26 November 2020

Sidheekh Subair എനിക്കെന്താണ്

എനിക്കെന്താണ്

കറമൂടി ഇരുളാണ്ട്,
വഴിയൊന്നും തിരിയാണ്ട്,
പെരുംപാത മണത്തെങ്ങോ
കുടുങ്ങണുണ്ട്...

വിജയത്തിൻ മദം പൂണ്ട-
ങ്ങലറുന്നൊരെതിരാളി
പെരും ചോദ്യമുനകൊണ്ട്
പിളർക്കണുണ്ട്...

കലക്കങ്ങൾ അടക്കുവാൻ 
അലമാലയൊടുക്കുവാൻ
അവനുണ്ട്, ചിന്തമാന്തി
വിത്തുകൾ പാകി...

കലപില കനവുകൾ 
പറക്കുവാൻ കൊതി മൂത്ത് ,
ചിറകില്ലാ കിളികൾപോൽ 
പകച്ചു നീറി...

നോക്കുടക്കാ ഗഗനത്തിൽ
പാട്ടു മൂളാക്കാറ്റു കെട്ടി
ചിരകാലം തപിച്ചങ്ങ് തപസ്സിലാഴ്ന്നു...

അകക്കണ്ണിൻ വെളിച്ചത്തിൽ 
ഒളിപ്പിച്ച കദനങ്ങൾ
കരൾ വെന്ത് മനം ചൂഴ്ന്ന്
ജപിച്ചുണർത്തി...

മഴ ചീണ്ടി തുറക്കവേ,
പുതുമണം പരക്കവേ,
കരളലക്കടലിലി-
ന്നറിവിടങ്ങൾ...

അനുഭവ നനയേറ്റ്, 
കനിവായിവിളഞ്ഞിട്ട്,
അതിരുകൾ താണ്ടുവോർ-
ക്കന്നമാകേണം...

ഇരുളിൽ നിന്നുയർന്നല്ലോ,
പുതുയാത്ര തുടരുന്നു, 
വിഴുങ്ങുവാൻ ഇരയില്ലേൽ,
എനിക്കെന്താണ്...

-സിദ്ദീഖ് സുബൈർ -

20 November 2020

Sandhya Devadas


പ്രയാണം

ഇഷ്ടങ്ങളും,സങ്കടങ്ങളും
മൗനങ്ങൾ കൊണ്ട് പ്രതിരോധിച്ച്
മറവിയിലേയ്ക്കൊരു യാത്ര പോകണം
തളർന്ന ചിറകു വീശി
ദീർഘമായൊരു പ്രയാണം.

നടന്ന വഴികളിൽ
ഇരുട്ടു വീണിരിക്കുന്നു
നഷ്ടബന്ധങ്ങൾ
ഓർമയുടെ ചിത്രങ്ങളായ്
മനസ്സിലേയ്ക്ക് മിന്നിമറയുമ്പോൾ
ചിന്തകളും, ചോദ്യങ്ങളും
വേദനയായ്...
കണ്ണീരിൽ കുതിർന്ന
വാക്കുകളായ് വിതുമ്പി
മനസ്സ് കലുഷിതമാവാറുണ്ട്.

വിഷാദത്തിൻ്റെ സൂചിമുനയിൽ നിന്ന്
നിർവ്വികാരത്തിൻ്റെ
മരണത്തിൻ്റെ
ഭ്രാന്തമായ ചിന്തകളിലേയ്ക്ക്...

സന്ധ്യ ദേവദാസ്

10 November 2020

Baby Sabina ഏകാന്തത

 

കവിത

ഏകാന്തത

Baby Sabina


നനുനനെ കുളിർന്ന മൗനത്തിൻ

എന്നുള്ളം പിടഞ്ഞു മരയ്ക്കെ,

വ്രണിതമാമൊരു ശാഖിയിൽ

സ്വച്ഛന്ദമായി വിരിയുന്നുനൊമ്പരം!


ഉലയും മനസ്സിന്നുമ്മറപ്പടിയിലായ്

ചിന്തതൻ തീരം തഴുകി തലോടവേ,

സന്തതസഹചാരിയെന്ന പോൽ

വന്നണയുന്നു നീയെന്നിലും!


പുംഗലംതന്നിലായ്, നിറയും 

ഗഹനം മറച്ചുകൊണ്ടീ യാമം 

ഞാൻ നോക്കി കാൺകേ,

രാക്കനവിലും എൻ ചാരേ നീ.


മാനസം പുണരും തരളമാം 

തെന്നൽപോലെയും,

എന്നുടെ പന്ഥാവിൽ ചരിയ്ക്കും 

നിഴലായ് നീയൊന്നുമാത്രം!


ഊഷരഭൂവിൽ ഈറൻ തുഷാരമെന്നപോലെ

പതിതമാനസ കല്പടവിൽ

വന്നണയുന്നുഏകാന്തതയും!

Baby Sabina

Ameer Kandal നോവ്

 

കഥ

നോവ്

അമീർകണ്ടൽ


അന്നേരം ടീച്ചറിന്‍റെ കൺതടത്തിൽ കുമിഞ്ഞ് കൂടിയ കണ്ണീർ കുമിളകൾ മൊബൈൽ സ്ക്രീനിലേക്ക് ഇറ്റ് വീഴാൻ തുടങ്ങി.സ്ക്രീനിന്‍റെ നീലവെട്ടത്തിൽ തെളിഞ്ഞ് നിന്ന പട്ടുപാവാടക്കാരിയെ മറച്ച് മൂടൽമഞ്ഞ് കണക്ക് കണ്ണീർക്കണം സ്ക്രീനിലാകെ പരന്നൊഴുകി.

'ബീനടീച്ചറേ... ഒക്കെ വിധിയാണ് .. ഒന്നും നമ്മൾ വിചാരിക്കണ പോലെയല്ല കാര്യങ്ങൾ.. പിന്നെ ഒരു കണക്കിന് നോക്കിയാൽ... ഇത് നല്ലതിനായിരിക്കും .. കിടന്ന് വേദന തിന്നുന്നതിനേക്കാൾ.. ഭേദമല്ലേ...എല്ലാം ദൈവത്തിന്‍റെ നിശ്ചയമെന്ന് കരുതി സമാധാനിക്കുക....'      ഓട്ടോയിൽ തൊട്ടടുത്തിരുന്ന രേണുക തന്‍റെ ഇടത് കൈ കൊണ്ട് ബീനയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.

'കാൻസറായിരുന്നല്ലേ.. ഇപ്പം എവിടെ നോക്കിയാലും ഈ സൂക്കേടേ കേൾക്കാനുള്ളൂ... ചെറുപ്പന്നോ വലുപ്പന്നോ..ന്നില്ല.. ആർസിസിയിലൊക്കെ പോയി നോക്കിയാ.. കൊച്ചു കുട്ടികളാ അധികവും...'  ഡ്രൈവിംഗിനിടയിൽപിന്നിലെ കാഴ്ചകൾ തുറക്കുന്ന ചതുര കണ്ണാടിയിൽ കണ്ണെറിഞ്ഞും ഇരുവശങ്ങളിലേക്ക് തലചരിച്ചും ഓട്ടോ ഡ്രൈവർ പറഞ്ഞു.

സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് ഉള്ളിലെ വിങ്ങലൊതുക്കി  ബീന പുറത്തേക്ക് കണ്ണുകൾ പായിച്ച് സീറ്റിൽ ചാരിയിരുന്നു.

കോവിഡ് കാരണം സ്കൂൾ തുറക്കാതെയായതിൽ പിന്നെ പഠനം മാത്രമല്ല, സ്കൂൾ പ്രവർത്തനങ്ങൾ മൊത്തവും ഓൺലൈനായി മാറുകയായിരുന്നല്ലോ. ഗാന്ധിജയന്തിയും പരിസ്ഥിതി ദിനാചരണവും രക്ഷകർതൃ യോഗമൊക്കെ വാട്സ്ആപ്പിലും സൂമിലുമൊക്കെയായി മാറി. കുട്ടികൾ വീട്ടിലിരുന്ന് അവതരിപ്പിച്ചയക്കുന്ന പടങ്ങളും വീഡിയോകളും ചേർത്ത് വെച്ച് സ്കൂൾ പരിപാടിയായി അണിയിച്ചൊരുക്കുന്നത് മിക്കവാറും ബീനടീച്ചറാന്ന്. ഇക്കഴിഞ്ഞ കേളപ്പിറവി ദിനാചരണത്തിന്‍റെ സ്കൂൾ വീഡിയോ തയ്യാറാക്കലും ടീച്ചർ സ്വയം ഏൽക്കുകയായിരുന്നു. നിശ്ചയിച്ച സമയത്തിന് മുമ്പേ എഡിറ്റിംഗും മിക്സിംഗുമൊക്കെ പൂർത്തിയാക്കി നിറമനസോടെയാണ് സ്കൂൾ ഗ്രൂപ്പിലും മറ്റും വീഡിയോ പോസ്റ്റ് ചെയ്തത്.ഉച്ചയുറക്കത്തിന്‍റെ മുഷിപ്പ് മാറ്റാനായി മൊബൈൽ കയ്യിലെടുത്ത് വാട്സ് ആപ്പിലേക്ക് ചേക്കേറിയപ്പോഴാണ് ബീന തന്‍റെ സഹപ്രവർത്ത സുലു ടീച്ചറിന്‍റെ കമൻറും തൊട്ടു താഴെ ഒരു കുട്ടിയുടെ ചിത്രവും കാണുന്നത്.'ടീച്ചർ.. ഈ ഫോട്ടോയും കൂടി കേരളപ്പിറവി വീഡിയോയിൽ ഉൾപ്പെടുത്തണം. ഇന്ന് രാവിലെയാ ഫോട്ടോ അയച്ച് കിട്ടിയത്.' ടെക്സ്റ്റ് മെസേജിന് താഴെ തലയിൽ മുല്ലപ്പൂ ചൂടി പട്ട്പാവാടയും ജാക്കറ്റും അണിഞ്ഞ് നൃത്തം ചെയ്യുന്ന ആറ് ബി ക്ലാസിലെ രജിതമോളുടെ ചിത്രമാണ്.

'സുലു... വീഡിയോ കംപ്ലീറ്റാക്കി രാവിലെ പത്ത് മണിക്ക് തന്നെ എല്ലാ ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു കഴിഞ്ഞല്ലോ. ഇത് നമുക്ക് അടുത്ത ഏതെങ്കിലും പ്രോഗ്രാമിൽ ആഡ് ചെയ്യാം.. ' ബീന ടീച്ചർ വോയ്സ് മെസേജായാണ് മറുപടി ഇട്ടത്.

സ്കൂളിലെത്തി പാഠപുസ്തവിതരണ ലിസ്റ്റും മറ്റും തയ്യാറാക്കാമെന്നുള്ള നിശ്ചയത്തിൽ ഇന്ന് രാവിലെ വാതിൽ പൂട്ടി വീട്ടുമുറ്റത്തേക്കിറങ്ങിയ നേരമാണ് ബീനയുടെ മൊബൈൽ വീണ്ടും ചിലച്ചത്. വാട്സ്ആപ്പ് തുറന്ന് സ്കൂൾ ഗ്രൂപ്പിലെത്തിയപ്പോൾ കാണുന്നത് മുല്ലപ്പൂ ചൂടിയ പട്ടുപാവാടയണിഞ്ഞ രജിതമോളുടെ അതേ ഫോട്ടോ .ചുവട്ടിൽ ഇറ്റാലിക് ഫോണ്ടിലുള്ള കറുത്ത അക്ഷരങ്ങൾ ടീച്ചറിന്‍റെ കണ്ണുകളിൽ ഇരുട്ട് കോരിയിട്ടു.'ആദരാഞ്ജലികൾ....' മനസ് ഒന്നു പിടഞ്ഞു.  'അയ്യോ.... രജിത മോളേ.....' കാലുകൾ നിലത്തുറക്കാതെ പാറി നടക്കുന്നത് പോലെ. ബീന ടീച്ചർ വരാന്തയിലെ ഇരുമ്പ് ഗ്രില്ലിൽ പിടിയുറപ്പിച്ച് പുറത്തെ വാതിൽപടിയിൽ ഇരുന്നു.

കഴിഞ്ഞ രണ്ടാഴ്ച മുമ്പത്രേ കടുത്ത പനിയുമായി രജിതയെ സമീപത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.പരിശോധനകൾക്കും ടെസ്റ്റുകൾക്കും ശേഷമാണ് ഡോക്ടർ രജിതയുടെ അഛനെ രഹസ്യമായി അറിയിച്ചത് 'മോൾക്ക് കാൻസറാണ്...  

സ്വല്പം പഴക്കമുണ്ട്. മജ്ജ മാറ്റിവെക്കേണ്ടിവരും...' 

ഇടിത്തീ പോലെയായിരുന്നു ആ വാക്കുകൾ അയാളിൽ പതിച്ചത്. ഓൺലൈൻ പഠനത്തിന് സ്കൂളിലെ ടീച്ചർമാർ വാങ്ങി നൽകിയ മൊബൈലിൽ മുഖമമർത്തി  ആശുപത്രി കിടക്കയിൽ പുഞ്ചിരിച്ച് കിടക്കുന്ന മകളെ നോക്കി അയാൾ നെടുവീർപ്പിട്ടു. തന്‍റെ കുഴിഞ്ഞ കണ്ണുകളിൽ നിന്ന് ഒട്ടിയ കവിൾ തടത്തിലൂടെ ഒലിച്ചിറങ്ങിയ മനസ്സിന്‍റെ പിടച്ചിലിനെ അയാൾ മകൾ കാണാതെ തോർത്ത് കൊണ്ട് ഒപ്പി. 

'എത്രയും വേഗം ശസ്ത്രക്രിയ ചെയ്യണം... കഴിവതും രണ്ട് മാസത്തിനകം ...' ഡിസ്ചാർജ് ചെയ്യുന്നേരം ഡോക്ടർ ഓർമ്മപ്പെടുത്തി. 

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ അവൾ പതിവിലും കവിഞ്ഞ് ഉഷാറായിരുന്നത്രേ. സ്കൂളിലെ ഹരിത ക്ലബ്ബിൽ അംഗമാകാൻ വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിന്‍റെ ഫോട്ടോയെടുത്തയക്കണമെന്ന് ടീച്ചർ അറിയിച്ച ദിവസം തന്നെ താൻ മതിലിനരികിൽ ചിരട്ടയിലും പ്ലാസ്റ്റിക് ഡബ്ബയിലും നട്ടുനനച്ച് വളർത്തിയിരുന്ന പത്ത് മണിപൂക്കളുടേയും പയർചെടിയുടേയും ഫോട്ടോകളെടുത്ത്  എല്ലാവർക്കും മുമ്പേ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ കേരളപ്പിറവി പരിപാടിക്ക് കേരളീയ വേഷത്തിൽ ഫോട്ടോയെടുത്ത് അയക്കണമെന്ന ടീച്ചറിന്‍റെ അറിയിപ്പ് രജിത കാണാതെ പോയതല്ല. ചുവന്ന ബോർഡറുള്ള കടുംപച്ച പട്ടുപാവാട പണയിലെ ഷീജാന്‍റിയുടെ വീട്ടിൽ നിന്ന് തുന്നി കിട്ടാൻ വൈകിയതായിരുന്നല്ലോ സമയത്ത് ഫോട്ടോ അയക്കാൻ കഴിയാതിരുന്നത്.

'ങാ... ടീച്ചർമാരേ... കൊച്ചിന്‍റെ വീട് എത്തിയേ... ദാ... ഈ ഇടവഴി കേറി ലേശം ഉള്ളിലോട്ട് പോണം... ഓട്ടോ കയറത്തില്ല...'

കരിങ്കൊടി കെട്ടിയ  ഇലക്ട്രിക് പോസ്റ്റിന് സമീപം ഓട്ടോ ഒതുക്കി നിർത്തി ഡ്രൈവർ പറഞ്ഞു.കരിങ്കൊടിക്ക് ചുവട്ടിൽ രജിതയുടെ ചിരിച്ച മുഖം ഇളം വെയിലേറ്റ് തിളങ്ങുന്നു.

മുറ്റത്തെ ചിതറിയ ആൾക്കൂട്ടത്തിനിടയിലൂടെ ബീനടീച്ചർ രേണുകയുടെ കൈ പിടിച്ച് ചായംതേക്കാത്ത 

താബൂക്ക് പാകിയ വാടകവീടിനകത്തേക്ക് കയറി. 

അടക്കിപ്പിടിച്ചതേങ്ങലുകൾക്ക് നടുവിൽ നിലത്ത് വെള്ളപുതച്ച് കണ്ണ് ചിമ്മി കിടക്കുന്ന രജിതയുടെ കാൽച്ചുവട്ടിൽ ബീന നമ്രശിരസോടെ നിന്നു. പത്ത്മണി പൂക്കളെപോലെ അവളുടെ കുഞ്ഞ്മുഖത്ത് അപ്പോഴും പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു.

'ക്ലാസിലെവാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞോടികൊണ്ടിരുന്ന കേരളപ്പിറവി വീഡിയോയിൽ തന്‍റെ പട്ടുപാവാടയണിഞ്ഞ് നൃത്തം ചെയ്യുന്ന ഫോട്ടോ കാണാൻ ആ കുഞ്ഞിളം കണ്ണുകൾ ഒത്തിരി കൊതിച്ചിട്ടുണ്ടാകും...'

ബീനയുടെ ഇടനെഞ്ചിനെ ഞെരുക്കിയ നോവ് ഒരു തേങ്ങലായി പുറത്തേക്ക് തള്ളി. നിറമിഴിയിൽ നിന്നുതിർന്ന കണ്ണീർ പൂക്കൾ രജിതയുടെ കാൽപാദം മൂടിയ തൂവെള്ളപുടവയിൽ പത്തുമണിപ്പൂക്കൾ വിതറിക്കൊണ്ടിരുന്നു.

Ameer Kandal

08 November 2020

K V Rajasekharan ചൈനാ-പാക്ക്- അമേരിക്കൻ സഖ്യമാകാം; ഇന്തോ-യുഎസ്സ് സഹകരണം ഉണ്ടാകരുതെന്ന കമ്യൂണിസ്റ്റുപക്ഷം കഷ്ടം!


കെ വി രാജശേഖരന്‍
+91 9497450866

ചൈനാ-പാക്ക്- അമേരിക്കൻ സഖ്യമാകാം; ഇന്തോ-യുഎസ്സ് സഹകരണം ഉണ്ടാകരുതെന്ന കമ്യൂണിസ്റ്റുപക്ഷം കഷ്ടം!
 

1972 ഫെബ്രുവരി 21.  ലോകത്തിലെ ഏറ്റവൂം വലിയ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ  ചെയർമാൻ മാവോ സേതൂങ്ങ് ഒരു ശക്തനായ  അതിഥിയെ  പ്രതീക്ഷിച്ചിരിക്കയായിരുന്നു.  അന്നത്തെ ലോകത്തിലെ ഏറ്റവും ശക്തനായ ഏകാധിപതി, മാവോ, എന്താകും എങ്ങനെയാകൂം എന്ന  വല്ലാത്തൊരു പിരിമുറുക്കത്തിലുമായിരുന്നു.  ആ നിർണ്ണായക സന്ദർഭത്തിനു വേണ്ടി ചെയർമാൻ മാവോ പുതിയ കുപ്പായമിട്ടൂ;  പുത്തൻ ഷൂസിട്ടു;  മുടി പ്രത്യേകം വെട്ടിച്ചു; മൂഖം വൃത്തിയായി ഷേവും ചെയ്തു.  അടുത്ത കുറെ ദിവസങ്ങളായി തീരെ സുഖമില്ലാതിരുന്നിട്ടും വരാൻ പോകുന്ന  പ്രമുഖനായ അതിഥി ചൈനയിൽ എത്തിച്ചരേണ്ട സമയം ഉൾപ്പടെയുള്ള ഓരോ വിവരങ്ങളും അദ്ദേഹം സ്വന്തം സഹായികളിൽ നിന്നും ചോദിച്ചറിഞ്ഞുകൊണ്ടേയിരുന്നു. അതിഥി,   'മുതലാളിത്ത, സമ്രാജ്യത്വ' അമേരിക്കയുടെ പ്രസിഡന്‍റ് റിച്ചാർഡ് നിക്സനെയും, വഹിച്ചുകൊണ്ട്  ഭൂഖണ്ഡങ്ങൾ താണ്ടി യു എസ്സ് എയർ ഫോഴ്സിന്‍റെ  നമ്പർ വൺ എയർ ക്രാഫ്റ്റ് ബയ്ജിങ്ങിന്‍റെ (അന്നത്ത പീക്കിംഗ്) മണ്ണിൽ തൊട്ടിട്ട് കേവലം മൂന്നു മണിക്കൂറുകളെ ആയിട്ടുണ്ടായിരുന്നുള്ളു.  എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കമ്യൂണിസ്റ്റ് ചൈനയുടെ ചെയർമാൻ മാവോ പ്രധാനമന്തി ചൗ എൻ ലായിക്ക് നിർദ്ദേശം എത്തിച്ചു; എനിക്ക് ഉടൻ തന്നെ അതിഥിയെ കാണണം!  പിന്നീടൊട്ടും വൈകിയില്ല.  പ്രധാന മന്ത്രി ചൗ പ്രസിഡന്‍റ് നിക്സനെ ചെയർമാൻ മാവോയുടെ സാന്നിദ്ധ്യത്തിലേക്ക്  ആദരപൂർവ്വം ആനയിച്ചു.  നിക്സൻ ആ ആദ്യ കൂടിക്കാഴ്ചയെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:  
"അദ്ദേഹം അദ്ദേഹത്തിന്‍റെ കൈ നീട്ടി,  ഞാൻ എന്‍റെയും. അദ്ദേഹം  ഒരു മിനിട്ടോളം എന്‍റെ കൈ കുലുക്കുന്നത് തുടർന്നു".  
അത് ഒരു അമേരിക്കൻ പ്രസിഡന്‍റിന്‍റെ ആദ്യ ചൈനാ സന്ദർശനമായിരുന്നു.  ആ ആഴ്ചയെ വിശേഷിപ്പിക്കുന്നതു തന്നെ "ലോകത്തെ മാറ്റിമറിച്ച ഒരാഴ്ചയെന്നാണ്".  ചൈനാ-അമേരിക്കൻ ബന്ധങ്ങളുടെ  രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായക ദിനമായിരുന്നു അത്.  ( അവലംബം: ദി ചൈനാ ക്വാർട്ടർലി 1994) 

കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനോട് പൊരുതുവാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന്‍റെ കൂട്ട് തേടിയ കമ്യൂണിസ്റ്റ് ചൈനയുടെ സ്വന്തം ചെയർമാൻ മാവോ സേതൂങ്ങും പ്രധാനമന്തി ചൗ എൻ ലായിയും അമേരിക്കൻ പ്രസിഡന്‍റ് റിച്ചാർഡ് നിക്സനും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡോ ഹെൻറി കീസിഞ്ചറിനും വേണ്ടി ചുവന്ന പരവതാനി വിരിച്ചത് ഭാരതത്തിലെ കമ്യൂണിസ്റ്റുകൾ സഹിച്ചു.  സാമ്രാജ്യത്വ ലക്ഷ്യവുമായി ലോകം പിടിച്ചെടുക്കാൻ ഹിറ്റ്ലറോടു ചേർന്ന് രണ്ടാം ലോക മഹായുദ്ധം തുടങ്ങിയ കമ്യൂണിസ്റ്റു സ്റ്റാലിന്‍റെ സോവിയറ്റു യൂണിയൻ   ജർമ്മനി അവരെ വിഴുങ്ങുവെന്നായപ്പോൾ അമേരിക്കയുടെയും ഇംഗ്ലണ്ടിന്‍റെയും 'സാമ്രാജ്യത്വ മുതലാളിത്ത' സഖ്യത്തിന്‍റെ പിന്നാലെ കൂടിയതിനെ ഇവിടെ ഒരു കമ്യൂണിസ്റ്റുകാരനും കുറ്റം പറഞ്ഞിട്ടില്ല.  കമ്യൂണിസ്റ്റ് മാക്സിസ്റ്റ് കക്ഷിയുടെ സ്വന്തം സഖാക്കളായ ഇസ്ലാമിക തീവ്രവാദികളുടെ പിതൃഭൂമിയായ പാക്കിസ്ഥാൻ അമേരിക്കയോട് ചേർന്നാലും സഖാക്കൾക്ക് പരാതിയില്ല.  നരേന്ദ്രമോദിക്ക് വിസ നൽകരുതെന്ന അപേക്ഷയുമായി കാരാട്ടും യച്ചൂരിയും മറ്റൂ സഖാക്കളും തലയിൽ മുണ്ടിട്ട് അമേരിക്കൻ സാമ്രാജ്യത്വ ഭരണകൂടത്തിന്‍റെ മുമ്പിലെത്തിയതിലാണെങ്കിൽ സഖാക്കൾക്ക് കുറ്റബോധമോ ഉളുപ്പോ ഇല്ല.  കമ്യൂണിസത്തിൽ വെള്ളം ചേർത്ത് അമേരിക്കൻ മുതലാളിത്തത്തിലേക്ക് വഴി മാറിയ ചൈന ഇന്നും ഇൻഡ്യൻ സഖാക്കളുടെ യജമാനന്മാരാണ്. അമേരിക്കയും ചൈനയും പാക്കിസ്ഥാനും ചേർന്ന് ഭാരതത്തിനെതിരെ ഒന്നിച്ചപ്പോൾ ഈ രാജ്യത്തെ തകർത്ത് പിടിച്ചെടുക്കുവാൻ തങ്ങളുടെ അവസരം അടുത്തുയെന്ന ആവേശത്തിലായിരുന്നു, സഖാക്കൾ. പക്ഷേ ആ ത്രികോണ സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തുവന്ന് ഭാരതത്തോട് അടുക്കുന്നതാണ് കമ്യൂണിസ്റ്റു പരിവാറിന്‍റെ ഉറക്കം കെടുത്തുന്നത്.  

 ലോക സാമ്രാജ്യത്വം എന്ന ലക്ഷ്യവുമായി കമ്യൂണിസ്റ്റു  ചൈന അങ്കത്തിനൊരുങ്ങുകയായിരുന്നു.  ആഗോള സമ്പത് വ്യവസ്ഥിതിയിൽ വിതരണ ശൃംഖല വളഞ്ഞ  വഴികളിലൂടെ കയ്യടക്കി;  അയൽ രാജ്യങ്ങളൂടെയെല്ലാം സമാധാനം അതിർത്തി തർക്കം കൊണ്ട് ഇല്ലാതാക്കി;  വൺ ബൽറ്റ് വൺ റോഡ് വല വിരിച്ച്   സ്വന്തം സ്ഥാപിത താത്പര്യത്തിന് വഴിയൊരുക്കി;  ചെറിയ ചെറിയ സാമ്പത്തിക ശേഷി മാത്രമുള്ള രാജ്യങ്ങളെ കടക്കെണിയിൽ കൂരുക്കി ഇല്ലാതാക്കാൻ നോക്കി;  അവസാനം കൊറൊണയെ ആയുധമാക്കി  ലോകത്തെ പിടിച്ചെടുക്കാനുള്ള അന്തിമ നടപടിക്ക് ഉദ്യമിച്ചിറങ്ങി.  ഭാരതത്തിനെതിരെയാണെങ്കിൽ ചൈനയുടെ സൈനിക കടന്നാക്രമണ ശ്രമവും ഉണ്ടായി.   കമ്യൂണിസ്റ്റ് ചൈനയുടെ സാമ്രാജ്യത്വ ലക്ഷ്യം വെച്ചുള്ള കടന്നാക്രമണങ്ങൾ ഭാരതം കാലങ്ങളായി അനുഭവിച്ചു വന്നിരുന്നതാണ്.    ചൈന ആഗോള ഭീഷണിയാണെന്ന സത്യം ലോകം തിരിച്ചറിഞ്ഞത് കൊറോണക്കാലത്താണെന്നു മാത്രം.  ലോകമാകെ ആ സാഹചര്യം നേരിടുവാനുള്ള ആലോചനചകളിലേക്ക് എത്തിയിരിക്കുന്നു.  ഭാഗ്യവശാൽ ഇൻഡോ പസഫിക് മേഖലയിലെ സമാധാനം ഇല്ലാതാക്കുകയെന്ന ലക്ഷ്യം വെച്ചുള്ള ചൈനീസ് സാഹസങ്ങൾക്ക് പ്രതിരോധം തീർക്കുവാൻ വളരെ നേരത്തെ തന്നെ ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു.  ഇവിടെ ഏറ്റവും കൂടുതൽ ചൈനീസ് ഭീഷണി നേരിടുന്ന രാജ്യം ഭാരതമാണെന്നും  അതേ സമയം തന്നെ ചൈനയെ പ്രതിരോധിക്കാൻ ശേഷിയുള്ള തന്ത്രപ്രധാനമായ രാജ്യവും ഭാരതം തന്നെയാണെന്നും ഉള്ള തിരിച്ചറിവാണ് അമേരിക്കയുടെ ശ്രദ്ധ ഭാരതത്തിലേക്ക് തിരിച്ചത്.  

അങ്ങനെയാണ്  2002 ൽ അടൽ ബിഹാരി വാജ്പേയ് പ്രധാനമന്തിയായിരുന്നപ്പോൾ തന്നെ ഇൻഡ്യയും അമേരിക്കയും തമ്മിൽ പരസ്പരം കൈമാറുന്ന തന്ത്ര പ്രധാന സൈനിക വിവരങ്ങളുടെ പൊതു സുരക്ഷയ്ക്കുവേണ്ടിയുള്ള കരാർ  (General Security of Military Information Agreeement) ഒപ്പുവെച്ച് തുടക്കം കുറിച്ചത്.  നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷം   2016ൽ Logistics Exchange Memorandum of Agreement (LEMOA) ഒപ്പുവെച്ചു.  2018ൽ Communications Compatability and Security Agreement (COMCASA) ഒപ്പുവെച്ചു.     2020ൽ ഇൻഡ്യൻ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്സ് ജയശങ്കറും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് ടി എസ്പറും ചേർന്നു നടത്തിയ ടു-പ്ലസ്സ്-ടു  കൂടിക്കാഴ്ചയിൽ നാലാമത്തേതായി ഉപഗ്രഹ നിരീക്ഷണവിവരങ്ങൾ ഉൾപ്പടെ പരസ്പരം കൈമാറുന്നതിനുള്ള കരാർ Basic Exchange and Cooperation Agreement (BECA) ഒപ്പു വെച്ചതോടെ സമഗ്രമായ ഇൻഡോ യുഎസ്സ് പ്രതിരോധ ധാരണയാണ് ഉയർന്നുവന്നിരിക്കുന്നത്.  ഉപഗ്രഹങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങളും   നാവിക നിരീക്ഷണ സൗകര്യങ്ങളും പരസ്പരം  പങ്കുവെക്കുക,  പ്രതിരോധ സാമഗ്രികളുടെ സംരക്ഷണത്തിനും സംഭരണത്തിനും ഉതകുന്ന തരത്തിൽ സൈനികതാവളങ്ങളിൽ  സഹകരണം ഉറപ്പാക്കുക,  തുടങ്ങി, രണ്ട് പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള സകാരാത്മക സഹകരണം ഉറപ്പാക്കുന്ന നിരവധി സാദ്ധ്യതകളാണ് ഈ നാലു കരാറൂകളിലൂടെ ഉരുത്തിരിഞ്ഞു വന്നത്.

അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ  കൊറോണക്കാലത്ത്, അമേരിക്കയുടെ വിദേശ-പ്രതിരോധകാര്യ മേധാവികൾ നേരിട്ടുവന്ന് ഈ കരാർ ഒപ്പു വെച്ചതും വളരെ ശ്രദ്ധേയമായിരുന്നു.  ലഡാക്കിൽ നിരന്തര ഭീഷണിയുമായി നിലകൊള്ളുന്ന ചൈനയ്ക്ക് കരാർ വൈകാതെ ഒപ്പിട്ടതിലൂടെ ശക്തമായ സന്ദേശമാണ് നൽകിയത്. പ്രതിരോധ കാര്യങ്ങളിലും വിദേശ കാര്യങ്ങളിലും റിപ്പബ്ളിക്കൻസും ഡെമോക്രാറ്റ്സും  ദ്വികക്ഷി സമവായത്തോടെ അടിസ്ഥാനപരമായ പൊതു സമീപനത്തോടെ നീങ്ങുന്ന ഒരു രീതിയാണ് അമേരിക്കയുടേതെന്നുള്ളതുകൊണ്ട് ആര്  പുതിയ പ്രസിഡന്റായാലും നയപരമായ വ്യതിയാനങ്ങൾക്ക്  ഇട വരാറില്ലെന്നതും ഇവിടെ പരിഗണിക്കപ്പടേണ്ടതാണ്.  നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിലാണെങ്കിൽ, ഡൊണാൾഡ് ട്രംപ് ജയിച്ചാൽ അദ്ദേഹത്തിന്‍റെ കാലത്തു തന്നെ ഇത്രയും മുന്നോട്ടു പോയ പരസ്പര സഹകരണ പരിശ്രമങ്ങള്‍ സ്വാഭാവികമായും മുന്നോട്ടു പോകും.  അതല്ല ജോ ബിദൻ വൈറ്റ് ഹൗസിലേക്ക് എത്തുകയാണെങ്കിലും ഇക്കാര്യത്തിൽ അടിസ്ഥാനപരമായ എന്തെങ്കിലും പിന്നോട്ടു പോക്കിന് സാദ്ധ്യതയില്ല.  അങ്ങനെ ഒരു വിലയിരുത്തലിനു വഴിയൊരുക്കുന്ന കാരണങ്ങൾ പലതാണ്. 
  • തിരഞ്ഞേടുപ്പിനു തൊട്ടു മുമ്പ് ഇങ്ങനെയൊരു സുപ്രധാന കരാർ ഒപ്പിട്ടതിനെതിരെ ഡമോക്രാറ്റുകളുടെ പക്ഷത്തുനിന്ന് എന്തെങ്കിലും കാര്യമായ എതിർപ്പുണ്ടാതായി വാർത്തകളില്ല.  (അങ്ങനെയൊരു എതിർപ്പു ദേശാഭിമാനിയുടെ പത്രാധിപക്കുറിപ്പിൽ (ഒക്ടോബർ 30)  'ശക്തമായി' രേഖപ്പെടുത്തിയിട്ടുണ്ട്!  പക്ഷേ  ആ പത്രം സിപിഐ(എം)  മുഖപത്രമാണല്ലോ, അല്ലാതെ, യു എസ്സ് ഡമോക്രാറ്റിക് പാർട്ടിയുടെ മുഖപത്രമല്ലല്ലോ!)   
  • കൊറോണയെ  ചൈന അവരുടെ ആഗോള സാമ്രാജ്യത്വത്തിന്‍റെ ആയുധമായി ഉപയോഗിച്ചതിനെതിരെയുള്ള ശക്തമായ പൊതുവികാരം അമേരിക്കയിലുണ്ട്.  കമ്യൂണിസ്റ്റു പക്ഷത്തിനു സ്വന്തക്കാരനാരയ ബർണി സാൻഡേഷ്സിനെയല്ല ജോ ബിദനെയാണ് ഡമോക്രാറ്റുകൾ അവരുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്നത് ഓർക്കൂക.  ജോ ബിദൻ പറഞ്ഞത് ഡോണാൾഡ് ട്രംപ് ചൈനക്കെതിരെ വെറും വാചകമടി നടത്തുന്നതേയുള്ളെന്നും താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ലോകരാജ്യങ്ങളെയും  അന്താരാഷ്ട്ര സംഘടനകളെയും വീണ്ടും കൂടെ കൂട്ടി  ചൈനയെ നിയന്ത്രിക്കുമെന്നുമാണ് എന്നതും കണക്കിലെടുക്കുക. ചുരുക്കത്തിൽ ഡമോക്രാറ്റ് ഭരണമാണെങ്കിലും റിപ്പബ്ളിക്കൻ ഭരണമാണെങ്കിലും ചൈനയുടെ സാമ്രാജ്യത്വ വികസന കുതന്ത്രങ്ങളുടെ മേൽ പിടി മുറുകുവാനാണ് സാദ്ധ്യത.  
  • ആഗോള സമ്പത് വ്യവസ്ഥയുടെ വിതരണ ശൃംഖലയില്‍ ചൈന നേടിയ മേൽകൈ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കണമെന്ന പാഠം കൊറോണയുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പൊതുസമൂഹം പഠിച്ചു കഴിഞ്ഞു.  ആ പൊതു ബോദ്ധ്യത്തെ അവഗണിക്കുവാൻ ആ ജനാധിപത്യ രാജ്യത്തെ ഒരു ഭരണാധികാരിക്കും കഴിയില്ല.

ഇന്ത്യയും അമേരിക്കയും ഒന്നിച്ചു ചേരുന്നത് ഈ രാജ്യത്തിന്‍റെ പരമാധികാരത്തെ ബാധിക്കുമെന്ന കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടിയുടെ വിശകലനം പ്രത്യയയശാസ്ത്രപരമായ ഒരു ചോദ്യം ഉയർത്തുന്നു.  'സർവ്വരാജ്യത്തൊഴാലാളികളെ സംഘടിപ്പിച്ച് ശക്തരാക്കി',  ആഗോളതലത്തിൽ 'തൊഴിലാളി വർഗസർവ്വാധിപത്യം' ലക്ഷ്യമാക്കുന്നവർക്ക്  വ്യത്യസ്ഥ ദേശീയതകളുടെ  പരമാധികാരസങ്കല്പം ബൂർഷ്വാ സങ്കല്പമല്ലേ?  അങ്ങനെ വരുമ്പോൾ ഭാരതത്തിന്‍റെയന്നല്ല, ഏതൊരു രാജ്യത്തിന്‍റെയും  പരമാധികാരം നഷ്ടപ്പെടുന്നൂയെന്ന് കമ്യൂണിസ്റ്റുകൾ പറയുന്നതിൽ ആത്മാർത്ഥയുണ്ടോ?  ഇത് പരസ്പരം കൈകൊടുത്ത് ആയോധന പരിശീലനത്തിന് കളരിയിൽ ഇറങ്ങുന്നവരിൽ ഒരാളോട് മറ്റെയാൾ നിന്നെ ആക്രമിക്കാൻ പോകുകയാണെന്ന് രണ്ടു പേരെയും കൊല്ലാൻ കളരിക്ക് പുറത്തു കാത്തുനിൽക്കുന്നവൻ വെറുതെ വിളിച്ചു കൂകും പോലെയല്ലേ?

1940കളിൽ തന്നെ വളർച്ച മുരടിച്ചു പോയ ഇൻഡ്യയിലെ കമ്യൂണിസ്സ് രാഷ്ട്രീയ ധാരണകളുടെ പരിമിതികളാണ് ഇക്കാര്യത്തിലും പ്രകടമാകുന്നത്.  സ്വാതന്ത്യാനന്തര ഭാരതത്തെ ഒരു പുതിയ ഭരണകൂടത്തിന്‍റെ പ്രതിരോധശേഷിയുടെ സ്വാഭാവിക കുറവുകൾ മുതലെടുത്തുകൊണ്ട്  സോവിയറ്റു യൂണിയന്‍റെയോ ചൈനയുടെയോ സഹായത്തോടെ  കമ്യൂണിസ്റ്റു രാജ്യമാക്കി മാറ്റാൻ ഇൻഡ്യയിലെ കമ്യൂണിസ്റ്റുകാർ ശ്രമിച്ചു നോക്കിയ കുതന്ത്രങ്ങൾ ഇന്നുവരെ പരാജയപ്പെട്ടതിന്‍റെ കാരണങ്ങൾ അവർ പഠിച്ചറിഞ്ഞില്ല.  ചൈനയും പാക്കിസ്ഥാനും അമേരിക്കയും ചേർന്ന് ഭാരത്തിനെതിരെ ഉയർത്തിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചേരിചേരാനയം ഉപേക്ഷിച്ച് രാജ്യം ഇൻഡോ സോവിയറ്റ് കരാറിലെത്തിയ സാഹചര്യം മുതലെടുത്തുകൊണ്ട് കെജിബിയെന്ന സോവിയറ്റ് ചാര സംഘടന ഇന്ദിരാ ഗാന്ധിയെ മുതൽ സിപിഐ പ്രാഥമികാംഗങ്ങളെ വരെ കൂടെ ചേർത്തു നടത്തിയ അധീശത്വ ശ്രമങ്ങളെ അതിജീവിക്കാൻ ഈ രാജ്യത്തിനു കഴിഞ്ഞതിന്‍റെ ചരിത്രപാഠവും കമ്യൂണിസ്റ്റു പക്ഷം പഠിച്ചില്ല.  സോവിയറ്റ് യൂണിയൻ ഇല്ലാതാകുകയും ഭാരതത്തിലെ രാഷ്ട്രീയ അസ്ഥിരതകൾ വളരുകയും ചെയ്ത 1990കളിൽ ചൈനയും പാക്കിസ്ഥാനും പാശ്ചാത്യ ശക്തികളും യഥാക്രമം ഭാരതത്തിനുള്ളിലുള്ള കമ്യൂണിസ്റ്റുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും സോണിയാ പക്ഷത്തിന്‍റെയും സഹായത്തോടെ നടത്തിയ ശ്രമങ്ങൾ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ദേശീയ പക്ഷം അധികാരത്തിലെത്തിയതോടെ ഫലപ്രദമായി പ്രതിരോധിക്കപ്പെട്ടതിന്‍റെ നേർ ചിത്രം കമ്യൂണിസ്റ്റുകൾ വേണ്ടതു പോലെ കണ്ടറിഞ്ഞില്ല.  പോഖ്റാൻ ആണവ പരീക്ഷണം, അതിനുശേഷം അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ നേരിട്ട രീതി, കാർഗിൽ വിഷയത്തിൽ അമേരിക്ക ഇടപെട്ടിട്ടും കാട്ടിയ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്‍റെ ശക്തി ഇതൊന്നും കണ്ടറിയാനുള്ള അവസരവും കമ്യൂണിസ്റ്റു വിശകലന വിശാരദന്മാർ പ്രയോജനപ്പെടുത്തിയില്ലെന്നുണ്ടോ?  അമേരിക്കയും ചൈനയും പാക്കിസ്ഥാനും ചൈനയും അവരിലോരോരുത്തരോടും ചേർന്നു നിൽക്കുന്ന ഭാരതത്തിനുള്ളിലുള്ള രാഷ്ട്രീയ ശക്തികളും കൂട്ടായ പരിശ്രമം നടത്തി 2004ൽ ദേശീയ പക്ഷത്തെ മാറ്റി അധികാരത്തിലെത്തിയെങ്കിലും നരേന്ദ്രമോദിയിലൂടെ 2014 ൽ ജനാധിപത്യ ഭാരതം ദേശീയപക്ഷത്തെ വീണ്ടും ഭരണത്തിലെത്തിച്ചതെന്തായാലും കമ്യൂണിസ്റ്റുകളുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ടാകണം. അതിനു ശേഷം ചൈനാ-പാക്ക്-യുഎസ്സ് അച്ചുതണ്ടിൽ നിന്ന് യുഎസ്സ് അടർന്നു മാറി ഭാരതത്തോട് ചേരാൻ തുടങ്ങിയതിൽ ചൈനയ്ക്കും പാക്കിസ്ഥാനും ഉണ്ടാകാൻ പോകുന്ന തന്ത്രപരമായ നഷ്ടങ്ങളെയാണ് കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടിയെ ഇന്ന് ഭയപ്പെടുത്തുന്നത്.  ഇന്ത്യയും അമേരിക്കയും തമ്മിൽ സകാരാത്മക സഹകരണം വളരുന്നതോടെ ചൈനയുടെ സാമ്രാജ്യ വിസ്താര തന്ത്രങ്ങൾക്ക് തടസ്സം ഉയരും.  ആ ഒരു സാഹചര്യത്തിൽ എന്നും ചൈനയുടെ വിശ്വസ്തവിധേയരായ കമ്യൂണിസ്റ്റു മാക്സിസ്റ്റു പക്ഷം വലിയവായിൽ നിലവിളിക്കുന്നതു മനസ്സിലാക്കാം.  പക്ഷേ ഭാരതം അമേരിക്കയുടെ സാമന്തരാജ്യമായി എന്നൊക്കെ എഴുതി പിടിപ്പിക്കുന്നത് സ്വന്തം കുടുംബത്തെ കുത്തുപാള എടുപ്പിക്കാൻ നടക്കുന്ന മുടിയനായ പുത്രൻ സ്വന്തം അമ്മയെ അരുതാത്ത രീതിയിൽ അധിക്ഷേപിക്കുന്നതു പോലെയാണെന്ന് പറഞ്ഞേ തീരൂ.

ഭാരതവും ആമേരിക്കയും തമ്മിൽ ഒപ്പിട്ടു കഴിഞ്ഞ ധാരണകൾ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിലേക്ക് മറ്റൊരു രാജ്യം കൈകടത്തുന്നവയല്ല.  മറിച്ച്, രണ്ടു പരമാധികാരരാജ്യങ്ങൾ ഒന്നിച്ചുചേരുന്നതോടെയുണ്ടാകുന്ന ശാക്തിക വർദ്ധനവിലൂടെ, ലോക സമാധാനത്തിനെതിരെയുള്ള ഏത് ഭീഷണിയെയും (കമ്യൃണിസറ്റ് ചൈനയുടെതാണെങ്കിലും മത ഭീകരവാദത്തിന്‍റെയാണെങ്കിലും) പ്രതിരോധിക്കുന്നതിനുള്ള പ്രഹരശേഷി പലമടങ്ങായി ഉയർത്തുന്നതാണ്.  അതോടൊപ്പം തന്നെ പ്രതിരോധ ആയുധങ്ങളുടെയും സാമഗ്രികളുടെയും സംഭരണത്തിന് റഷ്യയുമായോ ഫ്രാൻസുമായോ ജർമ്മനിയുമായോ മറ്റേതെങ്കിലും രാജ്യങ്ങളുമായോ ബന്ധപ്പെടുന്നതിനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്  നരേന്ദ്രമോദി ഭരണകൂടം മുന്നോട്ടു പോകുന്നതും കൂടി കണക്കിലെടുക്കുമ്പോൾ ഭാരതത്തിനും ലോകത്തിനും ശുഭകരമായ ഭാവിയാണു തെളിഞ്ഞു വരുന്നത്.  ശസ്ത്രവും ശാസ്ത്രവും സാങ്കേതിക വിദ്യയും നിക്ഷേപങ്ങളും ആഗോള കമ്പോളത്തു നിന്നും സ്വീകരിക്കുന്നതിനു  തയ്യാറാകുമ്പോളും ആത്മ നിർഭര ഭാരതത്തിന്‍റെ ബലമുള്ള അടിത്തറയിൽ ഈ രാജ്യത്തെ ശക്തമായ  പ്രതിരോധവ്യവസായ കേന്ദ്രമാക്കിമാറ്റാനുള്ള മോദി സർക്കാരിന്‍റെ വികസനോന്മുഖ സമീപനം കൂടി കണക്കിലെടുക്കുമ്പോളാണ് ദേശീയതയുടെ പക്ഷത്തുള്ളവരുടെ  ആത്മ വിശ്വാസം ഉയരൂന്നത്. 

അതോടൊപ്പം ഇൻഡോ-പസഫിക്ക്   മേഖലയിൽ ശാന്തിയും നാവികപാതാ സുരക്ഷയും ഉറപ്പാക്കുവാൻ ഭാരതത്തിനും ജപ്പാനും ആസ്ട്രേലിയക്കും അമേരിക്കക്കും കൂട്ടായ പങ്കാളിത്തമുള്ള ഒരു ചതുഷ്കോണ സുരക്ഷാ സംരംഭമായ 'ക്വാഡ്' എന്നു വിളിക്കപ്പെടുന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗും സുപ്രധാനമായ ചുവടുവെപ്പാണ്.  അക്കാര്യം കണക്കിലെടുക്കുമ്പോൾ  ഇൻഡോ-പസഫിക്ക് മേഖലയുടെ ചരിത്രപരവും വാണിജ്യപരവുമായ പ്രാധാന്യങ്ങളും കണക്കിലെടുക്കണം. കമ്യൂണിസ്റ്റു ചൈന രൂപം കൊള്ളുന്നതിനും ഭാരതം  സ്വതന്ത്രയാകുന്നതിനും വളരെ മുമ്പ് 1930ൽ തന്നെ കാൾ ഹൗഷോഫർ എന്ന ജർമ്മൻ രണതന്ത്രജ്ഞൻ പോലും യൂറേഷ്യൻ രണതന്ത്ര കാഴ്ചപ്പാടിന് അനുസൃതമായിട്ട് നോക്കിക്കണ്ടിരുന്ന ഇടമായിരുന്നു  ഇൻഡോ പസഫിക്ക്   മേഖല.  തന്ത്ര പ്രധാനമായ നാവിക പാത ഉൾക്കൊള്ളുന്ന ഈ  മേഖല തടസ്സങ്ങളില്ലാത്ത സമാധാന മേഖലയായി തുടരണമെന്നതിൽ ആഗോളസമൂഹത്തിനുള്ള താത്പര്യത്തിനുള്ള കാരണത്തിലേക്ക് ചരിത്രം നൽകുന്ന സൂചനയാണത്.  ജനസംഖ്യകൊണ്ടും സാമ്പത്തികവളർച്ചകൊണ്ടും  പുതിയ ലോകക്രമത്തിലാകെ അവഗണിക്കാനാകാത്ത ശക്തിയായി വളരുന്ന രാജ്യമെന്ന നിലയിൽ ഭാരതത്തിനും ഇൻഡോ പസഫിക് മേഖലയിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ്  2007 ൽ  (കമ്യൃണിസ്റ്റു പിന്തുണയോടെ) ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ മൻ മോഹൻ സിംഗും അമേരിക്കൻ പ്രസിഡന്‍റ് ജോർജ്ജ് ബുഷും ഉൾപ്പടെയുളള രാജ്യത്തലവന്മാർ ഇൻഡ്യാ-ജപ്പാൻ-ആസ്ട്രേലിയാ-അമേരിക്കൻ ചതുഷ്കോണ അച്ചുതണ്ടിനെ  കൂറിച്ചുള്ള ചിന്ത ഗൗരവപൂർവ്വം തുടങ്ങിയത്.  ചൈനാ സർക്കാരിനോടും ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയോടും രാജീവ് ഗാന്ധി ഫൗണ്ടേഷനിലൂടെയും മറ്റും പണം വാങ്ങി കടപ്പെട്ടുപോയ സോണിയയുടെ നിയന്ത്രണത്തിലായിരുന്ന ഡോ മൻമോഹൻ സിംഗ് ആ ചർച്ചയിൽ നിന്നും പിന്നോട്ടു പോയി.  ജപ്പാനിലും ആസ്ട്രേലിയയിലും പിന്നീട് വന്ന ഭരണാധികാരികളും    ചൈനയുടെ നീരസം ഒഴിവാക്കൂന്നതിന് പ്രാധാന്യം നൽകിയതുകൊണ്ട് ആ ചർച്ചകളെ വേണ്ടുംവിധം മുന്നോട്ടു കൊണ്ടു പോയില്ല.   പക്ഷേ 2014ൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്രമോദിയുടെ വരവും മറ്റു രാജ്യങ്ങളിൽ വന്ന രാഷ്ട്രീയ മാറ്റങ്ങളും അത്തരം ചർച്ചകൾ വീണ്ടും സജീവമാക്കി.   2007ൽ ആരംഭിച്ച ക്വാഡ് ആലോചനകൾക്ക് ഒരു ദശാബ്ദ ശേഷം  വീണ്ടും ഗൗരവം വർദ്ധിക്കൂന്നതായാണ് പിന്നീട് കണ്ടത്.  2017ൽ അസിയാൻ (ASEAN) ഉച്ച കോടിയിയുടെയിടയിൽ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയും ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും നടത്തിയ ചർച്ചകളിലൂടെ ക്വാഡിനെ വീണ്ടും സജീവമാക്കുവാൻ സാധിച്ചുയെങ്കിൽ അത് ഭാരതത്തിനു ഗുണകരം.   കമ്യൂണിസ്റ്റു ചൈന സാമ്രാജ്യത്വ സാമ്പത്തിക മേഖലയിലുൾപ്പടെ നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കുന്ന ലോക രാജ്യങ്ങൾക്കെല്ലാം ഗുണകരം.  തെക്കൻ ചൈനാ സമുദ്ര മേഖല കേന്ദ്രമാക്കി കമ്യൂണിസ്റ്റ്-ഫാസിസ്റ്റ് ചൈന കാട്ടുന്ന കടന്നാക്രമണങ്ങളിൽ പൊറുതി മുട്ടിയ കമ്യൂണിസ്റ്റു വിയറ്റ്നാം, മുസ്ലീം ഭൂരിപക്ഷ ഇൻഡോനേഷ്യ, ഫിലിപ്പയിൻസ്,  തുടങ്ങിയ നിരവധി ഏഷ്യൻ രാജ്യങ്ങൾക്ക് ഏറെ ഗുണകരം.

ശ്രദ്ധ അർഹിക്കുന്ന മറ്റൊരു വസ്തുതയാണ് ഇതൊരു സൈനിക സഖ്യമോ ശാക്തികച്ചേരിയോ അല്ലായെന്നുള്ളത്.   നാലു രാജ്യങ്ങളുടെ തന്ത്രപരമായ ഒരു അനൗപചാരിക കൂട്ടായ്മ മാത്രമാണ് ക്വാഡ്.  കൂടിയാലോചനകളും  തന്ത്രപ്രധാനമായ വിവരങ്ങളുടെ കൈമാറ്റങ്ങളും അംഗരാജ്യങ്ങൾ തമ്മിൽ സഹകരിച്ചുള്ള സൈനിക പ്രദർശന പരിശീലനങ്ങളും മറ്റുമാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾക്കു വേണ്ടിയൂള്ള ആ കൂട്ടായ്മയൂടെ ചൂവടുവെപ്പുകൾ.  വസ്തുതകൾ ഇങ്ങനെയായിരിക്കെ, ഇതിനെ ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്ത സൈനിക ചേരികളോടോ പിന്നീടുയർന്ന അമേരിക്കയുടെയും സോവിയറ്റു യൂണിയന്‍റെയും ചേരികളോടോ ചൈനയുടെയും പാക്കിസ്ഥാന്‍റെയൂം സഖ്യത്തോടോ തുല്യമായി കരുതേണ്ട സാഹചര്യം ഇന്ന് നിലവിലില്ല.   കൃത്യമായി പറഞ്ഞാൽ അത് ഒരു അമേരിക്കൻ സുരക്ഷാ സഖ്യമല്ല.  കൂടുതൽ സ്പഷ്ടമായി പറഞ്ഞാൽ 
  • മറ്റേതെങ്കിലും രാജ്യത്തെയോ രാജ്യങ്ങളെയോ സൈനികമായി ആക്രമിക്കുവാനുള്ള ഒരു കൂട്ടൂകെട്ടല്ല ക്വാഡ് 
  • ഈ കൂട്ടായ്മയിലെ ഏതെങ്കിലും രാജ്യത്തെ മറ്റേതെങ്കിലും ഒരു രാജ്യം സൈനികമായി ആക്രമിച്ചാൽ (ഉദാഹരണത്തിന് ചൈനയോ പാക്കിസ്ഥാനോ ഭാരതത്തെ ആക്രമിച്ചാൽ) സൈനിക സഹായം നൽകി പ്രതിരോധിക്കുവാനുള്ള ബാദ്ധ്യത ക്വാഡിനില്ല.  
വസ്തുതകളതായിരിക്കെ, ഇത് ചൈനയ്ക്കെതിരെയുള്ള കൂട്ടായ്മയാണെന്ന് ഇൻഡ്യൻ കമ്യൂണിസ്റ്റ് പരിവാർ മുറവിളികൂട്ടുന്നതിലൂടെ അവർ സ്വന്തം പക്ഷമായ ചൈനയെ പ്രതിക്കൂട്ടിലിടുന്ന കുറ്റ സമ്മതമാണ് ചെയ്യുന്നത്.  കാരണം  അപകടഭീഷണിയ്ക്കും അപായ സാദ്ധ്യതയ്ക്കും എതിരെയാണ് സുരക്ഷയ്ക്കുവേണ്ടി കൂട്ടായ്മ അനിവാര്യമാകുന്നത്.  ഇൻഡോ പസഫിക്ക് മേഖലയിലെ സുരക്ഷയ്ക്കുള്ള ഭീഷണിയെ പ്രതിരോധിക്കുവാനുള്ള കൂട്ടായ്മയെന്നു പറയുമ്പോൾ പ്രതിരോധം ചൈനയ്ക്കെതിരെയാണെന്ന് കരഞ്ഞുപറയാൻ  ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ  അപകടകരമായ ആ ഭീഷണി ഉയരുന്നത്   കമ്യൂണിസ്റ്റ് ചൈനയിൽ നിന്നാണെന്ന്  അവരും അംഗീകരിക്കുന്നൂയെന്നല്ലേ മനസ്സിലാക്കേണ്ടത്?   

അതെന്തായാലും ഭാരതത്തിന് വിശേഷിച്ചും ലോകത്തിനു പൊതുവെയും സാമ്രാജ്യത്വ കടന്നു കയറ്റ ഭീഷണി ഉയർത്തുന്ന കമ്യൂണിസ്റ്റ് ചൈനയ്ക്കു വേണ്ടി കമ്യൂണിസ്റ്റു മാക്സിസ്റ്റു കക്ഷി ഭാരതവിരുദ്ധ വിമർശനങ്ങളുമായി നിരന്തരംവരുമ്പോൾ  1965 ജനുവരി 1ന് അന്നത്തെ ഇൻഡ്യൻ ആഭ്യന്തര മന്ത്രി ഗുൽ സാരിലാൽ നന്ദ ആകാശവാണിയിലൂടെ  നൽകിയ സൂചനകൾ സ്മരണയിലെത്തും:   "പീക്കിംഗ് സ്വാധീനത്തിലാണ് പുതിയ പാർട്ടി, സിപിഐ(എം) രൂപികരിച്ചത് എന്ന് വിശ്വസിക്കുവാൻ കാരണങ്ങളുണ്ട്.  പീക്കിംഗിന്‍റെ ഉപകരണമായി നിന്നുകൊണ്ട് ഈ രാജ്യത്ത് അസ്വസ്ഥതകൾ വളർത്തിയെടുത്തും,  ഇൻഡ്യക്കെതിരെയുള്ള ചൈനയുടെ തന്ത്രങ്ങൾ നടപ്പിൽ വരുത്തിയും ഏഷ്യയിൽ മേധാവിത്വം സ്ഥാപിച്ച്  പ്രഖ്യാപിത ആഗോള ലക്ഷ്യം നേടുവാനുള്ള ചൈനയുടെ വിപുലമായ രണതന്ത്രത്തിന്  സേവ ചെയ്യുവാൻ വേണ്ടിയാണ് പുതിയ പാർട്ടി രൂപികരിച്ചത്.   ഇടത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ആശയപരമായ പ്രചോദനവും  മറ്റുപല തരത്തിലുള്ള പിന്തുണകളും കിട്ടുന്ന ചൈനയുമായി  അവർക്ക് വളരെ അടുത്ത ബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ട്"  (വിവേക് ബഹാദൂർ സിൻഹ:  ദി റെഡ് റിബൽ ഇൻ ഇൻഡ്യ)

1962ൽ അതിർത്തി കടന്നാക്രമിച്ചശേഷം പിടിച്ചെടുക്കാവുന്നത്ര ഭാരതഭുമി പിടിച്ചെടുത്തിട്ട് തന്ത്രപരമായ വെടി നിർത്തലിനു തയാറായെങ്കിലും  സാമ്രാജ്യത്വ അജണ്ട ബാക്കിവെച്ചിട്ടു തന്നെയായിരുന്നു ചൈന താത്കാലിക പിന്മാറ്റത്തിനു തയാറായത്.   അതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയെ പിളർത്തി യുദ്ധകാലത്ത് ചാരപ്പണി ചെയ്ത് ചൈനയോട് പ്രതിബദ്ധതയും വിധേയത്വവും കാട്ടിയ കൂട്ടരെ കമ്യൂണിസ്റ്റ് പാർട്ടി (മാക്സിസ്റ്റ്)യുടെ അമരത്ത് അരിയിട്ടു വാഴിച്ചപ്പോൾ നിരന്തരം ഭാരതത്തെ അകത്തു നിന്ന് തകർത്ത് ചൈനയുടെ അടുത്ത കടന്നുകയറ്റത്തിന് കളമൊരുക്കുകയായിരുന്നു ലക്ഷ്യം.  പിന്നീട് ഭാരതം കാണുന്നത് ഭാരതത്തിന്‍റെ ശത്രുക്കളും ചൈനയുടെ മിത്രങ്ങളുമായ പാക്കിസ്ഥാനു വേണ്ടി വേലയെടുക്കുന്നവരുമായുള്ള ഇടതു സഖാക്കളുടെ ചങ്ങാത്തമാണ്.  പക്ഷേ ഇൻഡ്യൻ കമ്യൂണിസ്റ്റുകാർ ചൈനയുടെ ചാരന്മാരെന്ന് തിരിച്ചറിഞ്ഞതോടെ നിരക്ഷരും അർദ്ധപട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമൊക്കെയാണെങ്കിലും  സ്വരാജ്യം എന്ന മഹത്തായ വികാരം ഉള്ളിലുള്ള  ജനാധിപത്യഭാരതത്തിലെ ബഹുഭൂരിപക്ഷം ജനത കമ്യൂണിസ്റ്റു പരിവാറിനെ തന്നെ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് എറിയാൻ തുടങ്ങിയതാണ് പിന്നീടു കണ്ടത്.  

അങ്ങനെ ജനപിന്തുണയോടെ ജനാധിപത്യ വഴിയിലൂടെ ഒരു കമ്യൂണിസ്റ്റു മാക്സിസ്റ്റ് ഭരണ സാദ്ധ്യത തീർത്തും ഇല്ലാതായിക്കഴിഞ്ഞിട്ടും ചൈനയുടെ സഹായത്തോടെ  അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുന്നതിനുള്ള മോഹം സഖാക്കൾ  കൈവിടാതിരുന്നു.  ചൈന അവരുടെ സാമ്രാജ്യത്വ ലക്ഷ്യസാദ്ധ്യത്തിനു വേണ്ടി ജൈവായുധമായി  ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കോവിഡ്-19  ന്‍റെ പ്രഹരശേഷിയെ സംബന്ധിച്ച സൂചനകൾ ലഭ്യമായപ്പോഴും സഖാക്കളും കൂട്ടായ്മയും കുതന്ത്രങ്ങളുമായി രംഗത്തെത്തി.   ഭാരതത്തിലാകെ  കോവിഡിന്‍റെ പശ്ചാത്തലത്തിൽ പടരാനിടാനുള്ള നാശസാദ്ധ്യതകളുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ വേണ്ടി വേണ്ടാത്ത സമരങ്ങളും ഷാഹിൻ ബാഗും ഡൽഹി ആക്രമണവും എല്ലാം നടത്തി.  നരേന്ദ്രമോദി ഭരണകൂടം അവസരത്തിനൊത്ത് ഉയർന്നതോടെ  അതിലും അവർ പരാജയപ്പെട്ടു.  അവസാനപ്രതീക്ഷയായിരുന്നു, ചൈന ലഡാക്കിൽ നടത്തിയ കടന്നാക്രമണം.  ഇരുപത് ധീരജീവാന്മാർ ബലിദാനികളായെങ്കിലും കടന്നാക്രമിക്കാൻ വന്ന ചൈനീസ് പടയാളികളിൽ അറുപതോളം പേരുടെ കഴുത്തൊടിച്ചു വീഴ്ത്തി.   പിന്നീട് പ്രതിരോധ മേഖലയിലും വാണിജ്യ മേഖലയിലും ഭാരതം വർദ്ധിച്ച  പ്രതിരോധശേഷിയും പ്രത്യാക്രമണസന്നദ്ധതയും പ്രകടമാക്കുകയും ചെയ്തു.  അതോടെ കമ്യൂണിസ്റ്റ് മാക്സിസ്റ്റുകാരുടെ  ആ പ്രതീക്ഷയും തകർന്നു.  ചൈനയുടെ സാമ്രാജ്യത്വ മോഹം ലോകത്തിനു തന്നെ ഭീഷണിയാണെന്ന ബോദ്ധ്യം അന്തർദേശീയ തലത്തിൽ തന്നെ  സാർവത്രികമാവുകയും കൂടി  ചെയ്തതോടെ, അതിർത്തിയിൽ ചൈന ഇനി നടത്തുന്ന ഏത് അതിസാഹസങ്ങൾക്കും പ്രതിരോധം തീർക്കുവാൻ ഭാരതത്തിന് ലോക രാജ്യങ്ങളുടെ പിന്തുണ ഉണ്ടായേക്കാമെന്ന കണക്കുകൂട്ടൽ ചൈനയ്ക്ക് പുതിയ വെല്ലുവിളി ഉയർത്തി. ആ സാഹചര്യമാണ്  അവരോടൊപ്പം നിൽക്കുന്ന ഭാരതത്തിലെ കമ്യൂണിസ്റ്റുകാരെ വെള്ളം കുടിപ്പിക്കുന്നത്.  അതാണ് ഭാരതം അമേരിക്കയോടും മറ്റുള്ളവരോടും ചേരരൂതെന്നും ചൈനയോട് ചർച്ച ചെയ്താൽ മതിയെന്നും കമ്യൂണിസ്റ്റു മാക്സിസ്റ്റു പാർട്ടിയും സഹയാത്രികരും ആവർത്തിക്കുന്നതിന്‍റെ പശ്ചാത്തലം.

ചൈനയും പാക്കിസ്ഥാനും ആയുധമെടുക്കുമ്പോഴും  ആക്രമിക്കുമ്പോഴുമൊക്കെ ഭാരതം പ്രതിരോധിക്കരുതെന്നും ചർച്ചയ്ക്ക് മാത്രം പോകണമെന്നും നിരന്തരം പറയുന്ന കൂട്ടരാണ് സഖാക്കൾ.  ഓടിച്ചിട്ട് പിടിച്ച് കൊന്നു കറിവെച്ച് തിന്നാൻ വരുന്നവനെ ബുദ്ധിമുട്ടിക്കാതെ പതുങ്ങി ഇരുന്നുകൊടുക്കാൻ താറാവിനോട് ഉപദേശിക്കുന്നതിനു തുല്യമാണ് രാജ്യദ്രോഹത്തിന്‍റെ സീമയിലേക്കടുക്കുന്ന അത്തരം ഉപദേശങ്ങൾ.  ശത്രു ഹസ്തദാനം ചെയ്യാൻ മുന്നോട്ട് ഒരടിവെച്ചാൽ രണ്ടടി മുന്നോട്ടു ചെന്ന് സ്വീകരിച്ചിട്ടുള്ളതാണ് ഭാരതത്തിന്‍റെ ചരിത്രം.  ആ സമീപനം ഇനിയും തുടരുകയും വേണം.  പക്ഷേ അതേ കൈ അടിക്കാനുയർത്തകയാണെങ്കിൽ പിടിച്ചൊടിക്കുമെന്ന തലത്തിലേക്ക് കാര്യത്തിൽ ചൈനയുടെ  പക്ഷം പിടിക്കുന്ന ഇൻഡ്യൻ കമ്യൂണിസ്റ്റുകാരനും കൃത്യമായ ധാരണ വേണം.  ഒപ്പം തന്നെ ചൈനയും പാക്കിസ്ഥാനും നടത്തിയ കഴിഞ്ഞകാല ആക്രമണങ്ങളുടെ പശ്ചാത്തത്തിൽ  ഇനി പറയുന്നതും കൂടി ഓർത്തുവെക്കുകയും വേണം.

1947ൽ പാക്കിസ്ഥാന്‍ കവർന്നെടുത്ത പാക്കധീന കശ്മീരാണെങ്കിലും 1962ൽ ചൈന കവർന്നെടുത്ത ഭാരതത്തിന്‍റെ വളരെ വിപുലമായ ഭൂപ്രദേശമാണെങ്കിലും തിരിച്ചു പിടിക്കുവാനുള്ള അവകാശം ഭാരതത്തിനെന്നും ഉണ്ട്.  അതിന് സാമഗ്രിയും ശക്തിയും കുറവുള്ള കാലത്ത് തന്ത്രപൂർവ്വം ഒതുങ്ങിയിരുന്ന് കരുത്താർജ്ജിക്കുവാനും ആത്മവിശ്വാസം വർദ്ധിക്കുമ്പോൾ കടന്നാക്രമിക്കുവാനും  അതല്ലാ സമാധാനത്തിനുവേണ്ടി വിട്ടുവീഴ്ചയാകാമെന്ന് കരുതുവാനുമൊക്കെയുള്ള സ്വാതന്ത്ര്യവും  അവകാശവും ഭാരതത്തിനുണ്ട്.  അതുകൊണ്ട് ചൈനയെയും പാക്കിസ്ഥാനെയും ശത്രുക്കളെന്നു കരുതി അവർക്കെതിരെ തന്ത്രപരമായ നിലപാടെടുകളെടുക്കുവാനും ഭാരതം മുതിർന്നെന്നു വരും.  അതല്ലാ സ്ഥിരം സൗഹൃദം വേണമെന്ന് സഖാക്കള്‍ക്ക് അഭിപ്രായമുണ്ടെങ്കിൽ അതിനും വഴിയുണ്ട്.   കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടി ചൈനയിലുള്ള അവരുടെ സ്വന്തക്കാരോട് പറഞ്ഞ് ചൈനയും പാക്കിസ്ഥാനും പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചു തരാൻ പറയണം.  ടിബറ്റിൽ നിന്നും ചൈനയും  പാക്കധീന കശ്മീരിൽ നിന്നും ബലൂചിസ്ഥാനിൽ നിന്നും പാക്കിസ്ഥാനും പിന്മാറി കൊളോണിയലിസം  ഉപേക്ഷിച്ച് പുതിയ സമാധാനപരമായ സഹവർത്തിത്വത്തിനുതകുന്ന ശക്തിസന്തുലനത്തിന് വഴിയൊരുക്കുവാൻ പറയുക.  ഭാരതവും പാക്കിസ്ഥാനും ചൈനയും സ്വതന്ത്ര ടിബറ്റും സ്വതന്ത്ര ബലൂചിസ്ഥാനും പഞ്ചശീലതത്വങ്ങളെ മാനിച്ചുകൊണ്ട് പരസ്പരം അംഗീകരീച്ചുകൊണ്ട് പുതിയ ഒരൂ രാഷ്ട്രീയ ആവാസവ്യവസ്ഥ സൃഷ്ടിക്കുവാൻ കഴിഞ്ഞാൽ അത് ലോകത്തിനു തന്നെ സകാരാത്മായ ഭാവി  ഉറപ്പാക്കുവാനിടവരൂത്തുമല്ലോ?.  അതിനൊക്കെയുള്ള  ഇടപെടൽ ശേഷി ഭാരതത്തിലെ കമ്യൂണിസ്റ്റ് മാക്സിസ്റ്റു പാർട്ടിക്കുണ്ടെന്ന മിഥ്യാ ധാരണ ഇതെഴുന്നയാളിനോ പൊതു സമൂഹത്തിനോ സ്വാഭാവികമായും ഇല്ല.  പക്ഷേ അതാണ് ശരിയുടെ ദിശയെന്ന് അറിഞ്ഞ് ചെറിയ ഒരു കാൽവെപ്പെങ്കിലുമായിക്കൂടെ എന്നാണ് പ്രകാശ് കാരാട്ടിനോടും യച്ചൂരിയോടും കൂട്ടരോടും ചോദിക്കുന്നത്.  മൂവായിരം കിലോമീറ്റർ നീണ്ട യാത്രയാണ് ലക്ഷ്യമെങ്കിലും തുടങ്ങേണ്ടത് ചെറിയ ഒരു കാൽവെപ്പിലൂടെയാണെന്ന് മാവോ സേ തൂങ്ങ് പറഞ്ഞതൊന്നോർത്താൽ മതി.  അന്ധമായ ചൈന ഭക്തി ഉപേക്ഷിക്കുകയും നേപ്പാളിനെ ചൈനാ പക്ഷത്തെത്തിക്കുവാൻ വേണ്ടി സീതാറാം യച്ചൂരി നടത്തിയതുപോലെയുള്ള പരിശ്രമങ്ങൾ ഇനി നടത്താതിരിക്കുകയെങ്കിലും ചെയ്യണം.  തീരെ കുറഞ്ഞത് ഭാരതമാണെനിക്ക് ഒന്നാമതെന്ന സമീപനശക്തിയോടെ ചൈനയെയും പാക്കിസ്ഥാനെയും നിലയ്ക്കു നിർത്തുവാൻ  തീരുമാനിച്ചുറച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശകുനം മുടക്കുവാൻ കമ്യൂണിസ്റ്റുകാർ സ്വന്തം മൂക്കുകൾ മുറിച്ച ചോര കൊണ്ട് നിറം മങ്ങിയ പാർട്ടിപതാകയ്ക്ക് ചുവപ്പ് കൂട്ടി വഴിയിൽ വന്നു നിൽക്കാതിരുന്നാൽ മതി.

06 November 2020

Jyothiraj Thekkuttu മായ്ച്ചും വരച്ചും

 

വര അമൃത് പ്രസാദ്

കവിത

മായ്ച്ചും വരച്ചും

ജ്യോതിരാജ് തെക്കൂട്ട്

ആലാപനം ജ്യോതിരാജ് തെക്കൂട്ട്


സ്മൃതി പദത്തിലെവിടെയോ -

കൊളുത്തിയ ദീപനാളം പോലെ,

ഹൃദ്യമാം ആലിംഗനത്തിനൊടുവിലായ്,

പൂമരച്ചോട്ടിലെക്കെന്നെ തളച്ചിട്ട,

പുലരികൾ പൂച്ചൂടിയെന്നെ കൊതിപ്പിച്ച,

കാലമേ.. ഓർക്കുന്നു

നിന്നെ ഞാൻ ആർദ്രമായ്.


പകൽപൊള്ളി കടന്നു പോയ് 

സന്ധ്യയുടെ ഉടൽ കീറിപ്പടർത്തിയ,

രാവിൻ്റെ നെറുകയിൽ.

അഗാധമൗനമാണിന്നുമെനിക്കു നീ ഓർമ്മയിൽ.


ഉള്ളം നുറുങ്ങും ദുഃഖരേണുക്കളിൽ

ആരോ പടർത്തി നിൻ ചിത്രം.


മായ്ച്ചും വരച്ചും ആശങ്കയാലുടെൻ,

വെട്ടിമാറ്റുന്നു ചേർത്തു വെയ്ക്കുന്നു നിരന്തരം.


വിരൽ തൊട്ടുണർത്തും സ്മരണതൻ വീണയിൽ,

ശ്രുതിയിട്ടു തെന്നലിൽ മൗനരാഗം.

അമർന്നു തേങ്ങിക്കരയും ശരത്കാല രാത്രികൾ, 

ഇല പൊഴിയും  കാലത്തിൻ്റെ മൗനസഞ്ചാരിണി.         


പിന്നിട്ട വഴികളിൽ ഓർത്തോർത്ത് പടരുവാൻ,

നിന്നെ വരഞ്ഞിട്ട നിന്നെ കുടഞ്ഞിട്ട,

കാലത്തിൻ്റെ മൂകസാക്ഷിയായ്, 

ഇന്നെൻ്റെ മറവിയിൽ പിറവിയായ്,

നീ വന്നു നിൽപ്പൂ... നീ വന്നു നിൽപ്പൂ...


Jyothiraj Thekkuttu

K V Rqajasekharan അർണോബിന്‍റെ അറസ്റ്റ്: സോണിയാ-ഉദ്ധവ്-പവാർ ടീം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുഅർണോബിന്‍റെ അറസ്റ്റ്: സോണിയാ-ഉദ്ധവ്-പവാർ ടീം തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു


ദേശീയതയോടൊപ്പം നിൽക്കുന്നൂയെന്ന ഒറ്റക്കാരണം കൊണ്ട് റിപ്പബ്ളിക്ക് ടിവി എഡിറ്റർ-ഇൻ-ചീഫ്  അർണോബ് ഗോസ്വാമിയുടെ വീട്ടിലേക്ക് അസ്സോൾട്ട്/എകെ 47 തോക്കുകളുമായി എൻകൗണ്ടർ സ്പെഷ്ലിസ്റ്റ് ഓഫീസർ ഉൾപ്പടെ മഹാരാഷ്ട്ര പോലീസ് ഇടിച്ചു കയറുന്നു.  പുറത്ത് റയട്ട് പോലീസ് കാത്തു നിൽക്കുന്നു. ഭാരതത്തിലെ പ്രമുഖനായ ആ പത്രപ്രവർത്തകൻ സ്വന്തം വീട്ടിനുള്ളിൽ വെച്ച് ശാരീരികമായി ആക്രമിക്കപ്പെടുന്നു.  അദ്ദേഹത്തിന്‍റെ  ഭാര്യയുടെ കയ്യിൽ നിന്ന് ഏതോ കടലാസ്സ് ഒപ്പിട്ടു വാങ്ങാൻ ബലം പ്രയോഗിക്കുന്നു.  അർണോബിന്‍റെ  മകനായ ബാലനെ ആക്രമിക്കുന്നു.   അർണോബിനെ വലിച്ചുകൊണ്ടു പോയി വാനിലേക്ക് തള്ളിക്കയറ്റുന്നു.   യാത്രയ്ക്കിടയിൽ ഒരു വാനിൽ നിന്ന് മറ്റൊരു വാനിലേക്ക് തള്ളിമാറ്റുന്നു.   റിപ്പോർട്ട് ചെയ്യുവാൻ ചെന്ന മാധ്യമ പ്രവർത്തകരെ പോലീസ് അധികാരം ദുരുപയോഗം ചെയ്ത് അകറ്റിമാറ്റുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്‍റെ  നേരെ ജനാധിപത്യ ഭാരതത്തിൽ നടന്ന ഏറ്റവും ഭീകരമായ ഭരണകൂട കടന്നാക്രമണ് മുംബെയിൽ ഇന്ന് (നവംബർ 4) നടന്നത്.

സോണിയാ കുടുംബവും താക്കറേ കുടുംബവും പവാർ കുടുംബവും നിയന്ത്രിക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ട് സ്വന്തം അതിക്രമങ്ങൾക്ക് മുമ്പിൽ പർദ്ദയിടുവാനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിം അടക്കമുള്ളവരുടെയും പാക് ഭരണകൂടത്തിന്‍റെ യും താത്പര്യ സംരക്ഷണം നടത്തി മുതലെടുക്കുവാനും വേണ്ടിയാണ് തങ്ങൾക്കിഷ്ടമില്ലാത്ത മാധ്യമങ്ങളെ ഞെരിച്ചമർത്തുവാൻ ഭരണകൂട ശക്തി അഴിച്ചുവിട്ടിരിക്കുന്നത്.  ഭാരതവിരുദ്ധ ശക്തികളോട് നേർക്ക് നേർ പോരാട്ടത്തിന് നെഞ്ചുവിരിച്ചു നിൽക്കുന്ന ആയിരം പത്ര പ്രവർത്തകരുടേ പേരിലാണ് മൂംബെ പോലീസ് കള്ളക്കേസുകൾ എടുത്തിരിക്കുന്നത്.  ഉദ്ദവ് താക്കറെയെന്ന മുഖ്യ മന്ത്രിയുടെ കോടികൾ വിലമതിക്കുന്ന  ഫാം ഹൗസിനു മുമ്പിൽ കണ്ട പത്രപ്രവർത്തകനെ അദ്ദേഹം അവിടെ എത്തിയത് അന്വേഷണാത്മക പത്ര പ്രവർത്തനത്തിന്‍റെ  ഭാഗമാണെന്ന് തിരിച്ചറിഞ്ഞ് ഭയപ്പെട്ടതിന്‍റെ  ഫലമായാണ് അറസ്റ്റ് ചെയ്ത് ഒമ്പത് ദിവസം ജാമ്യം ലഭിക്കാൻ അവസരം നൽകാതെ കൽതുറുങ്കിലടച്ചത്.  അധികാരകേന്ദ്രങ്ങളുടെ അപഥസഞ്ചാരങ്ങളെയും കൊറോണാ പ്രതിരോധരംഗത്തുൾപ്പടെയുള്ള പോരായ്മകളെയും രാഷ്ട്ര വിരുദ്ധ ശക്തികളുടെ രഹസ്യവും പരസ്യവുമായ പോർമുഖങ്ങളെയും പൊളിച്ചു കാട്ടാൻ സജീവമായി സമാജത്തിൽ നിറഞ്ഞൂ പോരാടുന്ന മാധ്യമ മനുഷ്യശേഷിയെയാണ് മഹാരാഷ്ട്ര സർക്കാർ പോലീസ് കേസുകളിൽ കുടുക്കി അടിച്ചൊതുക്കുവാൻ അധികാരത്തിന്‍റെ  കരുത്ത് ഉപയോഗിക്കുന്നത്.

മഹാരാഷ്ട്രയിൽ കോൺഗ്രസ്സ്  ശിവസേനാ എൻസിപി സഖ്യം അധികാരത്തിലെത്തിയതോടെ ഹിധ്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെ യും കൂട്ടായ്മയുടെ സക്രിയ പങ്കാളികളായ കൃസ്ത്യൻ മത പരിവർത്തന ലോബിക്കും  ഇസ്ലാമിക തീവ്രവാദികൾക്കും    കമ്യൂണിസ്റ്റ് സഖാക്കൾക്കും  അധോലോക ലോബിക്കും  അഴിഞ്ഞാടുന്നതിനുള്ള അനുകൂല സാഹചര്യമാണ് തുറന്നു കിട്ടിയത്.  അങ്ങനെയാണ് പാൽഘട്ടിൽ രണ്ട് ഹിന്ദു സന്യാസിമാരെ അതിക്രൂരമായി കൊന്നുതള്ളിയത്.  ആ സംഭവത്തിന്‍റെ  സത്യാവസ്ഥ പുറത്തു കൊണ്ടുവരികയും അതിൽ സോണിയയും രാഹുലും പ്രിയങ്കയും മറ്റും നടത്തിയ കുറ്റകരമായ മൗനം ചോദ്യം ചെയ്യുകയും ചെയ്തതിനാണ് റിപ്പബ്ളിക്ക് ചാനൽ മേധാവിയും ദൃശ്യമാധ്യമരംഗത്തെ പ്രമുഖനുമായ അർണോബ് ഗോസ്വാമിയും സഹപ്രവർത്തക കൂടിയായ ഭാര്യയും കോൺഗ്രസ്സുകളാൽ ആക്രമിക്കപ്പെട്ടത്.  അതു കൊണ്ട് അവസാനിപ്പിക്കാതെയാണ് സോണിയാ ഭക്തരെക്കൊണ്ട് രാജ്യത്തെ ഇരുനൂറ് പോലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അർണോബിനെ വരിഞ്ഞു കെട്ടാൻ കെണിയൊരുക്കിയത്.  ആ കെണിയാണ് സുപ്രീം കോടതി ഇടപെട്ട് എല്ലാം ചേർത്ത് ഒരിടത്ത് ഒരു എഫ്ഐആർ മതിയെന്ന ഉത്തരവിട്ട്, പൊളിച്ചടുക്കിയത്.  

അതോടടുത്തു തന്നെയാണ് ഭാരതത്തെ പിടിച്ചു കുലുക്കിക്കൊണ്ട് സുശാന്ത് സിംഗ് രാജ്പുത്തെന്ന ബോളിവുഡ് താരത്തിന്‍റെ  മരണം സംഭവിക്കുന്നത്. ചലച്ചിത്ര രംഗത്തും അതിനുമുമ്പ് സാങ്കേതിക വിദ്യാഭ്യാസത്തിലും എല്ലാം മികവുതെളിയിച്ച ആ യുവ പ്രതിഭ ബീഹാറിൽ നിന്ന് മുംബെയിലെത്തി പിടിച്ചാൽ കിട്ടാത്ത ഉയർച്ചയിലേക്ക് വളർന്നുയർന്നതിൽ ബോളിവുഡ് അടക്കിവാഴുന്നവർക്ക് ഉണ്ടായ അസഹിഷ്ണതയാണോ  ആ യുവപ്രതിഭയുടെ ജീവനെടുത്തതെന്ന സംശയം  പൊതുസമൂഹത്തിൽ വ്യാപകമായി.  ബോളിവുഡ് അടക്കി വാഴുന്നവരും അവരുടെ സൃഷ്ടിയായ മയക്കുമരുന്നു ലോബിയും എല്ലാത്തിന്‍റെ യും അടിത്തറയായ അന്താരാഷ്ട്ര ദുരൂഹബന്ധമുള്ള അധോലോകവും ചേർന്ന് സൂശാന്തിനെ ഇല്ലാതാക്കുകയായിരുന്നോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ദശലക്ഷക്കണക്കിന് വ്യക്തികളിൽ നിന്നുയർന്നുവന്നു.  സുശാന്തിന്റ ജീവിത പങ്കാളിയായിരുന്ന റിയാ മുഖർജിയെ കുറിച്ചും അവരുടെ സുഹൃദ് വലയിലുള്ളവരെ കുറിച്ചും സംശയങ്ങളുയർന്നു.  ഒപ്പം തന്നെ കേസന്വേഷണത്തിൽ മുംബെ പോലീസ് കമ്മീഷണറുടെയും പോലീസ് സേനയുടെയും അന്വേഷണം ശരിയായ ദിശയിലാണോയെന്ന ചോദ്യവും രാജ്യമാകെ ഉയർന്നു. ലക്ഷക്കണക്കിന്  പ്രവാസി ഭാരതീയരും സുശാന്തിന് നീതി കിട്ടണമെന്ന ആവശ്യം അതിശക്തമായി ഉയർത്തി.  അന്വേഷണത്തിന്‍റെ  വഴിമുടക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത് താക്കറെയുടെ താത്പര്യം സംരക്ഷിക്കാനാണോയെന്ന സംശയം പൊതു സമൂഹത്തിലുയർന്നു വന്നു.   ദൃശ്യ മാധ്യമങ്ങളായ റിപ്പബ്ളിക് ടിവിയും ടൈംസ് നൗവ്വും അക്കാര്യത്തിൽ പൊതുസമൂഹത്തോടൊപ്പം ശക്തമായി നിന്ന് സത്യാന്വേഷണത്തിന് വഴിയൊരുക്കുന്നതിനുള്ള മാധ്യമധീരത പ്രകടമാക്കി.  സമൂഹ മാധ്യമങ്ങളിലൂടെ ദശലക്ഷക്കണക്കിന് ജനങ്ങൾ നീതിക്കു വേണ്ടി ശബ്ദമുയർത്തി.  സുശാന്ത് കേസ് സിബിഐ അന്വേഷിക്കുവാൻ  അത്യുന്നത നീതിപീഠം ഉത്തരവിട്ടു.  സമാന്തരമായി ബോളിവുഡിൽ സംശയിക്കപ്പെടുന്ന  മയക്കുമരുന്ന്  ശൃംഖലയും  അതിന്‍റെ  സുപ്രധാന  കണ്ണികളായ ചലച്ചിത്ര മേഖലയിലെ തിളങ്ങുന്ന താരങ്ങളുമൊക്കെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ  അന്വേഷണത്തിന്  വിധേയമാക്കപ്പെടുകയുമുണ്ടായി.  അവിടം വരെ കാര്യങ്ങളെ എത്തിച്ചതിനുള്ള പ്രതികാരനടപടികളിലേക്കായി സോണിയാ-ഉദ്ദവ്-പവാർ കൂട്ടുകെട്ടിന്‍റെ  അടുത്ത ശ്രമം. അവിടെയാണ്  മറ്റൊരു മാധ്യമസ്ഥാപനത്തിനെതിരെ ഉയർന്ന ടിആർപി കേസ് റിപ്പബ്ളിക്കിനെതിരെ തിരിക്കാൻ നോക്കി മുംബെ പോലീസ് പരിഹാസ്യമാംവിധം പരാജയപ്പെട്ടത്.  എഫ്ഐആറിൽ പേർ പറഞ്ഞിട്ടുണ്ടായിരുന്ന മാധ്യമസ്ഥാപനത്തെക്കുറിച്ച് ഒന്നും പറയാതെ പേരുപോലും പറയാതിരുന്ന റിപ്പബ്ളിക്കിനെതിരെ പരാമർശങ്ങളുമായി പോലീസ് കമ്മീഷണർ പത്ര സമ്മേളനം നടത്തിയതു കണ്ട് പൊതുസമൂഹം മൂക്കത്തു വിരൽ വെച്ചു.  യഥാർത്ഥ എഫ്ഐആർ റിപ്പബ്ളിക്ക് ടിവി അന്വേഷിച്ചു കണ്ടെത്തി പുറത്തു വിട്ടതു കണ്ട് ബോദ്ധ്യപ്പെട്ട പൊതുസമൂഹത്തിന്  പോലീസ് പക്ഷത്തു നിന്നുണ്ടായത് കള്ളക്കേസിൽ  ഒരു മാധ്യമ സ്ഥാപനത്തെ വരിഞ്ഞു മുറുക്കുവാധുള്ള ശ്രമമായിരുന്നുയെന്നത് ബോദ്ധ്യമായി.  

അതിനിടെ  ഈ കടന്നാക്രണങ്ങൾക്കൊക്കെ ചുക്കാൻ പിടിക്കുന്ന പരംബീർ സിംഗ് എന്ന പോലീസ് കമ്മീഷണർ തന്നെയായിരുന്നു മുമ്പ് സോണിയാ കോൺഗ്രസ്സ് ഭരണകൂടത്തിന്‍റെ  താത്പര്യ പ്രകാരം, ഇല്ലാത്ത കാവിഭീകരതയെ  കൃത്രിമമായി സൃഷ്ടിച്ചെടുക്കുവാൻ വേണ്ടി, സാധ്വി പ്രഗ്യാ സിങ്ങ് ടാക്കൂറിനെ (ഭോപ്പാലിൽ നിന്നുള്ള ഇപ്പോഴത്തെ ബിജെപിയുടെ ലോകസഭാ അംഗം)  കസ്റ്റഡിയിലെടുത്ത് മൃഗീയമായി പീഡിപ്പിച്ചതെന്ന വസ്തുത  റിപ്പബ്ളിക്ക് ടിവി ഇന്റർവ്യൂയിലൂടെ പുറത്തു കൊണ്ടുവന്നു.  കാവിവസ്ത്രം അണിഞ്ഞുയെന്ന കാരണം കൊണ്ടു മാത്രം സോണിയയുടെ പോലീസ് വലവീശിപ്പിടിച്ച പൂർണ്ണ ആരോഗ്യവതിയായ സാധ്വി പോലീസ് വലയത്തിൽ നടന്ന് കസ്റ്റഡിയിലേക്ക് കയറുന്നതും  കൊടും പീഢനം ഏറ്റുവാങ്ങിയതിന്‍റെ  ഫലമായി  അവരെ സ്ട്രെച്ചറിൽ ആസ്പത്രി ഐസിയുവിലേക്ക് കൊണ്ടു പോയതുമൊക്കെ  നിറഞ്ഞ മിഴികളോടെയാണ് റിപ്പബ്ളിക്ക് പ്രേക്ഷകർ കണ്ടുകൊണ്ടിരുന്നത്. നിസ്സഹായായ സാധ്വിയുടെ നേർക്ക്  ചുറ്റും പോലീസ് വലയം തീർത്തുള്ള അതിക്രൂരമായ മർദ്ദനം,  താഴെയുള്ള ഉദ്യോഗസ്ഥന്മാരോട് അവർക്ക് കരുത്തില്ലായെന്ന് പരിഹസിച്ചിട്ട് രണ്ടു പേരുടെ പക്കൽ നിന്നും പിടിച്ചു വാങ്ങിയ ബൽറ്റുകൾകൊണ്ട് തന്‍റെ  മുഴുവൻ ശക്തിയുമെടുത്ത് പരംബീർ സിങ്ങ് നേരിട്ട് അടിച്ച് ശരീരം തകർത്ത സംഭവം,  മാനസികമായി തകർക്കാൻ വേണ്ടി സാധ്വിയെ മോശം വീഡിയോകൾ കാട്ടിയത്, തലയും നടുവുമൊക്കെ  ഭിത്തിയിലേക്ക് ചേർത്ത് പ്രഹരിച്ചത്, തുടങ്ങിയ കാര്യങ്ങൾ സാധ്വി പ്രഗ്യാ സിങ്ങ് ടാക്കൂർ റിപ്പബ്ളിക്ക് അഭിമുഖത്തിലുടെ പങ്കുവെച്ചത് കേട്ട് പ്രേക്ഷകർ സ്വയം ഉരുകി.   അങ്ങനെ വിവരിക്കുവാൻ,   ഇന്ന് ജീവശ്ശവം പോലെ ജീവിക്കുന്ന  സാധ്വിക്ക്, അവസരം നൽകിയതാകണം പോലീസ് ഭീകരതയുടെ പ്രഹര ശേഷിയെത്രയെന്ന് അർണോബ് ഗോ സ്വാമിയെ പഠിപ്പിച്ചു കൊടുത്ത് പ്രതികാരം വീട്ടുവാൻ മഹാരാഷ്ട്രയിലെ ഭരണകൂടത്തെ ഇപ്പോൾ പ്രേരിപ്പിച്ചത്. തല്ലാനൊരുങ്ങുന്ന രാജാവിന് കൊല്ലാൻ ആവേശമുള്ള മന്ത്രിയായി മാറിയ മുംബെ പോലീസ് കമ്മീഷണർ പരംബീർ സിംഗിന്‍റെ  പഴയകാല ചരിത്രം കൂടി സമൂഹത്തെ ഓർമ്മിപ്പിച്ചതിനെ തുടർന്ന്  ഭാരതീയ ജനാധിപത്യത്തെ വെല്ലു വിളിക്കുന്ന ധാർഷ്ട്യമാണ് പ്രകടമായിരിക്കുന്നത്.

ഡോ ശ്യാമ പ്രസാദ് മുഖർജി 1950ൽ ലോക സഭയിൽ ഉയർത്തിയ ശബ്ദമാണിവിടെ ഓർത്തെടുക്കേണ്ടത്.  ജവഹർലാൽ നെഹ്രുവിന്‍റെ  ആഭ്യന്തരനയത്തെയും വിദേശനയത്തെയും  ദേശീയതയുടെ പക്ഷത്തുനിന്ന്  ഓർഗനൈസറും കമ്യണിസ്റ്റു പക്ഷത്തുനിന്ന് രോമേഷ് ഥാപ്പറിന്‍റെ  ക്രോസ്സ്റോഡ്സുമൊക്കെ അതി ശക്തമായി വിമർശിച്ചു. അതിനെ കോടതിയിൽ ചെറുക്കൂവാൻ ശ്രമീച്ചു പരാജയപ്പെട്ടതോടെ ഒന്നാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് ആർട്ടിക്കിൾ 19 നൽകിയ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ സഭയിലെ മൃഗീയ ഭൂരിപക്ഷത്തെ ദുരുപയോഗം ചെയ്തതിനോടാണ് ഡോ മുഖർജി അതിശക്തമായി പ്രതികരിച്ചത്.  അദ്ദേഹം നെഹ്രുവിന് ലോക്സഭാ ചർച്ചയിൽ മുന്നറിയിപ്പു നൽകി: 'നിങ്ങളെ ഈ സഭയിൽ 240 പേർ പിന്തുണയ്ക്കാനുണ്ടാകാം. പക്ഷേ പുറത്ത് ഭാരതമാകെ  ദശലക്ഷക്കണക്കിനു ജനങ്ങൾ നിങ്ങൾക്കെതിരാണ്'.  അതിനു മറൂപടി പറയവേ മുഷ്ടി ചുരുട്ടി ഇളക്കിക്കാണിക്കുകയാണ് നെഹ്രു ചെയ്തതെന്നാണ് അന്നത്തെ മാധ്യമങ്ങൾ  റിപ്പോർട്ടു ചെയ്തിട്ടുള്ളത്.

അതേ മുഷ്ടി ചുരുട്ടിയ ധിക്കാരമാണ് സ്വന്തം അധികാരത്തെ ചോദ്യം ചെയ്തപ്പോൾ ഇന്ദിരയും ആവർത്തിച്ചത്.  അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി അയോഗ്യയാക്കിയപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് തന്‍റെ  കൈപ്പിടിയിലായ പാർലമെന്റിനെ ഉപയോഗിച്ച് ഭരണഘടന ഭേദഗതി ചെയ്ത് അയോഗ്യത ഒഴിവാക്കിയെടുത്ത ഇന്ദിരക്ക് അച്ഛൻ തന്നെയായിരുന്നു ജനാധിപത്യം  അട്ടിമറിക്കുവാനുള്ള വഴികാട്ടിയത്!  മാധ്യമങ്ങളെ അടിച്ചൊതുക്കുന്നതിലും അടിയന്തിരാവസ്ഥയിലൂടെ ഇന്ദിര വളരെ മുന്നോട്ടു പോയി.  അതിലേറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഇന്ദിരയും മകൻ സഞ്ജയ്യുമായി ഉണ്ടായ ഒരു പ്രശ്നം റിപ്പോർട്ട്    ചെയ്തതിന് പുലിറ്റ്സർ അവാർഡ് ജേതാവിയിരുന്ന ലൂയിസ് എം സൈമൺസ്  എന്ന വാഷിങ്ങ്ടൺ പോസ്റ്റ് പത്രപ്രവർത്തകനോടും അദ്ദേഹത്തിന്‍റെ  ഭാര്യയോടും ചെയ്ത നീതിക്ക് നിരക്കാത്ത പ്രവർത്തി.  മകൻ അമ്മയെ ആറു പ്രാവശ്യം അടിച്ചൂയെന്നായിരുന്നു വാഷിങ്ങ്ടൺ പ്രസിദ്ധീകരിച്ച ആ റിപ്പോർട്ട്.   ഇന്ദിരയുടെ മകൻ രാജീവും മാധ്യമങ്ങളോട് മുഷ്ടി ചുരുട്ടി കാട്ടുന്നതിൽ ഒട്ടും പിന്നിലായിരുന്നില്ല.  ഇന്ദിരാവധം  അന്വേഷിച്ച ജസ്റ്റീസ് ഥാക്കർ കമ്മീഷൻ റിപ്പോർട്ടിൽ ആർ കെ ധവാനെന്ന രാജീവ് കുടുംബത്തിന് ഏറ്റവും വേണ്ടപ്പെട്ട ആളിലേക്ക് സംശയത്തിന്‍റെ  കുന്തമുന നീളുന്നതായി പരാമർശിക്കപ്പെട്ടു.  ധവാനിലേക്കുള്ള പുനരന്വേഷണം ഒഴിവാക്കുവാൻ ആ റിപ്പോർട്ട് പുറത്താക്കാതിരിക്കാൻ പ്രധാനമന്ത്രിയും വധിക്കപ്പെട്ട ഇന്ദിരയുടെ മകനുമായ രാജീവ് ശ്രമിച്ചപ്പോൾ 'ഇൻഡ്യൻ എക്സ്പ്രസ്സ്' എന്ന പത്രം അത് 'ലീക്ക്'  ചെയ്ത് പുറത്തുകൊണ്ടുവന്നു.  പിന്നീട് കണ്ടത് രാജീവിന്‍റെ  ഭരണകൂട ഭീകരത പല രൂപത്തിൽ ഇൻഡ്യൻ എക്സ് പ്രസ്സിന്‍റെ  മേൽ പ്രഹരം ശക്തമാക്കിയതാണ്..

പക്ഷേ നെഹ്രുവിന്‍റെ യും ഇന്ദിരയുടെയും രാജീവിന്‍റെ യും ഭീഷണികളെ  അതിജീവിക്കാൻ മാധ്യമങ്ങളോടൊപ്പം നിന്ന  ജനാധിപത്യ ശക്തി  വീണ്ടും ഉയരും.  മുംബെ അധോലോകവും അവരെ നിയന്ത്രിക്കുന്ന രാഷ്ട്ര വിരുദ്ധ ശക്തികളും അവരുടെ ആജ്ഞാനുവർത്തികളായ സോണിയാ പവാർ കൂട്ടുകെട്ടും അവരോടു ചേർന്നു സ്വയം നശിച്ച ഉദ്ദവ് താക്കറെയും ചേർന്ന് ഭരണകൂടത്തെ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്താലും ഡോ ശ്യാമ പ്രസാദ് മുഖർജി അന്ന് സൂചിപ്പിച്ച ജനകീയ ശക്തിയുടെ പ്രതിരോധം റിപ്പബ്ളിക്കുൾപ്പടെയുള്ള മാധ്യമങ്ങളുടെ സംരക്ഷണം ഉറപ്പാക്കും