Parvathy Bhuparthy :: തുടി കൊട്ടുന്ന പ്രണയം

Views:




പ്രണയത്തെ   അതിന്റെ തനിമയൊട്ടുംതന്നെ കളയാതെ വർണ്ണിച്ചിരിക്കുകയാണ് നമ്മുടെ പ്രിയ കവികളായ രജി ചന്ദ്രശേഖർ എന്ന നമ്മുടെ മാഷും ആശ രാജനും . 

കവിതയുടെ ആദ്യ ഭാഗങ്ങളിലെ വരികൾ മാഷിന്റെയാകുന്നു. എന്നാൽ അതിന്റെ അന്തസത്ത ശ്രീമതി ആശയുടേതാണ് . മാഷ് പ്രണയത്തിന്റെ ഭംഗിയാർന്ന പുറംതോടിനെയാണ് 

വർണിച്ചതെങ്കിൽ ശ്രീമതി ആശയതിന്റെ വൈകാരികത നിറഞ്ഞ ഹൃദയത്തെയാണ് വിശദീകരിച്ചിരിക്കുന്നത്.  ജീവിതത്തിലെ യാഥാർഥ്യങ്ങളെയും മോഹങ്ങളെയും അതിന്റെ തീവ്രതയേയും കവിതയുടെ ആദ്യ ഭാഗത്ത് അതിമനോഹരമായി വർണിക്കപ്പെട്ടിട്ടുള്ളത് ഏതൊരു വായനക്കാരൻ്റെയും മനസ്സുലയ്ക്കും.

 തുടക്കത്തിൽ നമുക്ക് കാണാൻ കഴിയുന്നത് കവിയുടെ തുടിക്കുന്ന മനസ്സിൽ തുടികൊട്ടിപ്പാടുന്ന മോഹങ്ങളെയും ഓർമ്മകളെയുമാകുന്നു. അവിടെ കവി, തന്റെ  തിരക്കാർന്ന ജീവിതത്തിലും  

പ്രാണനാഥയോടുള്ള  തന്റെ പ്രണയമാണ് വർണിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ വരികളായവയെ കണക്കാക്കാം എന്ന് പറയുന്നതിൽ ഞാൻ തെറ്റു കാണുന്നില്ല. കാരണം തിരക്കാർന്ന ഇന്നത്തെ ജീവിതത്തിൽ സ്വന്തം കുടുംബത്തിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട്, 

"എനിക്ക് ഒന്നിനും സമയമില്ല" എന്ന പതിവു വാക്യത്തിൽ  നിന്നുതന്നെ ഇത് സ്പഷ്ടമാണ്. 

അവിടെയാണ് നമ്മുടെ കവിഹൃദയം തുടിക്കുന്നത്. അങ്ങനെപിടയ്ക്കുന്നയോരോ ഹൃദയത്തിന്റെയും ശബ്ദമാണ് ഈ വരികളിലൂടെ നമ്മൾ ഏവരുടെയും കാതുകളിൽ പ്രതിധ്വനിക്കുന്നത്. ഈ ഘട്ടത്തിലാണ് കവി സ്വന്തം 

പ്രാണനാഥയോടുള്ള പ്രണയം എങ്ങനെയായിരിക്കണം എന്ന്  വെളിപ്പെടുത്തുന്നത്. 


പ്രണയത്തിന്റെ ചില സ്വകാര്യത നിറഞ്ഞ  നിമിഷങ്ങളെ അതിമനോഹരവും ഭവ്യവുമായി കവി വർണിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാൻ പറ്റുന്നയൊന്നാണ്. രജി മാഷിന്റെ വരികൾ.

അതവസാനിക്കുമ്പോൾ അവിടെ മറ്റൊരു കാര്യം തുടങ്ങുന്നു, ശ്രീമതി ആശാ രാജൻ്റെ വായനക്കാരെ അതിവമായി വൈകാരികത നിറച്ചും ചിന്തിപ്പിച്ചുമുള്ള മാന്ത്രികമായ വരികൾ. 

അവിടെ കവയിത്രി ഇങ്ങനെ പ്രസ്താവിക്കുന്നു ; യൗവനത്തിലെ അപക്വമായ ഒട്ടുമിക്ക പ്രണയങ്ങളും ശാരീരിക സൗന്ദര്യത്തെ ചുറ്റിപ്പറ്റിയുള്ളതാവും, തന്റെയും അങ്ങനെ തന്നെയാണെന്ന് കവി അഭിപ്രായപ്പെടുന്നു. എന്നാൽ അങ്ങനെയുള്ള മിക്ക പ്രണയങ്ങളും ഞാണിന്മേൽ കളിയാവാനാണ് ഏറെ സാധ്യത. പക്ഷേ നമ്മുടെ കവിയുടേത്  അങ്ങനെയൊന്നായിരുന്നില്ല. തനുവിനെ മോഹിച്ചായിരുന്നാലും അവർ അന്യോന്യം  വളരെയേറെ മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് കവി ചൂണ്ടിക്കാട്ടുന്നത്. പരസ്പരാവബോധമാണ് ഏതൊരു പ്രണയത്തിന്റെയും  അടിവേരെന്ന്  പറയാതെ പറഞ്ഞു കൊണ്ട് കവി മുന്നോട്ടുപോകുന്നു. 

യൗവനം പകുതിയായ  വേളയിൽ അവർക്ക് മനസ്സിലായി അവർ ഇരുവരും സ്നേഹിച്ചത് രണ്ടു ശരീരങ്ങളെയല്ല  മറിച്ച് മനസ്സുകളെയായിരുന്നുയെന്ന്. അങ്ങനെ വർഷങ്ങൾ കടന്നുപോയി കൊണ്ടിരിക്കെ അവരുടെ  മനസ്സുകൾ അഗാധമായി പ്രണയിച്ചു, പരസ്പരം അവർ മനസ്സുകൾ പങ്കുവച്ചു. അങ്ങനെ പ്രണയത്തിന്റെ ഒരു പിടി നല്ലയോർമ്മകൾ പേറിയവർ വാർദ്ധക്യാവസ്ഥയുടെ മദ്ധ്യേന  നിൽക്കുമ്പോഴും അവരുടെ മനസ്സിൽ നിറഞ്ഞ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് സ്പഷ്ടമാക്കുകയാണ് മുമ്പോട്ടുള്ള വരികൾ. 

മരണം കാത്തു കിടക്കുന്ന തന്റെ പ്രാണനാഥയെ വിധിയുടെ കരങ്ങളിലേക്ക് വലിച്ചെറിയാൻ ആ വൃദ്ധന് ഒട്ടുംതന്നെ ആഗ്രഹമുണ്ടായിരുന്നില്ല. തന്റെ പ്രാണനാഥയെ  അവളുടെ അവസാനശ്വാസംവരെ പ്രണയിക്കണമെന്ന് ആ വൃദ്ധമനസ്സിലെവിടെയോ അലയടിക്കുന്ന തന്റെയോർമ്മകൾ പ്രചരിപ്പിക്കുന്നതായി വായനക്കാരുടെ മനസ്സിൽ തോന്നിപ്പിക്കുന്നതിൽ  കവയത്രി വിജയിച്ചിരിക്കുന്നു. മരണക്കിടക്കയിൽ കിടക്കുന്ന തന്റെ പ്രണയിനിയെ വാത്സല്യത്തോടെ തലോടുന്ന വൃദ്ധനയാണ് പിന്നെ നമ്മൾ കാണുന്നത്. എന്നാൽ ഇതെല്ലാം ഏറ്റുവാങ്ങി മരണത്തെ മുന്നിൽ കണ്ടുകൊണ്ട് കിടക്കുന്ന തന്റെ പ്രണയിനിയുടെയുള്ളം  തുടിക്കുന്നത് തന്റെ  പ്രാണനാഥനിൽ നിന്നുമിങ്ങനെ കേൾക്കുവാനായിരുന്നുയെന്ന് കവി പറയുന്നു ; "പ്രണയമായിരുന്നില്ല നീ എനിക്ക്, പ്രാണനായിരുന്നു സഖീ"എന്ന്. തന്റെ മനസ്സിനെ തൊട്ടറിഞ്ഞ പ്രാണനാഥവൾക്കുവേണ്ടിയതു ചെയ്യുമെന്ന് അത്രയധികം വിശ്വാസത്തിലാണ് അവർ മരണത്തിലോട്ട്  വഴുതി വീഴുന്നത്. 

ഇവിടെ പ്രണയം മരിക്കുന്നില്ല. പ്രപഞ്ചത്തിൽ ഒരിടത്തും പ്രണയം മരിക്കുന്നില്ല, മരിക്കുന്നത് മനുഷ്യമസ്തിഷ്ക്കമാകുന്നു. പ്രണയമുള്ള ഒരു ഹൃദയവും തന്റെ മസ്തിഷ്കത്തെ മരവിപ്പിക്കുന്ന മരണവേദനയനുഭവിക്കാൻ വിട്ടുകൊടുക്കുകയുമില്ല. 

പ്രണയം ഒരിളം കാറ്റ് പോലെയാണ്. ആരാലും കാണാൻ സാധിക്കുകയില്ല, അതിന്റെ ഉറവിടവും  കണ്ടുപിടിക്കാനാവില്ല. എന്തിനേറെ അതിന്റെ ദിശ കൃത്യം പറയാൻ പോലും സാധിക്കുന്നില്ല. പ്രണയവും തത്തുല്യം, അതിനെ അനുഭവിക്കാൻ മാത്രമേ കഴിയുകയുള്ളൂ. എങ്ങനെയാണ് ചുട്ടുപൊള്ളുന്ന മനുഷ്യമനസ്സുകളെ തളിരിളം കാറ്റ് തലോടുന്നത് അതുപോലെയാണ് പ്രണയവും. 

അതിമനോഹരമായി നമുക്ക്  പ്രണയത്തിന്റെ  കാലഭേദങ്ങൾ താണ്ടിയുള്ള അനുഭൂതി പകർന്നുനൽകിയിരിക്കുകയാണ് ഈ കവിതയിലൂടെ പ്രിയ കവികളായ രജി മാഷും ആശ രാജനും. പ്രണയത്തിന്റെ മാന്ത്രിക വരികളുടെ മടിത്തട്ടിൽ ഒരു കവിത കൂടി.

ഇനിയുമേറെ കവിതകൾ ഇരുവരിൽ നിന്നും പ്രതീക്ഷിക്കുന്നു.

Parvathy Bhuparthy




No comments: