28 May 2020

K V Rajasekharan :: വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും

Views:വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും
കെ വി രാജശേഖരൻ

കാറൽ മാർക്സിന്‍റെ കൊച്ചുമകൻ ജീൻ ലോംഗ്വെറ്റിന്, വിനായക ദാമോദർ സവർക്കർ എന്നാല്‍, ഇരുപത്തിയേഴാം വയസ്സിൽ,  ഇരുപതാം നൂറ്റാണ്ടിന്‍റെ ഒന്നാം ദശകത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനു തയാറാകുന്ന സാർവ്വദേശീയ ക്ഷുഭിത യൗവ്വനത്തിന്‍റെ എണ്ണം പറഞ്ഞ മുന്നണിപ്പോരാളികളിലൊരാളായിരുന്നു. 

തടവുപുള്ളിയാക്കി ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഇൻഡ്യയിലേക്ക് ഇംഗ്ലീഷ് ഭരണംകൂടം കയറ്റി വിട്ട കപ്പലിൽ നിന്ന് അതിസാഹസികമായി കടലിലേക്ക് എടുത്തുചാടി വെടിയുണ്ടകളിൽ നിന്ന് നീന്തിയകന്ന് ഫ്രഞ്ചുകരയിൽ അഭയം തേടിയ വീര സവർക്കറെ അനധികൃതമായി ബ്രിട്ടീഷ് അധികൃതർ കസ്റ്റഡിയിലെടുത്തു.  അന്താരാഷ്ട്ര നിയമങ്ങൾ ലങ്കിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് നടപടിക്കെതിരെ ഫ്രാൻസ്, ഹേഗിലെ അന്തരാഷ്ട്ര നിയമക്കോടതിയോടൊപ്പമുള്ള പെർമനന്‍റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ, കേസ് നടത്തിയപ്പോൾ സവർക്കറുടെ അഭിഭാഷകനായി ഹാജരായത് കാറൽ മാർക്സിന്‍റെ കൊച്ചുമകൻ! അദ്ദേഹത്തെ അതിന് നിയോഗിച്ചത് യൂറോപ്പ് കേന്ദ്രീകരിച്ച് അന്ന്  സജീവമായിരുന്ന ഇടതുപക്ഷ-കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയുടെ സജീവ നേതൃത്വവും അവരോടൊപ്പം നിന്ന മാധ്യമ സമൂഹവും! നീതി നിഷേധിക്കപ്പെട്ട, തങ്ങളിലൊരുവനായ, സവർക്കു വേണ്ടി ശബ്ദം ഉയർത്തുന്നത് തങ്ങളുടെ ചുമതലയായി അവർ കണക്കാക്കി. അതിനു മുമ്പ് റഷ്യൻ വിപ്ലവനായകൻ ലെനിൻ സവർക്കറുടെ താമസസ്ഥലത്തെത്തി പലതവണ അദ്ദേഹത്തെ കണ്ടതും  കൂട്ടി വായിക്കൂക. അതോടൊപ്പം 1907ൽ ജർമനിയിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് കോൺഗ്രസ്സിൽ പങ്കെടുക്കുവാൻ സവർക്കറെ ക്ഷണിച്ചതും അദ്ദേഹത്തിന്‍റെ പ്രതിനിധിയായി മാഡം കാമാ പങ്കെടുത്തതും അവിടെ ഭാരതത്തിന് സ്വയംഭരണമെന്ന ആവശ്യം ഉയർത്തിയതും സവർക്കർ രൂപം നൽകിയ ദേശീയ പതാക ഉയർത്തിയതും എല്ലാം കണക്കിലെടുക്കുമ്പോളാണ് അക്കാലത്ത് ആഗോള തലത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെ പട്ടികയിൽ സവർക്കറുടെ സ്ഥാനം വ്യക്തമാകുന്നത്. ആ ചരിത്ര സത്യങ്ങൾ കണ്ടും കേട്ടും അറിഞ്ഞവരായിരുന്നതുകൊണ്ടാകണം പഴയ തലമുറകളിൽ പെട്ട ഇൻഡ്യയിലെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന എം എൻ റോയ്, എസ്സ് എ ഡാങ്കേ, ഹിരൺ മുഖർജി, ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് തുടങ്ങിയവരുൾപ്പടെയുള്ളവർ സവർക്കറെന്ന വിപ്ലവകാരിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തത്.

അവിടെ വേറിട്ടൊരു വഴി തിരഞ്ഞെടുത്തത് ജവഹർലാൽ നെഹ്രുവായിരുന്നു.  തന്‍റെ നേതൃത്വത്തിന് വെല്ലുവിളിയാകാനിടയുള്ള നേതാജിയെയും സർദാർ പട്ടേലിനെയും ഡോ അംബദ്കറെയും ശ്യാമപ്രസാദ് മുഖർജിയെയും രാഷ്ട്രീയമായി ഇല്ലാതാക്കാൻ എന്തും ചെയ്യാൻ  അധികാരഭ്രമം മൂലം വഴിതേടിയിരുന്ന ജവഹർലാൽ നെഹ്രു, സവർക്കറെ കള്ളക്കേസിൽ കുടുക്കി തടവറയിലിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുനോക്കി.

പക്ഷേ നെഹ്രുവിന്‍റെ മകൾ ഇന്ദിര പോലും തെറ്റു തിരുത്തി ആ വീര വിപ്ളവകാരിയെ അംഗീകരിക്കുവാൻ തയാറായിട്ടുണ്ടെന്നതും ചരിത്ര വസ്തുതയാണ്.   പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വർത്തമാനകാല ഭാരതത്തിൽ വീരസവർക്കറെ അപമാനിക്കയും അവഹേളിക്കുകയും ചെയ്യുന്നതിന് കൂലി കൊടുക്കുന്ന തല്പരകക്ഷികളും കൂലി വാങ്ങി ആ ജോലി ചെയ്യുന്ന കപട ബുദ്ധിജീവിക്കൂട്ടായ്മയും വളർന്നുവന്നിട്ടുള്ളത് പ്രകടമാണ്. ഇസ്ലാമിക മതമൗലിക വാദികളും അവരോടൊപ്പം നിന്ന് അധികാരവും ജീവിത സൗകര്യങ്ങളും അന്നവും തേടുന്നവരുമാണ് ആ കൂട്ടർ എന്ന വസ്തുത പൊതുസമൂഹം ഇതോടകം തിരിച്ചറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് അവർ ഒരുക്കുന്ന തലങ്ങളിലേക്ക് ചർച്ചകളെ പരിമിതപ്പെടുത്താതെ അവരെ അവഗണിക്കുന്നതാകും പക്വതയുടെ സമീപനം.

പക്ഷേ ആ കൂട്ടരും അവരുടെ യജമാനന്മാരും കൊറോണയെന്ന മഹാമാരിയെ പോലും തങ്ങളുടെ ഭാരത വിരുദ്ധ വിധ്വംസക പ്രവർത്തനങ്ങൾക്ക് അവസരമാക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പൊളാണ് വിനായക ദാമോദർ സവർക്കറുടെ നൂറ്റിമുപ്പത്തിയേഴാമത് ജന്മദിനം ( മേയ് 28)  ഭാരതം വീരസ്മരണകളോടെ ആചരിക്കുന്നതെന്നതാണ് സവിശേഷത. അവിടെയാണ് ഭാരതീയ ദേശീയതയുടെ ഭദ്രതയ്ക്ക് ആശയപരമായ അടിത്തറയിട്ട വീരസവർക്കറുടെ കാഴ്ചപ്പാടുകൾ പ്രസക്തമാകുന്നത്.

ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് സവർക്കറെ വ്യക്തിപരമായും അദ്ദേഹം ഉയർത്തിയ കാഴ്ചപ്പാടുകളെ ആശയപരമായും  തകർത്തടുക്കേണ്ടത് ഹിന്ദുവിരുദ്ധ വർഗീയതയുടെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും കൊടി പിടിക്കുന്നവരുടെ അനിവാര്യമായ രണതന്ത്രമായി മാറിയതിന്‍റെ കാരണവും അവിടെ മറ നീക്കി പുറത്തുവരുന്നു..

ശക്തി സംഭരിച്ച് ശാന്തിയുടെ വഴി തേടുവാനാണ് സവർക്കർ ഭാരതത്തോട് ആവശ്യപ്പെട്ടത്. ശക്തിയില്ലാത്തിടത്ത് പരാശ്രയം രീതിയായി മാറുമെന്നും പരാശ്രയം സ്വാതന്ത്യത്തിന്‍റെ ശവപ്പറമ്പായി മാറുമെന്നും സവർക്കർ തിരിച്ചറിഞ്ഞു.  ഭാരതത്തിന്‍റെ ശക്തി ചോർന്നവഴി ജാതി വ്യവസ്ഥ വരുത്തിവെച്ച ഭിന്നതയാണെന്ന് തിരിച്ചറിഞ്ഞതോടെ വർണ്ണവ്യവസ്ഥയ്ക്ക് അടിസ്ഥാന പ്രമാണം പ്രദാനം ചെയ്യുന്ന വിശ്വാസ സംഹിതയെ പൊളിച്ചടുക്കുവാനാണദ്ദേഹം പടവാളുയർത്തിയത്. ഭാരതത്തിലെ അധസ്ഥിത വിഭാഗത്തോട് ചേർന്നു നിന്നപ്പോഴും മൗലികമായ പൊളിച്ചടുക്കലിന്‍റെ വഴി സ്വീകരിക്കുവാൻ മടികാണിച്ചതുകൊണ്ടായിരുന്നു മഹാത്മജിയെ ഡോ ഭീംറാവ് അംബേദ്കർ 'മിസ്റ്റർ ഗാന്ധി' എന്നുമാത്രം എന്നും വിളിച്ചതെന്നും  അതേ അംബദ്കർ ജാതിവിരുദ്ധമുന്നേറ്റത്തിന്‍റെ അണയാത്ത തീജ്വാലയായിരുന്ന സവർക്കറേ സ്വന്തം ഹൃദയത്തോടൂ ചേർത്തു നിർത്തിയതെന്നതും ഇവിടെ ഓർത്തെടുക്കേണ്ടതാണ്.

ക്ഷത്രിയനിലേക്കു മാത്രം യുദ്ധം ചെയ്യുവാനുള്ള അവകാശവും ബാദ്ധ്യതയും പരിമിതപ്പെടുത്തിയിടത്താണ് ഭാരതീയ ദേശീയതയുടെ ദൗർബല്യത്തിന്‍റെ കാതൽ എന്നു തിരിച്ചറിഞ്ഞ സവർക്കർ ജാതി നിയമങ്ങളെ തകർത്തെറിഞ്ഞ് എല്ലാ ഭാരതീയനും  ആയുധമെടുത്ത് അടരാടാൻ ആവശ്യപ്പെട്ടതോടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനോടുള്ള യഥാർത്ഥ വെല്ലുവിളി ഉയരുന്നത്. 

ആ വെല്ലുവിളി ഉയർത്തിയ ഇരുപത്തിയേഴുകാരന്‍റെ ക്ഷുഭിതയൗവ്വനത്തെ മുളയിലെ നുള്ളുവാനാണ് അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം ഇരട്ട ജീവപര്യന്തം വിധിച്ച് ആൻഡമാനിലെ കൊടും ക്രൂരതയിലേക്ക് തള്ളിവിട്ടത്.  കടന്നു വന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം തകർത്തൂടച്ച ഭാരത്തിന്‍റെ പോരാട്ട വീര്യത്തിന്‍റെ ദേശീയ പാരമ്പര്യ വൈവിധ്യത്തെ തിരിച്ചു പിടിച്ച് ശക്തി സമാഹരിക്കുവാനാണ് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ സാഹചര്യം പ്രദാനം ചെയ്ത അവസരങ്ങളെ മുതലെടുത്തുകൊണ്ട് പരമാവധി ആളുകൾ ബ്രിട്ടീഷ് പട്ടാളത്തിൽ ചേരുവാൻ സവർക്കർ ആഹ്വാനം ചെയ്തത്. അങ്ങനെ ലഭിക്കുന്ന പട്ടാള പരിശീലനത്തെയും നേർ പോരാട്ട അനുഭവങ്ങളെയും പൂർണ്ണമായി പ്രയോജനപ്പെടുത്തുമ്പോൾ തന്നെ ബ്രിട്ടീഷ് കിരീടത്തോടും ഭരണകൂടത്തോടും യൂണിയൻ ജാക്കിനോടും പ്രതിബദ്ധത പുലർത്തുന്ന പ്രതിജ്ഞ ചടങ്ങായി കണക്കാക്കി മറന്നേക്കുവാനും ആത്യന്തിക പ്രതിബദ്ധത ഭാരതാംബയോടായിരിക്കണമെന്നും  സവർക്കർ വിശേഷിച്ച് വ്യക്തമാക്കുകയും ചെയ്തു. ഭാരതത്തിന്‍റെ വിമോചനത്തിനു വേണ്ടിവന്നേക്കാവുന്ന പോരാട്ടങ്ങൾക്ക് സൈന്യത്തിനുള്ളിലെ സംഖ്യാബലം കരുത്തേകുമെന്ന കണക്കു കൂട്ടലിലാണ് സവർക്കർ അങ്ങനെയൊരു തന്ത്രം മെനഞ്ഞത്. ഇവിടെ ഓർക്കേണ്ട മറ്റൊകാര്യം മുഹമ്മദാലി ജിന്നയുടെ കുതന്ത്രങ്ങളുടെ ഫലമായി ഭാരതവിഭജനം ഉണ്ടാകുമെന്ന് അന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞിരുന്നു. അങ്ങനെ വിഭജനമുണ്ടായാൽ പാക്കിസ്ഥാനിലേക്ക് പോകാനിടയുള്ളവർക്കാണ് അന്നത്തെ സൈന്യത്തിൽ സംഖ്യാപരമായി ഗണ്യമായ മേൽകൈ എന്നതായിരുന്നു വസ്തുത. അത് വിഭജനശേഷമുള്ള ഭാരതത്തിന്‍റെ പ്രതിരോധശേഷിയിൽ കാര്യമായ കുറവുണ്ടാക്കുമെന്ന വസ്തുത കണക്കിലെടുത്തു കൊണ്ടും കൂടിയായിരുന്നു സവർക്കർ ദേശീയ ശക്തികളോടൊപ്പം നിന്ന യുവാക്കളോട് സൈന്യത്തിലേക്ക് ചേക്കേറുവാൻ നിർദ്ദേശിച്ചത്.  ഡോ അംബേദ്കറും രഷ് ബിഹാരീ ബോസും നേതാജീ സുഭാഷ് ചന്ദ്ര ബോസും അടക്കമുള്ളവർ വീര സവർക്കറുടെ ഈ രണതന്ത്രത്തെ അറിഞ്ഞ് അംഗീകരിച്ചവരാണ്. ക്വിറ്റ് ഇൻഡ്യാ സമരവും അതു നയിച്ച നേതൃത്വവുമല്ല, ഭാരതീയ സേനയിലുയർന്ന അസഹിഷ്ണതയുടെ സൂചനകളാണ് ബ്രിട്ടീഷ്കാരെ ഇൻഡ്യ വിട്ടുപോകാൻ നിർബന്ധിതരാക്കിയതെന്ന് അധികാരക്കൈമാറ്റക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്ലിയെ ഉദ്ധരിച്ചുകൊണ്ട് 1950കളിൽ ഡോ അംബേദ്കർ നടത്തിയ വെളിപ്പെടുത്തൽ സൈന്യത്തിലേക്ക് കയറിക്കൂടുവാൻ സവർക്കർ നടത്തിയ നിർദ്ദേശത്തിലെ ശരി പ്രകടമാക്കുന്നു. സ്വാതന്ത്രഭാരതം തുടക്കത്തിൽ തന്നെ കശ്മീർ ലക്ഷ്യമാക്കി പാക്കിസ്ഥാൻ നടത്തിയ കടന്നു കയറ്റത്തെ ചെറുക്കുന്നതിനും സവർക്കർ മുൻകൂട്ടി നടപ്പിലാക്കിയ പദ്ധതി പ്രയോജനപ്പെട്ടൂയെന്നതാണ് മറച്ചുവെക്കപ്പെട്ടതാണെങ്കിലും സത്യസന്ധമായ ചരിത്രവസ്തുത.

സ്വാതന്ത്രഭാരതത്തെ സംബന്ധിച്ചും ചരിതത്തെ കുറിച്ചും രണ്ടാം ലോകമഹായുദ്ധാനന്തര ലോകത്തെ കുറിച്ചും കൃത്യമായ പഠനവിലയിരുത്തകളുടെയും ഭാരതത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ കണക്കിലെടുത്തതിന്‍റെയും അയൽ രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ കാഴ്ചപ്പാടുകളെ മനസ്സിലാക്കിയെടുത്തതിന്‍റെയും അടിസ്ഥാനത്തിൽ ഭാരതത്തിന്‍റെ ഭാവി സുരക്ഷ ഉറപ്പാക്കുവാധുള്ള പിഴവിനിടം കൊടുക്കാത്ത കർമ്മപദ്ധതി സവർക്കറുടെ ബൗദ്ധിക ആവനാഴിയിലുണ്ടായിരുന്നു. പക്ഷേ പിഴവും പഴുതും നിറഞ്ഞതായിരുന്നു അധികാരം കയ്യിൽ കിട്ടിയ ജവഹർലാൽ നെഹ്രുവിന്‍റെ പ്രതിരോധ പദ്ധതി. (ഒരു പക്ഷേ അങ്ങനെയൊന്നില്ലായിരുന്നൂയെന്നു പറയുന്നതാകും കൂടുതൽ ശരി)  1950ൽ ചൈന ടിബറ്റിലേക്ക് കടന്നാക്രമിച്ചപ്പഴേ ചീനപ്പടയുടെ അടുത്ത ഊഴം ഭാരതമായിരിക്കുമെന്ന സൂചന സവർക്കർ നൽകി. നെഹ്രു പഞ്ചശീല തത്ത്വവുമായി ചൈനയെ സമീപിച്ചപ്പോൾ 1954ൽ തന്നെ, (1962ൽ കമ്യൂണിസ്റ്റ ചൈന ഭാരതത്തെ കടന്നാക്രമിക്കുന്നതിന് 8 വർഷങ്ങൾക്കു മുമ്പ്) സവർക്കർ പ്രസ്താവനയിലൂടെ വ്യക്തമാക്കി:


"ടിബറ്റിനോടുള്ള പ്രവർത്തിക്കുശേഷവും ചൈനയോടുള്ള അമിത വിധേയത്വം ആ രാജ്യത്തിന്‍റെ വിശപ്പ് വർദ്ധിപ്പിക്കും. ഇൻഡ്യയുടെ ദുർബലമായ സമീപനത്തിന്‍റെ തണലിൽ ഇൻഡ്യൻ ഭൂമി വിഴുങ്ങുവാനുള്ള ധൈര്യം ചൈനയ്ക്കുണ്ടായാലും എനിക്ക് അതിശയം തോന്നുകയില്ല"

ഭാരതത്തിന്‍റെ ദേശസുരക്ഷയുടെ കാര്യത്തിൽ ആഗോള ബന്ധങ്ങളിലെ കൗശല പൂർവ്വമായ ഇടപെടലുകളും പ്രധാന ഘടകമായിരുന്നു.  അമേരിക്ക പോലുള്ള രാജ്യങ്ങൾ പോലും അവരുടെ സ്വാർത്ഥ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നയതന്ത്ര ബന്ധങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതെന്നും അല്ലാതെ ബൈബിളിന്‍റെ അടിസ്ഥാനത്തിലല്ലെന്നും അമേരിക്കൻ മാദ്ധ്യമങ്ങളോട് വെട്ടിത്തുറന്ന് പറഞ്ഞ ചരിത്രം സവർക്കർക്കുണ്ട്. ഭാരതത്തോട് ഒരു നല്ല ബന്ധത്തിനു തയാറാകുന്നത് അവരുടെ ഭാവിക്കും നല്ലതാകുമെന്നും സൂചനയും സവർക്കർ അവരോട് നൽകിയിരുന്നു. അതുപോലെ യന്ത്രവത്കരണത്തിന്‍റെ സാദ്ധ്യതകളുൾപ്പടെ പ്രയോജനപ്പെടുത്തി സാമ്പത്തിക ഭദ്രതകൊണ്ട് ശക്തമായാലേ രാഷ്ട്രത്തിനു നിലനിൽക്കുവാനുള്ളയിടം ലഭിക്കൂയെന്ന ഉൾക്കാഴ്ചയും സവർക്കറുടെ പ്രത്യേകതയായിരുന്നു.

അങ്ങനെ സമഗ്രമായ  കാഴ്ചപ്പാടിന്‍റെ  പ്രയോഗവത്കരണത്തിലൂടെ ഭാരതം ശക്തി സംഭരിക്കണമെന്നും അങ്ങനെ ഉയരുന്ന രാഷ്ട്ര ശക്തിയുടെ ബലത്തിൽ ശാന്തിയുടെ അന്തരീക്ഷത്തിലേക്ക് ലോകത്തെ നയിക്കണമെന്നും സവർക്കർ പറഞ്ഞതിനെ ഫലപ്രദമായി പ്രാവർത്തികമാക്കുന്ന പ്രക്രിയ  മോദിയുടെ ഭാരതം തുടങ്ങിക്കഴിഞ്ഞു, 

അഞ്ചു ട്രില്ല്യൻ യുഎസ്സ് ഡൊളർ സാമ്പത്തിക ശക്തിയാകാൻ ലക്ഷ്യം വെച്ചതും പ്രതിരോധശക്തി ദൃഡപ്പെടുത്താൻ ചടുലനടപടികളെടുത്തതും നയതന്ത്ര ബന്ധങ്ങളിൽ രാഷ്ട്ര താത്പര്യത്തിനും ലോക സമാധാനത്തിനും പ്രധാന്യംകോടുത്തുകൊണ്ടുള്ള ത്വരിത നീക്കങ്ങൾക്ക് കൗശലപൂർവ്വം മുന്നോട്ടിറങ്ങിയതുമൊക്കെ ശരിദിശയിലുള്ള ചുവടുവെപ്പുകളായിരുന്നു.

അതിനിടയിലാണ് കോവിഡ് 19 പുതിയ വെല്ലുവിളികൾ ഉയർത്തുന്നത്.

ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കോവിഡ്19 ചൈന ഒരു ജൈവായുധം എന്ന പേരിൽ വളർത്തിയെടുത്തതാണോ അതോ വുഹാൻ പ്രവിശ്യയിൽ ജന്മമെടുത്ത് യാദൃച്ഛികമായി ലഭിച്ച വൈറസ്സിനെ ചൈനീസ് കമ്യൂണിസ്റ്റു ഭരണകൂടം തങ്ങളുടെ ആവനാഴിയിലേ ജൈവായുധ സംഭരണിയിലേക്ക് കൂട്ടിച്ചേർത്തതാണോയെന്നതിൽ മാത്രമേ കൃത്യത ഉണ്ടാകേണ്ടതൂള്ളു.  സാമ്രാജ്യത്വ വികാസത്തിന് ലക്ഷ്യം വെച്ച് ചൈന ആരംഭിച്ച കുതന്ത്രങ്ങളിലൂടെ തകർക്കാൻ ശ്രമീക്കുന്ന ഒന്നാമത്തെ രാജ്യം അമേരിക്കൻ ഐക്യനാടുകളും രണ്ടാം രാജ്യം ഭാരതവുമാണെന്നതിലും വേണ്ടത്ര വ്യക്തതയുണ്ട്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും രണതന്ത്രപരമായ കാരണങ്ങളാലും അമേരിക്കയ്ക്കെതിരെയുള്ള കടന്നാക്രമണം വാണിജ്യമേഖലയിൽ ഒതുക്കുന്നതിനപ്പുറം പോകാനിടയില്ല. പക്ഷേ ഭാരതത്തിനുമേൽ  അതിർത്തി കടന്നുള്ള ആക്രമത്തിന്‍റെ പുതിയൊരു പോർമുഖം കൂടി തുറക്കുമൊയെന്ന സാദ്ധ്യത ലോകം ശ്രദ്ധാപൂർവ്വം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തിനോട് ശത്രുതാമനോഭാവത്തോടെ ജിഹാദിനു തയാറായി ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തികളിലും അന്തർദേശീയ നിയന്ത്രണ രേഖകളിലും നിരന്തരം കടന്നാക്രമങ്ങളും ഇസ്ലാമിക തീവ്രവാദികൾ മുഖേനയുള്ള വിധ്വംസക പ്രവർത്തനങ്ങളും നടത്തുന്ന പാക്കിസ്ഥാനും ചൈനയുടെ സഹായത്തോടെ ഒരു അതിസാഹസത്തിനു മുതിരുമോയെന്നതും നോക്കിക്കാണേണ്ടിയിരിക്കുന്നു.

മാർക്സിസത്തിൽ നിന്നും മാവോയിസത്തിലേക്ക് വഴിതെറ്റിയ  ഇൻഡ്യയിലെ കമ്യൂണിസ്റ്റു സഖാക്കളുടെ പുതുതലമുറയും ജിഹാദിലൂടെ ഇസ്ലാമിക രാജ്യം സ്പ്നം കണ്ട് തീവ്രവാദപരമ്പരകളിലൂടെ ലോകം പിടിച്ചടക്കുവാൻ ഇറങ്ങിത്തിരിച്ചവരും ആരുടെ കൂടെനിന്നായാലും അധികാരം തിരിച്ചു പിടിക്കണമെന്ന മോഹവുമായി അവസരം തേടുന്ന സോണിയ-രാഹുൽ-പ്രിയങ്ക-വദ്രമാരും  വീര സവർക്കറെ ഭയക്കുന്നവരും ഭാരതത്തെ ചതിക്കുന്നവരുമാണ്.

മരണത്തേ വെല്ലുവിളിച്ച സ്വാതന്ത്ര്യവീര വിനായക ദാമോദർ സവർക്കരോടോപ്പം ഭാരതാംബയ്ക്കു വേണ്ടി സ്വയം സമർപ്പിച്ച വീരബലിദാനികളുടെ ബലികുടീരങ്ങളിൽ നിന്നുയരുന്ന പ്രകാശധാരയിൽ ആത്മനിർഭര ഭാരതം വീണ്ടും തിളങ്ങും, ലോകത്തിന് വെളിച്ചമായി, വഴികാട്ടിയായി.

(ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനാണ് ലേഖകൻ.  ഫോൺ: 9497450866)
ജന്മഭൂമി ദിനപ്പത്രം 27-05-2020 -ല്‍ ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.No comments:

Post a Comment