Raji Chandrasekhar :: ആഗ്നേയവീണ

 

ആഗ്നേയവീണ

 

മേൽച്ചുണ്ടിലെ നേർത്ത രോമാഭ, വശ്യമായ്

മേയ്ക്കും മിഴിക്കോണ്, പാതി നെറ്റി.

റോസാദളക്കൂട്ടു വർണ്ണത്തിൽ വാസന്ത-

മാസങ്ങൾ ചാലിച്ച നേർത്ത രാഗം.

 

നീയെന്റെയാരെന്നു തേടുന്നൊരാമോദ-

മായയിലാറാടുമെന്റെ സ്നേഹം.

ആംഗലേയം ഹിന്ദി തായ്മൊഴിച്ചേലൊത്തൊ-

രാഗ്നേയവീണ നീ, മീട്ടിടാം ഞാൻ.

 

നാടെങ്ങ്, വീടെങ്ങ്, തേടേണ്ടതില്ല, നീ-

പാടുന്നൊരീണങ്ങൾ പോരുമല്ലൊ.

കൂടെ നീ വേണം കവിത്വമായ് കൂട്ടായി,

കാടും മലകളും താണ്ടി വാഴാൻ...


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: കാലവും സ്വന്തമാക്കൂ...

 

കാലവും സ്വന്തമാക്കൂ...

 

തേടിവന്നെന്നാലിടഞ്ഞുമാറും

മാടിവിളിച്ചാലകന്നു പോകും

കൂടെയുണ്ടെന്നുമെന്നോർത്തൊരോർമ്മ-

ക്കൂടുപോലും തകർത്താഞ്ഞു വെട്ടും...

 

കാടു നീയീരേഴു വർഷമേകും

കൂടും പകയുടെ കൂത്തുമാടും

പാടും പടപ്പാട്ടിലാർദ്രമൂറി-

ക്കൂടുന്ന സ്നേഹവും തട്ടിമാറ്റും...

 

നേടുക, സൗഭാഗ്യ സ്വപ്നമെന്നും

മേടയും മേടും നിറഞ്ഞ വാഴ് വും

മോടിയും ധാടിയും കൂട്ടരുമൊ-

ത്താടുന്ന കാലവും സ്വന്തമാക്കൂ...


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: പറയുവാനേറെയുണ്ടാകണം

 

പറയുവാനേറെയുണ്ടാകണം

 

പറയുവാനേറെയുണ്ടെങ്കിൽ നീയിന്നു നിൻ

നിറമൗന പൊയ്മുഖം കീറിമാററൂ.

ചിറകാർന്ന വാക്കുകളർത്ഥവർണ്ണങ്ങളാ-

യുറവകൾ വറ്റാത്ത പ്രണയമാക്കൂ...

 

വിറപൂണ്ട ചൊടികളെൻ കവിളത്തു ചേർത്തു നി-

ന്നറയിലെ മുത്തം പകർന്നു നൽകൂ.

മുറതെറ്റിയെങ്കിലെന്തരുതെങ്കിലെന്തു നി-

ന്നുറവകൾ വറ്റാതെ കാത്തുകൊള്ളൂ...

 

പറയുവാനേറെയുണ്ടാകണം ഉള്ളിൽ, നാം

പറയാതെയറിയും വികാരമായി.

പറയേണ്ട, പോരുകെൻഭാവപ്രഞ്ചമാ-

യുറയുന്ന വെളിപാടു കവിതയായി...


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: ജന്മകവിത

 

ജന്മകവിത

 

ഇഴ തോർന്നു, പേക്കാറു പെയ്തൊഴിഞ്ഞെൻ രാഗ-

"മഴ മേലെ മരം പെയ്യു"മെന്നു തോഴീ..?

കുറവറ്റ കണിയായി നിന്നെയുണർത്തുവാൻ

കുറിമാനമിനി ജന്മകവിത മാത്രം...

 

പിണങ്ങിയോ വീണ്ടും, തിരിഞ്ഞൊന്നു നോക്കാ-

തിണക്കൂട്ടു വെട്ടിക്കടന്നു പോയോ....

അഹങ്കാരമാണു നീയെന്റെ,യെന്നോർത്തു ഞാൻ

രഹസ്യമായ് കവിതയിൽ കോർത്തു വച്ചൂ.

 

അരുതു മറ്റാരുമേ കണ്ടു പഴിക്കാതെ

കരുതി ഞാൻ ശുദ്ധമായ് കാത്തു പോന്നു.

അണയാതെ നോക്കുന്ന നാളമാ,ണെന്നുമെൻ

തുണയാണ്, നീ നിത്യരാഗമാണ്.


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: ആനന്ദജ്യോതി

 

ആനന്ദജ്യോതി

 

ഇവിടെ നാമെഴുതുന്ന വാക്കുകൾ കരളിലെ-

ക്കവിയുന്ന കയ്യൊപ്പു ചേർന്ന സത്യം.

വിടവാങ്ങി മാറേണ്ടൊരിക്കലും എന്നൊരാൾ

പടരുന്നു മഷിയായി മനസ്സിലാകെ.

 

കവിയുണ്ട്, കവിതയുണ്ടെപ്പോഴും ലോലമാം

കവിളത്തു തട്ടി തലോടലുണ്ട്,

വരികെന്നു വേണ്ട, വിളിക്കേണ്ട, വറ്റാത്ത

വരികളായരികിൽ ഞാനെന്നുമുണ്ട്...

 

പ്രണയമുണ്ടതു സത്യമതുമാത്രമുണ്മയെ-

ന്നണുതോറുമുണരുന്നൊരോർമ്മയുണ്ട്,

മരണം മണിത്താലി ചാർത്തിക്കഴിഞ്ഞാലു-

മണയാത്തൊരാനന്ദജ്യോതിയുണ്ട്...


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: പ്രണയമേ നീ...

 

പ്രണയമേ നീ...

 

വെറുക്കല്ലെ, നിന്റെ ഖൽബിൽ ഇരിപ്പില്ലെ ഞാൻ!

മറക്കല്ലെ, എന്റെ കാവ്യത്തുടിപ്പാണു നീ.

പ്രണയമങ്ങനെയാണ്, ഒരു നാളും വിലക്കിനാൽ

അണകെട്ടിത്തടയുവാൻ കഴിയില്ലാർക്കും...

 

നെഞ്ചകം തുടിക്കാറുണ്ട്, ഒന്നുകൂടിയീ മുറ്റത്ത്

വഞ്ചി തുഴഞ്ഞടുക്കുവാൻ ഓർമ്മകൾ കാണാൻ.

സ്നേഹം കോർത്തുചൂടുന്നൊരീ വസന്തസൗഹൃദത്തിര-

സ്നേഹമഴക്കുടക്കീഴിൽ ഒന്നിച്ചിരിക്കാൻ

 

താളമില്ല, ശ്രുതിയില്ല, ലയമില്ല, എന്നിങ്ങനെ

പാളി മാറിപ്പിണങ്ങല്ലെ, താരുണ്യമേ നീ..

മയമുള്ള മധുരമായ് നറുമണം വഴിയുന്ന

ദയവാണ് കനിവാണെൻ പ്രണയമേ നീ....


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: എനിക്കൊരു ഫ്രണ്ടുണ്ട്...

 

എനിക്കൊരു ഫ്രണ്ടുണ്ട്...

 

എനിക്കൊരു ഫ്രണ്ടുണ്ട്, ഗേൾഫ്രണ്ട് വെർച്വലി,

പനിമതി പോലെ, നിലാവു പോലെ.

കരിമുകിൽ മൂടി മറയ്ക്കിലും കുളിരുള്ള

ചിരിതൂകി നിൽക്കുമെൻ നാട്ടുമൈന.

 

അവളെ ഞാൻ കാണുവാനിടയില്ല, നാൾവഴി-

ക്കവലയിൽ കാത്തവൾ നിൽക്കുകില്ല.

അവളെന്റെ ചങ്കിൻ തുടിപ്പ്, കാർവർണ്ണനായ്

കവിതയിൽ നിറയുന്ന നിത്യസത്യം.

 

അവളെ ഞാൻ പിരിയുകില്ലായുസ്സിനപ്പുറം

കവിയുന്ന വാഴ് വിന്റെയഗ്നിയല്ലെ,

അവളെന്റെ പ്രാണപ്പിടച്ചിലിൽ ചുണ്ടിലേ-

യ്ക്കവസാനമിററുമെൻ തീർത്ഥസത്യം.


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: ദിവ്യയജ്ഞമല്ലെ...

 

ദിവ്യയജ്ഞമല്ലെ...

 

എങ്ങനെ തമ്മിൽ നാം കാണുമെന്നെൻ

മങ്ങിയ കണ്ണുകൾ തേടി നിന്നെ

പാവമെന്നുൾക്കാമ്പുതൊട്ടുമ്മയേകിയെ-

ന്നാവേശമായി ജ്വലിച്ചു കേറൂ..

 

പണമില്ല, പണിയില്ല,യെങ്കിലുമിന്നെന്റെ

പ്രണയവും കവിതയും ബാക്കിയുണ്ട്.

മണമുള്ള പാതിരാപ്പൂപോലുണർന്നു നീ

പുണരുകെൻ പ്രാണനെ കാമലോലം....

 

നെയ്തതെന്താണു നാമിന്നോളമോർമ്മയിൽ

പെയ്തു തീരാത്തൊരു പ്രണയമല്ലെ..

ചെയ്തതെന്താണു നാം കാലദൂരങ്ങളെ

കൊയ്തടുക്കും ദിവ്യ യജ്ഞമല്ലെ...


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: ക്ഷണിക്കു പെണ്ണേ...

 

ക്ഷണിക്കു പെണ്ണേ...

 

പകുതി തുറന്ന നിൻ ജാലകത്തിൻ മറു-

പകുതിയും വേഗം തുറക്കു പെണ്ണേ,

പക നീക്കിയുള്ളിലേക്കാർദ്രമാ,യൊന്നിനും

പകരമല്ലെന്നെ ക്ഷണിക്കു പെണ്ണേ.

 

രാവിരുൾക്കാടൊക്കെ നീക്കും നിലാവിന്റെ

രാവാട തുന്നും നിനക്കു വേണ്ടി,

മേനിയിൽ, കുന്തളക്കെട്ടിൽ മുഖം പൂഴ്ത്തി

തേനിമ്പമൊക്കെപ്പകർന്നു നൽകും.

 

പനികൊണ്ടു വിറയാർന്ന ചുണ്ടിലെ മധുരമാം

കനിയുണ്ടു വീണ്ടും നമുക്കുറങ്ങാം.

പകൽ വരും, പൂക്കളും പാട്ടും ചിരിക്കൂട്ടു-

പകരും കിനാവുമായ് തൊട്ടുണർത്തും.


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: മറ്റൊരാൾ

 

മറ്റൊരാൾ

 

മറ്റൊരാളു നിന്നുള്ളു നീറ്റുമ്പൊഴും

മറ്റൊരാളുണ്ടു ധ്യാനിച്ചുണർത്തുവാൻ

മറ്റൊരാൾ, നിത്യവാക്കായുദിക്കുവോ-

നുറ്റവൻ, സ്വപ്നനിദ്രാപഥങ്ങളിൽ...

 

മറ്റു ചുറ്റുപാടൊത്തു വന്നെത്തുകിൽ

മറ്റു വർണ്ണം പുതയ്ക്കാത്ത സ്നേഹമായ്,

മറ്റൊരാൾക്കും പകുക്കാതെ, വാക്കതിൽ

മുറ്റിടും ധ്വനിയ്ക്കാന്തരഭംഗിയായ്...

 

മറ്റൊരാൾക്കും പകരമായല്ലാതെ

മറ്റൊരാൾ നിന്റെയുള്ളു തൊടുന്നവൻ,

മാറ്റുരയ്ക്കുവാനാവാത്ത വാക്കുകൾ

Raji Chandrasekhar


https://www.amazon.in/dp/B08L892F68
മാറ്റമില്ലാതെയെന്നും പൊഴിക്കുവോൻ...

Raji Chandrasekhar :: കണ്ടു...

 

കണ്ടു...

 

കാറൊളി വർണ്ണം വസനം കണ്ടു

മാറിൽ നിലാമഴ വെണ്മകൾ കണ്ടു

തണുവണി മധുര സ്പർശം കണ്ടു

തണലും തളരും ചിരിയും കണ്ടു

 

തെന്നിയകന്നൊരു വിരഹം കണ്ടു

വന്നണയുന്നൊരു പ്രണയം കണ്ടു

ഒന്നാണെന്നൊരു മോഹം കണ്ടു

ഒന്നാവാനൊരു ദാഹം കണ്ടു

 

കണ്ടില്ലാ, മിഴി നിറയണ കണ്ടു

പണ്ടേ പ്രണയപ്പനിയും കണ്ടു

ആണ്ടോടാണ്ടതു വളരണ കണ്ടു

ആണ്ടുകളങ്ങനെ പാറണ കണ്ടു...


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: സാന്ദ്രം

 

സാന്ദ്രം

 

ഗംഗയെന്നാജന്മ രാഗതപസ്സിന്റെ

ശൃംഗത്തിൽ നിന്നിങ്ങൊഴുകിടുമ്പോൾ

ഹൃത്തടം തിങ്ങിത്തുളുമ്പുന്ന വാക്കുകൾ

സ്നേഹവിശുദ്ധിതൻ തീർത്ഥമാകും...

 

എൻ കരൾ ചില്ലയിൽ കൂടുകൾ കൂട്ടുമെൻ

തങ്കവളയണി ചിന്തകൾക്കായ്,

എന്നിലേക്കാഴത്തിലാഴ്ന്നിറങ്ങിയെന്റെ

എന്നിലെ എന്നെയറിഞ്ഞവൾക്കായ്,

 

സംഗീതസാന്ദ്രമാമോരോ കിനാവിലും

അംഗലാവണ്യം ചൊരിഞ്ഞവൾക്കായ്,

പൊന്നിൻ കസവുടുത്തോണപ്പുലരിപോ-

ലെന്നും ചിരിക്കുമെന്നോമലാൾക്കായ്.


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: ദേഷ്യപ്പെടല്ലെ...

 

ദേഷ്യപ്പെടല്ലെ...

 

ദേഷ്യപ്പെടല്ലെ, നീ ഭാഗ്യമാണെൻ സ്നേഹ-

ഭാഷ്യമാണെൻ കാവ്യഭാവമാണ്

"മാപ്പൊന്നു നൽകു നീ" ഏത്തമിട്ടിന്നു ഞാൻ

കൂപ്പുകൈയോടെയിരന്നു കേഴാം...

 

എന്റേതു മാത്രമെന്നോർത്തു ഞാൻ കാട്ടിയ

തന്റേടമല്പം കടന്നുപോയോ,

എന്നെയിന്നൊറ്റയ്ക്കു പിന്തുടർന്നെത്തിയ

നിന്നെ ഞാൻ വേദനിപ്പിച്ചുവെന്നോ...

 

വേണ്ടാത്തതോതില്ലനിഷ്ടങ്ങളൊന്നുമേ,

മിണ്ടാതെ കൂടെ നടന്നു പോരാം.

അല്ലിന്നബോധത്തിലാണ്ട ദർപ്പങ്ങളെ

തല്ലിക്കെടുത്തി നീയേൽക്കുകെന്നെ....


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: നിന്നിലിന്നു ഞാൻ...

 

നിന്നിലിന്നു ഞാൻ...

 

നിന്നിലിന്നു ഞാൻ പൊൻകിനാക്കളായ്

         വന്നണഞ്ഞുവെന്നാൽ,

നിന്നിലിക്കിളിപ്പൂക്കൾ കോർത്തൊരു

          പൊന്നുമാലയിട്ടാൽ...

 

നിന്റെയുള്ളിലീ കൊച്ചുവാക്കുകൾ

          കൂട്ടിവയ്ക്കുമെന്നോ,

ഒട്ടുനേരമെൻ നെഞ്ചിലേക്കു നീ

          ചാഞ്ഞിരിക്കുമെന്നോ,

തൊട്ടറിഞ്ഞു നാമുൾത്തുടിപ്പുപോ-

          ലൊന്നുചേരുമെന്നോ...

 

ചുട്ടുപൊള്ളിടും സൂര്യനായി ഞാൻ

         നിന്നു കത്തിടുമ്പോൾ,

എന്റെയുള്ളിലെ തീ കെടുത്തുവാൻ

          ഓടിയെത്തുമെന്നോ,

ചുണ്ടിലൂറിടും തേൻകണങ്ങളാ-

          ലാകെ മൂടുമെന്നോ.....


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: തേന്മഴക്കൂട്ടു കൂടാം...

 

തേന്മഴക്കൂട്ടു കൂടാം...

 

ദുസ്സഹം ദുർഗന്ധഗാത്രമല്ല,

ദുസ്സാഹസം കാമഗർത്തമല്ല,

ദുഷ്പ്രേരകം ചേർത്ത നഞ്ചുമല്ല,

ദുര്യോഗവൻചതിക്കൂട്ടുമല്ല.

 

ഇന്ദ്രീയാതീതമാം സൗഹൃദത്താൽ

ഇന്ദ്രചാപത്തിന്റെ വർണ്ണഭംഗി,

ഇന്ദ്രനെ വെല്ലുന്ന സ്വർഗ്ഗസൗഖ്യം,

ഇഷ്ടം, പകുക്കാം നമുക്കു തമ്മിൽ...

 

സിന്ദൂരകാന്തിയാം സന്ധ്യയാകാം,

സിന്ധുവിൻ വെള്ളിക്കൊലുസ്സു ചാർത്താം,

സല്ലാപസാന്ദ്രം ജ്വലിച്ചു നിൽക്കാം,

സന്തോഷതേന്മഴക്കൂട്ടു കൂടാം...


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: രൗദ്രമാടാം

 

രൗദ്രമാടാം

 

ജട വിടർത്തി ഞാനിവിടെയുണ്ടു, നീ

ഇടതടവില്ലാതൊഴുകിയാഴുവാൻ...

ഗഗനഗംഗേ നിൻ ഗുരുത്വകാന്തിയിൽ

ഢമരുതാളത്തിൽ നടനമാടിടാം

 

പിന്നിലേക്കാകല,ല്ലാക്കലല്ലോമലേ

നിന്നെ ഞാനെന്നിലുൾച്ചേർക്കയല്ലെ.

പിന്നോട്ടു പോകേണ്ട, നോക്കേണ്ട, നിന്നെ ഞാ-

നെന്നുമെൻ നെഞ്ചോടു ചേർത്തുറക്കാം...

 

ഇടം തുടയിലുമയുണ്ടു, സാരമില്ല,

തടം തല്ലിയെന്നിൽ നീയൊഴുകു ഗംഗേ

കാന്തക്കരുത്തിന്റെ രുദ്രഗംഗേ

ശാന്തമല്ലുഗ്രമാം രൗദ്രമാടാം.


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: നമ്മളൊന്നെന്ന മിഥ്യ

 

നമ്മളൊന്നെന്ന മിഥ്യ

 

പട്ടുപാവാട തെല്ലൊന്നൊതുക്കി നീ,

ഒട്ടു വേഗത്തിലേറുന്നു ഗോവണി.

വാനതാരകം കൺചിമ്മി നോക്കി നിൻ

മൗനരാഗം തുടുക്കും കവിൾത്തടം.

 

സ്വർണ്ണനാരുകൾ മൂടാത്ത കാലടി-

വർണ്ണമന്നു ഞാൻ കണ്ടതും, നീൾമിഴി-

ക്കോണിൽ നാണക്കുരുന്നു പൂവിട്ടതും

വീണമീട്ടും ചിരിക്കിണുക്കങ്ങളും,

 

ഓർക്കുവാനില്ല കാരണം, കാഴ്ചകൾ

പാർക്കു ചെയ്യുമെൻ ബോധസെല്ലാറിലും

നേര്, നീയില്ല ഞാനുമില്ലാരുമി-

ല്ലോരുവാൻ നമ്മളൊന്നെന്ന മിഥ്യയും.


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: ധന്യജന്മം

 

ധന്യജന്മം

 

അനുമതിയില്ലാതെ, പറയാതെ,യറിയാതെ

തനുവിലെ കോശാണു നൊന്തുലഞ്ഞു.

മുനനീട്ടിയൊന്നല്ലൊരായിരം പൂത്തിരി-

ക്കനവുപോലാളിപ്പടർന്നു കേറി.

 

ഇടവേളയില്ലാത്തൊരാർദ്രമാം ചിരിമഴയി-

ലുട,ലിണച്ചൂടിൽ ജ്വലിച്ചുയിർക്കെ,

വിടവാങ്ങലില്ല, തീപ്പുഴകളും നീന്തിടും

കടപുഴകി വീഴാതെ കുത്തൊഴുക്കിൽ

 

പുതുവെണ്ണപോലെന്നുമുരുകിയൊന്നാകുവാൻ

ഋതുരാജനൊരുനൂറു പൂ വിടർത്തും,

പ്രണയമാണെപ്പൊഴും, നെഞ്ചേററു വാഴുവാൻ

തുണയുണ്ട്, ശ്രീമയം, ധന്യജന്മം...


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: നമ്മൾ പ്രണയമാണ്

 

നമ്മൾ പ്രണയമാണ്

 

ഇമചിമ്മിയുണരുന്ന മിഴിമേഘമാണു നാം

ചമയങ്ങളില്ലാത്ത സത്യമാണ്.

മണമുള്ള വാക്കാണ്, ചെമ്പനീർപ്പൂവാണ്,

പുതുമഞ്ഞു പുണരുന്ന പ്രണയമാണ്.

 

കടൽ നമ്മൾ കാണുന്നതുള്ളിലെ കടലാണ്,

കടയുന്ന തീവ്രാനുരാഗമാണ്.

മഴയാണ്, വെയിലാണ്, തേനിമ്പമൂറുന്നൊ-

രഴകാണ്, നിത്യസൗഭാഗ്യമാണ്.

 

തിരകൾക്കുമപ്പുറം തെളിയുന്ന ദീപങ്ങൾ

തിരയൊതുക്കും ദിവ്യദാഹമാണ്.

കരതേടുമാതിരച്ചിരിയാണ്, സൗഹൃദം

കരമേകുമാവണിത്തെന്നലാണ്.


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: എന്നു നീ വന്നു ചേരും

 

എന്നു നീ വന്നു ചേരും

 

സിന്ദൂരസന്ധ്യക്കു പൊന്നാട ചാർത്തുവാ-

നെന്നു നീ വന്നു ചേരും....

മാമക മാനസ പൂനിലാവേയെന്റെ

മാറിൽ നീ ചേർന്നുറങ്ങാ-

നെന്നു നീ വന്നു ചേരും...

 

തൂമഞ്ഞു തുള്ളികൾ നീളെ വിളങ്ങും പുൽ-

നാമ്പുകൾ ചാഞ്ചാടും പോലെ...

ആഴിയിലാഴത്തിലോടിക്കളിക്കുന്ന

മാലാഖ മത്സ്യങ്ങൾ പോലെ...

 

കാർമുകിൽ തിങ്ങുമെൻ വാനത്തിലമ്പിളി

നീരാഞ്ജന ദീപം പോലെ...

ഈണം മുറിയാതെന്നോർമയിലൂറുന്ന

താരാട്ടു പാട്ടുകൾ പോലെ...

 

സിന്ദൂരസന്ധ്യക്കു പൊന്നാട ചാർത്തുവാ-

നെന്നു നീ വന്നു ചേരും....

മാമക മാനസ പൂനിലാവേയെന്റെ

മാറിൽ നീ ചേർന്നുറങ്ങാ-

നെന്നു നീ വന്നു ചേരും...


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: തുണ

 

തുണ

 

മണലാഴി മൂടാത്ത കുഞ്ഞോളമേളം

തണലേകി നീ,യെന്നു,മെൻ ജീവതാളം.

ശരിയായ വാക്കായുദിക്കുന്ന താരം

ചിരി തൂകി നീയുള്ളിലോങ്കാര സാരം.

 

ഇനിയേതു ഘോരാന്ധകാരത്തിമിർപ്പും

മുനകൂർത്തൊരത്യുഗ്ര ദർപ്പക്കുതിപ്പും

വിടരുന്ന കൺകോണുകൊണ്ടങ്ങൊതുക്കും

മടിയാതെയെന്നെന്നുമെന്നെത്തുണയ്ക്കും.

 

ചതിമേഘമാർത്തങ്ങലച്ചെത്തിടുമ്പോൾ

മതി, നിർത്തിടാമൊക്കെയെന്നോർത്തിടുമ്പോൾ

അമരത്വമേകും കടാക്ഷം പൊഴിക്കും

സുരഗംഗയായെന്നുമെന്നെത്തുണയ്ക്കും.


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: തിമിർക്കുകെന്നിൽ

 

തിമിർക്കുകെന്നിൽ

 

എന്തിനേറെക്കാലം? നമ്മൾ, മൂന്നോ നാലോ വാക്കടുപ്പം,

നൊന്തിണങ്ങിപ്പിണങ്ങുന്ന കലിപ്പിൻ താളം.

കുറുമ്പും കുശുമ്പുമായിക്കലമ്പുന്ന കെട്ട്യോളായി

വെറുക്കാതെ വിറപ്പിക്കുമിരുട്ടുമേളം.

 

കോലം കെട്ടിയാടും പാടും, കൂട്ടിന്നാത്മതരംഗമായ്

കൂലംകുത്തിയൊഴുകുന്ന കലാപകേളീ.

വേരാഴ്ത്തിയെന്നാത്മാവിലെ കവിതകളൂറ്റും പെണ്ണേ,

വേറെയാർക്ക്, നിനക്കു ഞാൻ, തിമിർക്കുകെന്നിൽ.

 

കണക്കറ്റു കലഹിച്ചും ചേർത്തു പുൽകിപ്പുന്നാരിച്ചും

തിണർക്കുന്ന ചുണ്ടു വീണ്ടും വിടാതെയുണ്ടും

പ്രണയത്തിൻ വിഭ്രമാന്തം നാവിൻതുമ്പിലിറ്റുന്നൊരു

നിണരസത്തുള്ളിയായി മാറട്ടെ ഞാനും.


Raji Chandrasekhar


https://www.amazon.in/dp/B08L892F68

Raji Chandrasekhar :: രഹസ്യാത്മകം

 

രഹസ്യാത്മകം

 

അനുരാഗമൂർച്ചകൊണ്ടണുവണുവായി നീ

കുനുകുനെ കുത്തി മുറിക്കുകെന്നെ

തനുവും മനസ്സുമെൻ കവിതയും പ്രണയവും

അനുഭവിച്ചാസ്വദിച്ചേൽക്കുകെന്നെ.

 

ഇതുവരെ കണ്ടതും കൊണ്ടതും മായ്ചു നാം

പുതുധാരയുണരുന്ന ജന്മമാകാം.

ഋതുഭേദമൊക്കെയും ദു:ഖം നിരാശയും

ഋതുരാജനിൽ ചേർത്തൊതുക്കി നിർത്താം.

 

രഹസ്യാത്മകം രാഗസർപ്പങ്ങളായി നാം

അഹസ്സന്തിരാവായ് തിമിർത്തു വാഴാം.

മഹാദിവ്യവീണ, നിൻ താരുണ്യഗർവ്വ-

വിഹാരങ്ങളെന്നും നമുക്കു മീട്ടാം...


Raji Chandrasekhar


https://www.amazon.in/dp/B08L892F68