Cherukavi Ami :: ഓർമ്മയായ പുഴ

Views:

 



ഓർമ്മയായ പുഴ

ചെറുകവി ആമി


ഓർമ്മയുണ്ടോ,

ഇവിടെയൊരു പുഴ ഒഴുകിയിരുന്നു

മീൻമുട്ടിയിൽ തലകുത്തി, 

കുന്നിന്നരയിലൊരു അരമണിയായി 

ചിരിച്ചൊഴുകിയിരുന്നു

വെള്ളികൊലുസണിഞ്ഞാ-

നന്ദനൃത്തമാടി

എന്‍റെ പാദങ്ങളെ ചുംബിച്ചവൾ

പൊട്ടിച്ചിരിച്ചിരുന്നു

വേനലിലും നേർത്തുപോകാ-

തൊരുറവയായി പൂഴി നനച്ചിരുന്നു


മഴവെട്ടിയ വഴിയല്ലൊരു പുഴ! 

ജീവനുള്ളൊരരുവിയായി 

തീരം തഴുകിയിരുന്നു

മണലൂറ്റിയൂർന്നുപോയൊരു 

പാവം ജലനിധി!

അവളൊഴുകിയ വഴിയാണതിന്നു

മണൽകുഴികൾ മാത്രം...


ഇന്നവൾ, 

വർഷകാലത്ത് വഴിതെറ്റി-

യെത്തുന്നൊരതിഥി മാത്രം,

തറവാട്ടിലതിഥിയായെത്തിയ 

പെണ്ണിനെ പോലെ,

എന്നെപോലെ-

യൊരഥിതി മാത്രം...


ചിറ്റാറേ, നീ ഓർക്കുമോ എന്നെ

ഞാനും നിന്‍റെ കൂട്ടുകാരി, 

എന്‍റെ ബാല്യവും 

നിന്‍റെ ബാല്യവും

ഒന്നുപോലെ...

--- Cherukaviaami




No comments: