മാഞ്ഞുപോകുന്ന മാതൃവാത്സല്യം :: തീര്‍ത്ഥ കെ കാഞ്ഞിലേരി

Views:

തീര്‍ത്ഥ കെ, കാഞ്ഞിലേരി

സ്‌നേഹത്തിന്‍ പ്രതീകമാം മാരിവില്ലായ്‌
ജന്‍മം നല്‍കിയ കുഞ്ഞിന്റെ ഹൃത്തില്‍
പ്രത്യക്ഷമായ്‌ നിന്‍ വാത്സല്യം
ഏഴഴകു പിഴിഞ്ഞെടുത്ത സത്താം
അഴകുള്ള മഴവില്ലിനെപ്പോല്‍
നിന്‍ വാത്സല്യം, ഹൃത്തിനു ഹരമേകും
ആര്‍ദ്രമാം അനുഭൂതി. 

പുസ്‌തകത്താളുകളില്‍ അമ്മയെന്ന 
രണ്ടക്ഷരം കുറിക്കുമ്പോള്‍ 
മാതൃവാത്സല്യം പ്രതിഫലിക്കുമീ 
ഹൃത്തിന്‍ നോവറിഞ്ഞു 
ജീവിതത്തിന്‍ കയ്‌പ്പറിഞ്ഞു 

അക്ഷരമുറ്റത്തൂടെ പിച്ചനടത്തിയ 
കല്‍പ്പവൃക്ഷമാണമ്മ ! 
മഞ്ഞുതുള്ളിപോല്‍ പരിശുദ്ധമാം 
മാതൃവാത്സല്യം നുകര്‍ന്നു നമ്മള്‍ 
സ്വപ്‌നത്തിന്‍ തേരില്‍ 
നാമീ പ്രപഞ്ചം ചുറ്റിക്കറങ്ങുമ്പോള്‍ 
നന്‍മയുടെ വിളക്കായ്‌ 
നേര്‍വഴി കാണിക്കുമമ്മ. 

നാം പിന്നിട്ട പാതകളില്‍ 
കാണാം നമുക്കാ കാല്‍പ്പാടുകള്‍ 
ആ വൃക്ഷത്തെ പുണര്‍ന്നുകൊണ്ട്‌ 
വളര്‍ന്നൂ ഇളംതൈകള്‍ നമ്മള്‍. 
എന്നാല്‍ ദൈന്യം പ്രതിഫലിക്കുന്നുണ്ടാ 
ഈറനണിഞ്ഞ മിഴികളില്‍ 
വറുതിയില്‍ ആ വേര്‌ തേടുന്നതിന്ന്‌ 
സ്വസ്‌ഥതമാത്രം 

വൃദ്ധസദനത്തിന്‍ 
നാലുചുമരുകള്‍ക്കിടയില്‍ 
വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായ്‌ 
ജനലഴികളിലൂടെ 
ഏകാന്തത തേടുന്ന കണ്ണുകളില്‍ 
തോരാത്ത മഴമാത്രമിന്ന്‌ 
കൊടും വേനലില്‍ എരിയുന്ന ഭൂമിതന്‍ 
ദാഹത്തെ ശമിപ്പിക്കുവാനായ്‌ 
വന്നെത്തിയ മഴയുടെ 
കൂട്ടിനായെത്തിയ മാരിവില്ലും 
മാനത്തിന്‍ കൗതുകം നല്‍കുന്ന കാഴ്‌ച ! 

ഭൂമിയുടെ ദാഹം തീര്‍ന്നാല്‍ 
മഴ യാത്രയാകുന്നു അനന്തതയിലേക്ക്‌ 
പിന്നാലെ മാരിവില്ലും മായുന്നു 
കണ്ണിനു ഹരമേകും കാഴ്‌ചകളും 
സ്‌നേഹം വറ്റിയ മര്‍ത്ത്യന്റെ 
ഹൃദയത്തില്‍നിന്നും  മായുന്നു 
അമ്മയാം മാരിവില്ലിന്‍ കാരുണ്യമുഖം 
മറയുന്നു മഹത്താം മാതൃവാത്സല്യം !

(കൈരളി ബുക്ക്‌സ്‌ കണ്ണൂരും, കള്‍ച്ചറല്‍ ഫോറം കൂത്തുപറമ്പും 
സംയുക്‌തമായി സംഘടിപ്പിച്ച 
"അക്ഷരപ്പെരുമ 2013" എന്ന പരിപാടിയോടഌബന്ധിച്ച്‌ 
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിത രചനാ മത്സരത്തില്‍ 
ഒന്നാം സമ്മാനം നേടിയ കവിത. 
കണ്ണൂര്‍ കവിമണ്ഡലം കൂത്തുപറമ്പ്‌ മേഖലയിലെ അംഗമാണ്‌ തീര്‍ത്ഥ.)