ആരു നീ ? :: ബി കെ സുധ, നെടുങ്ങാനൂർ

Views:

ആരു നീയെൻ കരൾതുടിപ്പിൻ കിളി
വാതിലിൽ മുട്ടി കാത്തു നിൽക്കുന്നൊരാൾ
ആരു നീയെൻ നിഴലായി നിത്യവും
ചാരെയേകാന്ത,മെന്നെത്തിരയുവോൻ 
ആരു നീയെൻ കനൽക്കാമ്പു തീണ്ടുവോൻ
ആരു നീയെൻറെ കൺകളിൽ പൂക്കുവോൻ

യാത്രയിൽ നിൻറെ മൗനമോഹങ്ങളും
മാത്രകൾ നീണ്ട സ്വപ്നവർണ്ണങ്ങളും  
ചിന്തയിൽ പൊള്ളി വെന്തു നീറുമ്പൊഴും
നൊന്തറിയുന്നു നേരായി നിന്നെ ഞാൻ
ജന്മജന്മങ്ങൾ നീളും തപസ്സിൻറെ
നന്മയായൊന്നു ചേർന്നവരല്ലി നാം.

ബോധമറ്റു നിൻ മാറോടു ചേരുമാ
രാധയല്ലെ ഞാൻ, നീയെൻറെ കണ്ണനും ? 
 
ബി കെ സുധ, നെടുങ്ങാനൂർ