Smitha R Nair :: പ്രണയത്തിന്റെ അനർഘ നിമിഷങ്ങൾ

Views:

 

പ്രണയത്തിന്‍റെ അനർഘ നിമിഷങ്ങൾ

സ്മിത ആർ നായർ

 

രജി ചന്ദ്രശേഖർ മാഷിന്റെ, തനിച്ചു പാടാൻ എന്ന സമാഹാരത്തിൽ 36 പ്രണയഗീതികളാണുള്ളത്‌. താളവും, പ്രാസവുമൊത്തിണങ്ങിയ മധുരഗീതങ്ങൾ. ശ്രുതി മധുരമായി ആലപിക്കാൻ സാധിക്കുന്നവ കൂടിയാണ്. പ്രണയത്തിന്റെ സർവ്വതലങ്ങളേയും സ്പർശിച്ച ഈ പ്രണയ ഗീതങ്ങൾക്ക് ഒരു അവതാരിക തയ്യാറാക്കുവാൻ കഴിയുമോ എന്ന കാര്യത്തിൽ എനിക്കു സംശയമായിരുന്നു എല്ലാ ഗീതങ്ങളിലൂടെയും കടന്നു പോയെങ്കിലും, ഏറെ പ്രിയപ്പെട്ട ചില ഗീതങ്ങളെക്കുറിച്ച് പറഞ്ഞു പോകുന്നു. ആ വരികളിലേക്ക് ആഴ്ന്നിറങ്ങാൻ ഒരെളിയ ശ്രമം.

ഒരിക്കലും വറ്റാത്ത പ്രണയത്തിന്റെ തെളിനീരുറവ മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് നമ്മുടെ പ്രിയ കവി. വായനക്കാരന്റെ മനസ്സിനെ തൊട്ടുണർത്തുന്ന മധുരപദാവലികളുമായി, കവിയുടെ ഉൾത്തുടിപ്പേറ്റിയ ഗീതങ്ങളാണിവ. പ്രണയത്തിന്റെ രസക്കൂട്ടൊരുക്കിയ ഇവ ആരുടേയും മനസ്സ് കീഴടക്കും. ഇവയിലൂടെ കടന്നു പോകുമ്പോൾ പ്രണയം സിരകളെ തഴുകി കടന്നു പോകുന്നത് നമുക്കറിയാൻ സാധിക്കും.

തുമ്പപ്പൂവിന്റെ വിശുദ്ധിയുമായി ജീവിതത്തിലേക്ക് കടന്നുവന്ന പ്രണയിനിയെ താളം എന്ന ഗീതത്തിലൂടെ നമ്മുടെ മുൻപിൽ അവതരിപ്പിച്ചിരിയ്ക്കുന്നു. അവളുടെ നീൾമിഴികളുടെ ഭംഗിയും, മുഖകാന്തിയും ആദ്യ പ്രണയത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളെ സമ്മാനിച്ചിരിയ്ക്കുന്നു.

തിമിർക്കുകെന്നിൽ, വേരാഴ്ത്തിയെന്നാത്മാവിലെ കവിതകളൂറ്റും പെണ്ണേ, വേറെയാർക്ക്, നിനക്കു ഞാൻ, തിമിർക്കുകെന്നിൽ എന്ന വരികൾ ഞാനും എന്റെ ഹൃദയത്തോട് ചേർക്കുന്നു.

എന്നു നീ വന്നു ചേരും? സിന്ദൂരസന്ധ്യക്കു പൊന്നാട ചാർത്തുവാൻ എന്നു നീ വന്നു ചേരും? എന്നാണ് കവിയുടെ ചോദ്യം. ഇതു കേട്ടാൽ ചാരത്തണയാൻ കൊതിക്കാത്ത പ്രണയിനിയുണ്ടാകുമോ? പുൽനാമ്പുകളിലെ, തൂമഞ്ഞിൻ തുള്ളികളെ അർക്കരശ്മികൾ ചുംബിക്കുമ്പോൾ, ആഴപ്പരപ്പിൽ നീന്തിത്തുടിക്കുന്ന മാലാഖ മത്സ്യങ്ങളെ കാണുമ്പോൾ പ്രണയിനിയെ ഓർക്കുന്ന കവി മനസ്, വിഷാദം കൊണ്ട് കാർമേഘം മൂടിയ എന്റെ മനസ്സിൽ പൗർണമിചന്ദ്രിക പോൽ നീ താരാട്ടു പാടാൻ അണയുകില്ലേ, എന്നാശിക്കുകയാണ്‌.

നമ്മൾ പ്രണയമാണ്, കടൽപോലെ അലയിളകുന്ന തീവ്രമായ അനുരാഗം ഉള്ളിൽ പേറുന്ന പ്രണയികളാണ് ഈ ഗീതത്തിൽ. പ്രണയികളെ ചേർത്തുനിർത്തുന്നത് വാക്കുകളുടെ സുഗന്ധവും, ചെമ്പനീർപ്പൂവുപോലെ പുതുമഞ്ഞിലലിയുന്ന പ്രണയവുമാണ്.

ഇന്നും, മിണ്ടണമെന്നു രണ്ടു പേർക്കും ആശയുണ്ടെങ്കിലും ആരാദ്യം മിണ്ടും? എന്നതാണ് സംശയം. സ്വപ്നം കാണുന്ന മനസ്സിൽ നിറയെ സ്നേഹമാണെങ്കിലും ലജ്ജയാൽ പുഞ്ചിരി മാത്രം കൈമാറി അകന്നു മാറുകയാണ്.

ഇലയിട്ടു സ്വപ്നം വിളമ്പി വയ്ക്കും,

പലവട്ടം വഴിയിലേക്കെത്തി നോക്കും.

സ്നേഹമാകുന്ന സദ്യ വിളമ്പിവച്ച് പരസ്പരം പ്രണയം പറയാനാകാതെ വിങ്ങുന്ന മനസ്സുകളെ ഇവിടെ എത്ര മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നുവെന്ന് നോക്കൂ.

രൗദ്രമാടാം എന്നതിൽ പ്രണയിനിയായ ഗംഗയെ ജടയിൽ ഒളിപ്പിച്ച പരമശിവനെ കാണാം. 'നിന്നെ ഞാനെന്നുമെൻ നെഞ്ചോട് ചേർത്തുറക്കാം പ്രിയേ' എന്ന് ആർദ്രമായി മൊഴിയുന്നത് പവിത്ര പ്രണയത്തിന്റെ  വേറിട്ട ഒരു കാഴ്ചയാണ്.

ദിവ്യ യജ്ഞമല്ലേ, കാഴ്ച മങ്ങിത്തുടങ്ങിയ തന്റെ മിഴികളാൽ പ്രിയപ്പെട്ടവളെ തിരയുന്ന കാമുകനെയാണ് ഈ ഗീതത്തിൽ കാണാനാവുക. പണവും, പണിയും ഇല്ലാത്തവനെങ്കിലും നിനക്കു നൽകുവാനായി എന്നിലെ കത്തിജ്ജ്വലിക്കുന്ന പ്രണയവും, ഒരിക്കലും വറ്റാത്ത  കവിതയും ഇനിയും ബാക്കിയുണ്ട്. ഓർമ്മയിൽ ഇന്നോളം നാം നെയ്തു തീർത്തത്, പെയ്തു തീരാത്ത നമ്മിലെ പ്രണയമല്ലേ, പ്രണയം ഒരു ദിവ്യയജ്ഞമാണെന്ന് കൂടി ഇവിടെ ഓർമ്മിപ്പിക്കുകയാണ്.

മൗനപ്രണയത്തിൽ ഒരു നോട്ടം കൊണ്ടു പോലും പ്രണയികൾക്ക് ഹൃദയം കൈമാറാൻ സാധിക്കുന്നുവെന്ന്‌ തനിച്ചു പാടാൻ കാണിച്ചു തരുന്നു. മൗനം വാചാലമാകുന്നത് ഇവിടെ കാണാം. പ്രണയനാളമെരിയുന്ന ഹൃദയത്തോടെ  ഇനി എന്നെങ്കിലും കണ്ടു മുട്ടുമോ എന്നറിയാതെ പിരിയേണ്ടി വരുന്നു. അവളുടെ ആ പ്രണയാർദ്ര നോട്ടം ഒന്നു മാത്രം മതി ശിഷ്ടകാലം തള്ളി നീക്കുവാൻ. പ്രണയികൾക്കിടയിൽ എന്തിനീ മറ?

പറയുവാനേറെയുണ്ടാകണം നിന്റെ മൗനത്തിൻ മൂടുപടം നീക്കി എന്നോടുള്ള പ്രണയത്തെ ചൊല്ലൂ. വിറയാർന്ന ആ അധരങ്ങളാൽ എന്റെ കവിളിൽ ഒരു ചുടു ചുംബനമേകൂ, നിന്റെ മനസ്സ് തുറക്കുവാൻ അമാന്തമെന്താണ്?

കൊടുങ്കാറ്റുപോലെ, നീ എന്നെ കാത്ത് ഉമ്മറക്കോലായിൽ നിൽക്കേണ്ടതില്ല. സ്നേഹത്തിന്റെ നിറ ദീപമേ എന്നോടൊപ്പം പോരൂ, കണ്ണിമ ചിമ്മാതെ ഞാൻ നിന്നെ കാത്തു കൊള്ളാം എന്ന കരുതലിൻ സ്വരം കൂടി ഇവിടെ കേൾക്കുന്നു.

എനിക്കൊരു ഫ്രണ്ടുണ്ട് ആംഗലേയ പദങ്ങളെ കൂട്ടിച്ചേർത്ത് അഴകു ചാർത്തിയ വരികളാണ്. ഗേൾഫ്രണ്ടിനെ നാട്ടുമൈനയോടാണ് കവി ഉപമിച്ചിരിയ്ക്കുന്നത്. ഒരിക്കലും കണ്ടുമുട്ടാനിടയില്ലെങ്കിലും അവൾ തന്റെ ഇടനെഞ്ചിൻ തുടിപ്പാണ്. അവസാന ശ്വാസത്തിലും ചുണ്ടിലേയ്ക്കിറ്റുന്ന തീർത്ഥ സത്യമായിരിക്കുമെന്നു കൂടി കവി ഇവിടെ പറഞ്ഞു വച്ചിരിയ്ക്കുന്നു.

ഓരോ പ്രണയഗീതവും പ്രണയത്തിന്റെ അനർഘ നിമിഷങ്ങളെ ഒപ്പിയെടുത്തിരിയ്ക്കുന്നു. മനുഷ്യ മനസ്സുകളിൽ പ്രണയത്തിന്റെ കുളിർമഴ പൊഴിക്കുവാൻ ഈ ഗീതങ്ങൾക്കു സാധിക്കുമെന്നതിൽ സംശയമേതുമില്ല. രജിമാഷിന്റെ രചനാവൈഭവം വിളിച്ചോതുന്ന ഈ 36 പ്രണയഗീതികളുടെ സമാഹാരത്തിന്‌ എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു.

സ്മിത ആർ നായർ

https://www.amazon.in/dp/B08L892F68





No comments: