ഭക്ഷണം കഴിക്കുന്നത് ജീവിക്കാനോ മരിക്കാനോ.... :: ദിജി ജി

Views:

ദിജി ജി

ജീവിക്കാൻ വേണ്ടി ഭക്ഷിക്കുന്നവരും ഭക്ഷിക്കാനായി ജീവിക്കുന്നവരും എന്ന് രണ്ട് തരമായി ഭക്ഷണക്കാര്യത്തിൽ ജനത്തെ തരംതിരിക്കാം. അതിൽ ഭക്ഷിക്കാനായി ജീവിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. പ്രത്യേകിച്ചും കേരളത്തിൽ. അത് എന്തുമായിക്കോട്ടേ.. ഭക്ഷണം അത്യാവശ്യ ഘടകം തന്നെയാണ്. എന്നാൽ അതിൽ നാവിനു രുചിക്കുന്നത് അപകടകാരികളാണെന്ന് അറിയുന്നവർ എത്രപേരുണ്ട്.
വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറികൾ ഇന്ന് എത്രപേർ കഴിക്കുന്നുണ്ട്?​ എല്ലാപേർക്കും ഹോട്ടൽ ഭക്ഷണത്തോടാണ് പ്രിയം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ സ്നേഹം കൂടി കലരുന്നതിനാൽ മായം ചേർക്കാൻ മടിക്കും. എന്നാൽ ഹോട്ടൽ ഭക്ഷണത്തിൽ ലാഭമാണ് കൂടുതൽ ചേർക്കുന്നത്. അതുകൊണ്ടുതന്നെ മായം കൂടുതലുമായിരിക്കും.
പണ്ടുകാലത്ത് രാവിലെ പഴങ്കഞ്ഞിയും പുഴുക്കും കഴിച്ചാണ് ജോലിക്കു പോയിരുന്നത്. അത് മാറി, ദോശയും പുട്ടും അപ്പവുമൊക്കെ ആ സ്ഥാനം കൈയ്യേറി. അപ്പോഴും വീട്ടിൽ ഉണ്ടാക്കുന്നതാണെന്ന സത്യം അതിലുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽ ആ ശീലവും മാറി അവർ പ്രഭാത ഭക്ഷണമാക്കുന്നത് ന്യൂഡിൽസും കോളയുമൊക്കെയാണ്. ഇതിൻറെയൊക്കെ ദൂഷ്യ വശങ്ങൾ അറിഞ്ഞു കൊണ്ടു തന്നെയാണ് വലിച്ചു വാരി തിന്നുന്നതെന്നതും ഞെട്ടിക്കുന്ന കാര്യമാണ്
ഷവർമ്മാ ദുരന്തവും,​ ന്യൂഡിൽസിലെ പല്ലിയുടെ അവശിഷ്ടവുമൊക്കെ നാം വാ‌ർത്തകളിൽ വായിച്ച് കളയുകയാണ്.
ഒരു സംഭവം ഉണ്ടാകുമ്പോൾ കുറേ പരിശോധനകളും  ആക്രോശങ്ങളും മറ്റും നടക്കും. എന്നാൽ മൂന്നിൻറെ അന്ന് അതൊക്കെ മറന്ന് നാം പഴയ ശീലങ്ങളിലേക്കു കൂപ്പുകുത്തും. ഇതാണ് കേരളീയ മനശാസ്ത്രമെന്ന് അറിയാവുന്ന കച്ചവട കുതന്ത്ര പ്രമാണികൾ പരസ്യത്തിലൂടെ നമ്മുടെ കുരുന്നു മനസ്സുകളിൽ പോലും വിഷം കുത്തിവച്ച് ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അടിമകളാക്കി രോഗികളാക്കുകയാണ്. എനിക്കു തോന്നുന്നത് ഇത്തരത്തിലുള്ള ആഹാരങ്ങൾ നമ്മെക്കൊണ്ട് തീറ്റിക്കാൻ മുൻകൈ എടുക്കുന്നത് മരുന്നു കമ്പനികളാണോ എന്നാണ്.
ആഹാരക്രമത്തിലൂടെ രോഗത്തെ ചെറുക്കാമെന്നാണ് ആരോഗ്യ ശാസ്ത്രങ്ങളെല്ലാം പറയുന്നത്. എന്നാൽ അതിനെക്കുറിച്ച് വിരളമായി മാത്രമാണ് പരസ്യം വരുന്നത്. പിറക്കുമ്പോൾ മുതൽ രോഗം നമ്മെ വേട്ടയാടുകയാണ്. അതിന് അൽപമെങ്കിലും പ്രതിവിധി നേടാൻ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം ശീലമാക്കുവാൻ വരും തലമുറയെ ശീലിപ്പിക്കുക എന്നതു മാത്രമേ ഉള്ളു.
അതിനും ഇനി തരമില്ലാത്ത സ്ഥിതിയാണ്. അന്യ സംസ്ഥാനങ്ങൾ കേരളത്തിനായി നൽകുവാനുള്ള ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുന്നത് കൊടും വിഷം ചേർത്താണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനെ എങ്ങനെ അതിജിവിക്കാം. ജീവിത ശൈലി മാറ്റുകയേ വഴിയുള്ളു. അതേ തരമുള്ളു. നമ്മുടെ ആരോഗ്യം ആഹാരത്തിലൂടെ നമ്മൾതന്നെ സംരക്ഷിക്കണമെന്ന പാഠം L K G മുതലേ പഠന വിഷയ മാക്കേണ്ടതും അത്യാവശ്യമാണ്.