കാട്, പ്രണയം, വിലാപം :: ഡി. യേശുദാസ്

Views:1
കാട്ടാറിൽ
കാലുകളിട്ട-
ക്കല്ലിലിരുന്നില്ലേ…

പാടിപ്പാടിക്കാട്ടാറങ്ങനെ
വിരൽകളിലൂടെ-
ക്കയറിക്കയറി
നമുക്കുമീതെ-
ക്കവിഞ്ഞുപോയില്ലേ

കാടു ചലിച്ചു മദിച്ചും കൊണ്ട്
നമ്മെ വിഴുങ്ങിയൊരോർമയിലൂടെ
നടപ്പില്ലേയൊരു താലോലത്തിൻ
മഴവിരിയുന്ന വെയിൽ

ബോധത്തിൻ, നരവ്യാമോഹത്തിൻ
മണൽത്തരിപ്പുകളില്ലാതെ
ഇതു ചതി, ഇതു ദുര, ഇതു തീരാപ്പക
ഇതു കാടിതു നദി, ഇതു നാമെന്നും
അറിയാതേതോ ഒന്നിന്നുള്ളിൽ
മറന്നിരിക്കും വഴക്കമായില്ലേ

പ്രിയതരമൊരൈതിഹ്യത്തിൻ
പ്രാണപ്പൊരുളായ്
ക്കൊത്തിയെടുക്കാമെന്നു തുടുത്തില്ലേ

ദുരൂഹജീവൽക്കയങ്ങളിൽനി-
ന്നൂറിക്കൂടിയൊരിരുൾത്തണുപ്പിൻ
ഭീതികൾമെല്ലെപ്പതഞ്ഞൊഴിഞ്ഞില്ലേ

ആറും കാടും കാറ്റും മണവും
പുലരികളുച്ചകൾ സന്ധ്യകൾ പാട്ടുകൾ
നിരവധി ജന്മപരമ്പരപോലെ
പ്രാണനെ മുക്കിയലക്കിയെടുക്കെ
ഒരു വെള്ളാരംകല്ലിന്മിനുസം
ഉള്ളിലറിഞ്ഞു തിരിക്കാനായതു-
മോർമയിലുണ്ടതി-
ഗാഢമൊരോർമ


2
ഒരുനാൾ
പിന്നെയുമേതോ
വ്യഥകൾ ചുഴറ്റിയലസിയ
ജീവിതമേറ്റിത്തനിയെ
ആറും കാടും കാറ്റും മണവും
ഋതുവിന്യാസക്കാവും തേടി
ആവിലമെത്തുമ്പോൾ

കള്ളം പോലെ
കല്ലൂകൾ മാത്രം
സ്വപ്നം പോലെ
മാഞ്ഞൂ വെള്ളം
ബന്ധുതപോലെ
അഴുകിയ കുഴികൾ
ചുടുനിശ്വാസച്ചുഴലികൾചൂടി
ദുർമൃതിചുറ്റിയപ്രണയംപോലെ
കാടു കരിഞ്ഞു മലർന്നു കിതപ്പൂ….