക്‌ ഒരിടത്തെത്തിയപ്പോള്‍ ഗണപതി ഗുഹ കണ്ടു. പ്രകൃതി നമുക്കായി എന്തെല്ലാമാണ്‌ കരുതി വച്ചിരിക്കുന്നതെന്നോര്‍ത്ത്‌ അതിശയിച്ചുപോയി.

വനം നിറയെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്‌. പര്‍വ്വതശിഖരങ്ങളും വലിയ വലിയ കൊക്കകളും. കൊക്കകളെന്ന്‌ കേട്ടിട്ടേയുള്ളു - സമീപത്തു ചെന്നു നോക്കിയാല്‍ കൊള്ളാമെന്നുണ്ട്‌. പക്ഷേ, ധൈര്യം കൂടി പോയതുകൊണ്ടാണോ എന്നറിയില്ല, ഓര്‍ക്കുമ്പോള്‍ തന്നെ കാലിടറുന്നു.

ചിലര്‍ കൈയ്യിലൊരു വടിയുമായി കയറുന്നുണ്ട്‌.

നമുക്കിരിക്കാനായി പ്രകൃതി ഒരുക്കി വച്ചിരിക്കുന്നതു പോലെ ചില സ്ഥലങ്ങളില്‍ കരിങ്കല്ലുകൾ, ചിലയിടങ്ങളില്‍ വേരുകൾ. അവര്‍ണ്ണനീയമായ ദൃശ്യങ്ങളാണെങ്ങും. അച്ഛന്‍ ചിരപരിചിതനെപ്പോലെ മുന്നോട്ട്‌.

എത്താറായോ ?

മകളുടെ ചോദ്യത്തിന്‌ 'ദേ പോയി, ദാ വന്നു' എന്ന മട്ടിലായിരുന്നു മകന്റെ ഉത്തരം.

ചേട്ടന്റെ മകനാകട്ടെ, ഓരോ അരികും - മൂലയും ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിക്കുകയാണ്‌.

ശങ്കരാചാര്യരുടെ മുന്തിരിത്തോട്ടം

മുന്തിരിങ്ങ കഴിച്ചുരസിച്ച്‌ ഇറങ്ങി വരുന്ന തീര്‍ത്ഥാടകരെ കണ്ടപ്പോള്‍ ആശ്ചര്യത്തോടെ ഞാന്‍ 'മുന്തിരിങ്ങ എവിടെന്നാ'യെന്ന്‌ തിരക്കി. ജീവിതത്തില്‍ ആദ്യമായി മുന്തിരിങ്ങ കാണുന്നവരെ കണ്ടഭാവത്തില്‍

"ശങ്കരാചാര്യരുടെ തോട്ടത്തില്‍ നിന്നാണ്" - എന്ന്‌ അവര്‍ മറുപടിയും നല്‍കി.

മകന്‍ പറഞ്ഞ കണ്ണ്‌ തള്ളുന്ന 'അതും ഇതും' ഇനിയെങ്ങാനും മുന്തിരിത്തോട്ടം വല്ലതും ആവുമോയെന്ന ജിജ്ഞാസയോടെ ഞാൻ നടന്നു.

ഉത്സാഹത്തിമര്‍പ്പോടെ, ശങ്കരാചാര്യരുടെ മുന്തിരിത്തോട്ടം കടന്നു വന്ന തീര്‍ത്ഥാടകന്റെ കൈയ്യിൽ കുപ്പിയിലെ വെള്ളം കണ്ടപ്പോള്‍ ഞാന്‍ സ്വല്പം വാങ്ങിക്കുടിച്ചു.കൂടുതല്‍ ഉണര്‍വോടെയും, ഉന്‍മേഷത്തോടെയും സര്‍വ്വജ്ഞപീഠത്തിലെത്തി.

ആകെ ഒരു കുളിരും, ശാന്തതയും അനുഭവപ്പെട്ടു. സര്‍വ്വജ്ഞപീഠംത്തിനു ചുറ്റും പ്രദക്ഷിണം വച്ചു. മണ്ഡപത്തിനുള്ളില്‍ സ്വാമികളുടെ ശിലാവിഗ്രഹം തൊഴുതു നമസ്‌ക്കരിച്ചു.

അച്ഛനും, മക്കള്‍ക്കും അത്ര പെട്ടെന്നൊന്നും അവിടെനിന്നും മടങ്ങാന്‍ വലിയതാല്‍പ്പര്യമില്ലാത്തതു പോലെ തോന്നി.

അന്തിമാര്‍ക്കന്‍ പശ്ചിമാംബരത്തില്‍ ചെങ്കനല്‍ പ്രഭ വിതറി ആഴിയുടെ അടിത്തട്ടിലേയ്‌ക്ക്‌ ഊര്‍ന്നിറങ്ങാന്‍ പോകുന്ന നയനാനന്ദകരമായ കാഴ്ച നോക്കി ഞാനും നിന്നു. അന്ധകാരം എല്ലാദിക്കില്‍ നിന്നും കൂട്ടിനെത്തി.

തിരിച്ചിറങ്ങണമല്ലൊയെന്നോര്‍ത്തപ്പോള്‍ എങ്ങിനെ കയറിയെന്നാശ്ചര്യം. എല്ലാവരും പല വിധത്തില്‍ മാറി, മാറി ഫോട്ടോയെടുക്കുന്ന തിരക്കിലാണ്‌.

ഈ രാത്രിയില്‍ അവിടെ തങ്ങണമെന്ന്‌ എഴുപത്‌ ശീലക്കാരനായ മകന്‍ പറഞ്ഞാലോയെന്ന ഉത്‌ക്കണ്ഠ ഒരുവശത്ത്‌. ഹിമാലയം ഒറ്റയ്‌ക്ക്‌ കീഴടക്കിയ അനുഭൂതി മറുവശത്ത്‌. അതിനിടയില്‍ കാല്‍ മടങ്ങി ഇരുന്നു പോയി, ഒരു ഒന്നൊന്നര മടങ്ങല്‍ !

അഖിലാണ്ഡേശ്വരിയെ ധ്യാനിച്ച്‌. ഒരു നിമിഷം പ്രാര്‍ത്ഥിച്ചു. വെള്ളം തന്ന കുട്ടിയുണ്ട്‌ വടിയുമായി ഓടിച്ചാടി വരുന്നു. ആ വടി വാങ്ങി പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ എഴുന്നേറ്റുനിന്നു.

സ്വപ്നലോകത്തിലെ ബാലഭാസ്‌കരനെപോലെ അമ്മ എങ്ങോട്ടായിത്ര തിരക്കിട്ട്‌ എന്ന അന്വേഷണവുമായി സര്‍വ്വജ്ഞപീഠം കയറിയ ആനന്ദത്തോടെ ഞൊടിയിടയില്‍ മകളും സമീപത്തെത്തി. ആരും ഒന്നും കണ്ടില്ല. ഞങ്ങള്‍ ജീപ്പില്‍ കയറി താമസസ്ഥലത്തെത്തി.

മുട്ടു മടക്കാന്‍ പറ്റാത്തത്ര വേദന വസ്ത്രത്തിന്‌ ഒരു കീറല്‍ പോലും സംഭവിച്ചിട്ടില്ല. മുട്ടില്‍ നിന്ന്‌ രക്തം വരുന്നുമുണ്ട്‌. മകന്‍ ഡെറ്റോള്‍ വാങ്ങാന്‍ പോയിട്ട്‌ കിട്ടിയില്ല. പകരം ഷേവിംഗ്‌ ലോഷനും, മുന്തിരിങ്ങയുമായിട്ടാണ്‌ വരവ്‌. അത്‌ കണ്ടപ്പോള്‍ ശങ്കരാചാര്യരുടെ മുന്തിരിത്തോട്ടത്തെക്കുറിച്ചോര്‍ത്ത്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ലോഷന്‍ കൊണ്ടൊരു ചില്ലറപ്രയോഗമൊക്കെ നടത്തി, വേഗം കുളിച്ച്‌ ക്ഷേത്രത്തിലെത്തി, സുഖമായി മനസ്സമാധാനമായി ജഗദംബികയെ തൊഴുതു. ഔഷധകൂട്ടുകള്‍ ചേര്‍ത്ത്‌ തയ്യാറാക്കിയ കഷായതീര്‍ത്ഥം വാങ്ങി സേവിച്ചു.


ആന നന്നായി വരട്ടെ !

രാവിലെ പതിവുപോലെ ക്ഷേത്രത്തിലെത്തി. പൂജാ ചടങ്ങുകളും മറ്റും കണ്ട്‌ തൊഴുത്‌ പ്രാര്‍ത്ഥിച്ചു. സരസ്വതിമണ്ഡപത്തിലിരുന്ന്‌ മക്കള്‍ കീര്‍ത്തനവും ചൊല്ലി. ദേവിയുടെ വിഗ്രഹം എഴുന്നള്ളിച്ച രഥം എല്ലാ ഭക്തര്‍ക്കുമൊപ്പം അല്‍പ്പദൂരം വലിക്കാനും പറ്റി.

പ്രധാന കവാടത്തിലെത്തിയപ്പോള്‍ ആന തുമ്പിക്കൈ ഉയര്‍ത്തി ഭക്തരെ അനുഗ്രഹിക്കുന്നു. പഴം വാങ്ങി ആനയ്‌ക്ക്‌ കൊടുക്കണമെന്ന്‌ മകള്‍. പഴം വാങ്ങി തിരിയുമ്പോള്‍

"ഇങ്ങു തന്നോളു"-വെന്ന്‌ പറഞ്ഞ്‌ കാളക്കുട്ടന്‍ മുമ്പില്‍.

ആ സമയത്ത്‌ മകന്‍ വേറെ പഴം വാങ്ങി ആനയ്‌ക്ക്‌ കൊടുത്തു. ഭയഭക്തി ബഹുമാനത്തോടെ നിന്ന ഞങ്ങളെ അനുഗ്രഹിക്കാനായി ആന തുമ്പിക്കൈയുയര്‍ത്തി.

'എന്റെ പൊന്നാനയല്ലെ, ഞങ്ങളെ ഒന്നുംചെയ്യരുതേ', ഉള്‍ഭയത്തോടെ എന്റെ രണ്ട്‌ കൈയ്യും അറിയാതെ പൊങ്ങിപ്പോയി. അങ്ങനെ ഞാൻ ആനയെയും അനുഗ്രഹിച്ചു. ആന നന്നായി വരട്ടെ !

നിറഞ്ഞ മനസ്സോടെ അന്നപൂര്‍ണ്ണേശ്വരിയെ മനസ്സിലാവാഹിച്ചു കൊണ്ട്‌ ഞങ്ങളും മടങ്ങി.
തിരികെയെത്താനായി.