05 May 2020

Jagan :: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും പേരിൽ വ്യാപാരികളേയും,ജനങ്ങളേയും വലയ്ക്കരുത്......!!

Views:

Jagan
പ്രതിദിന ചിന്തകൾ

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും പേരിൽ വ്യാപാരികളേയും,ജനങ്ങളേയും വലയ്ക്കരുത്......!!
                                                                 
ഭാരതം പൊതുവേയും, കേരളം പ്രത്യേകിച്ചും കൊവിഡ് - 19 ന് എതിരേയുള്ള പോരാട്ടത്തിൽ ലോക രാഷ്ട്രങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്നു എന്നത് നമുക്ക് ഏവർക്കും അഭിമാനിക്കാവുന്ന വസ്തുത തന്നെയാണ്. അതിന് കാരണക്കാരായ കേന്ദ്ര സംസ്ഥാന സർക്കാരുകളും, നമ്മുടെ ആരോഗ്യ വകുപ്പും, പോലീസ് വകുപ്പും, ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളും, പത്ര ദൃശ്യമാധ്യമ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു.

എന്നാൽ ഈ ദൗത്യം വിജയകരമാക്കുന്നതിന് ആത്മാർത്ഥമായി പ്രവർത്തിച്ച ഒരു പ്രധാന വിഭാഗത്തെ നാം ബോധപൂർവ്വം വിസ്മരിക്കുകയും, ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയതോടെ, അറിഞ്ഞോ അറിയാതെയോ വലയ്ക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന ദയനീയമായ വാർത്തകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പരക്കെ  റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് അവസാന വാരം മുതൽ തന്നെ പ്രശ്നത്തിന്‍റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ട്, തൊഴിലും, കൂലിയും ഉപേക്ഷിച്ച് എല്ലാം അടച്ചു പൂട്ടി മുണ്ടു് മുറുക്കി ഉടുത്തു കൊണ്ട് , വീട്ടിൽ ഇരുന്നവരാണ് നമ്മുടെ വ്യാപാരികളും സാധാരണ ജനങ്ങളും. അച്ചടക്കവും രാഷ്ട്ര ബോധവും, രാജ്യസ്നേഹവും, സഹജീവികളോടുള്ള കരുതലും, സർക്കാരിനേയും, നിയമ വ്യവസ്ഥയേയും അനുസരിക്കുന്നതിന് പൗരബോധവും ഉള്ള ജനവിഭാഗങ്ങൾക്ക് മാത്രമേ ഇത്തരം ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ. അതു കൊണ്ട് തന്നെ കൊറോണാ വൈറസിനും, കൊവിഡ് - 19നും എതിരേയുള്ള യുദ്ധത്തിൽ നാം നേടിക്കൊണ്ടിരിക്കുന്ന വിജയത്തിൽ സർക്കാരിന് അവകാശപ്പെട്ട പങ്കിനോളമോ, അതിലുമേറെയോ പങ്കിന് ഉള്ള അവകാശം ലോക് ഡൗൺ നിയന്ത്രണങ്ങൾ അക്ഷരാർത്ഥത്തിൽ അനുസരിച്ച്, ആ ദൗത്യം വിജയിപ്പിച്ച നമ്മുടെ വ്യാപാരി സമൂഹത്തിനും, സാധാരണ ജനവിഭാഗത്തിനും ഉണ്ട്.
ഇപ്പോൾ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് നടപ്പാക്കുമ്പോൾ, അതിന്‍റെ പേരിൽ ആ വിഭാഗങ്ങളെ വലയ്ക്കരുത്, ശിക്ഷിക്കരുത്......!

ഏകദേശം ഒന്നര മാസത്തോളം അടഞ്ഞുകിടന്ന വ്യാപാര സ്ഥാപനങ്ങൾ.......!
ഇക്കാലം കൊണ്ട് വ്യാപാരി സമൂഹത്തിനുണ്ടായ നഷ്ടങ്ങളെക്കുറിച്ചോ, ദുരിതങ്ങളെ കുറിച്ചോ വിശദീകരിക്കുക എന്ന പാഴ് വേലയ്ക്ക് ഞാൻ മുതിരുന്നില്ല.

അതുപോലെ തന്നെയാണ് സാധാരണ ജനങ്ങളുടേയും സ്ഥിതി. ഇത്രയും നാൾ തൊഴിലും കൂലിയും വരുമാനവും ഇല്ലാതെ നട്ടം തിരിഞ്ഞവരുടെ ദുരവസ്ഥ വിവരിക്കാനാവില്ല.

എന്നാൽ, രണ്ടു ദിവസം മുൻപ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ഇളവുകൾ പൊതുസമൂഹത്തിൽ ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് സത്യം. ഇത് ലോക് ഡൗൺ പ്രഖ്യാപിച്ചതിനേക്കാൾ ബുദ്ധിമുട്ടാണ് വ്യാപാരി സമൂഹത്തിനും സാധാരണ ജനങ്ങൾക്കും സൃഷ്ടിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ചില ഇളവുകൾ പ്രഖ്യാപിക്കുന്നു.   ഇവയിൽ, ദിവസേന വൈകുന്നേരമുളള വാർത്താ സമ്മേളനത്തിൽ തന്റേതായ വ്യത്യാസങ്ങൾ വരുത്തി മുഖ്യമന്ത്രി പുതുക്കി പ്രഖ്യാപിക്കുന്നു.

പ്രസ്തുത ഇളവുകൾ ഉത്തരവായി വന്നാലായി, വന്നില്ലെങ്കിലായി.....!
 • മേൽ വിവരിച്ച ഇളവുകളിലും നിയന്ത്രണങ്ങളിലും തന്‍റേതായ മിനുക്കുപണികൾ വരുത്താൻ ജില്ലാ കലക്ടർമാർക്ക് വിവേചനാധികാരം.......!
 • കലക്ടർമാരുടെ നിർദ്ദേശങ്ങളിലും കടന്നു കയറി വ്യത്യാസങ്ങൾ വരുത്തി പ്രവർത്തിക്കുന്ന കുപ്രസിദ്ധരും വിവാദനായകന്മാരുമായ ചില സൂപ്പർ ജില്ലാ പോലീസ് മേധാവികൾ........!
 • ഇവരുടെ എല്ലാം കൈകൾ കടന്ന, ഇളവുകളും, നിയന്ത്രണങ്ങളും സാധാരണക്കാരന്‍റെ കയ്യിൽ എത്തിക്കാൻ ചുമതലപ്പെട്ട, നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ലോക്കൽ പോലീസ് സ്റ്റേഷനിലും, ആരോഗ്യ വകുപ്പിലും ഉള്ള ഉദ്യോഗസ്ഥരുടെ കൈകളിൽ ഇവ എത്തുമ്പോൾ കഥ ആകെ മാറും......!
അത് പണ്ട് "കുറുപ്പ് ഛർദ്ദിച്ചു "  എന്നത്  "കാക്കയെ ഛർദ്ദിച്ചു"
എന്ന് പറഞ്ഞതു പോലാകും. അധികം വിശദീകരിക്കേണ്ടതില്ലല്ലോ?
 • നിമിഷം പ്രതി നിറങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ.....!
 • നിരോധനാജ്ഞ മാറി മാറി പ്രഖ്യാപിക്കുകയും, പിൻവലിക്കുകയും ചെയ്യപ്പെടുന്ന പഞ്ചായത്തുകൾ, വാർഡുകൾ.......!
 • ഇടക്കിടെ തുറക്കുകയും അടയ്കുകയും ചെയ്യുന്ന റോഡുകൾ.......!
 • ഇതിനിടെ പ്രഖ്യാപിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ഇളവുകളും നിയന്ത്രണങ്ങളും........!
 • ഇവ നടപ്പാക്കുന്നതിലെ അപാകതകൾ വേറെ........!
ഇതിനിയിൽ പെട്ട് വലയുന്ന വ്യാപാരി സമൂഹവും സാധാരണ ജനങ്ങളും......!
 • ഏതൊക്കെ കടകൾ തുറക്കാം എന്നറിയില്ല.
 • എത്ര സമയം തുറന്ന് പ്രവർത്തിക്കാം എന്നറിയില്ല. 
 • ഏതൊക്കെ സ്ഥലങ്ങളിൽ ഉള്ള കടകൾ തുറക്കാം എന്നറിയില്ല.
 • കടകൾ തുറക്കാൻ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ കട നിന്നിരുന്ന സോണിൽ തന്നെയാണോ കടയിൽ എത്തുന്ന സമയവും കട നിൽക്കുന്നത്  എന്നതിന് ഒരു ഉറപ്പും ഇല്ല.
 • ഏതെല്ലാം റോഡിലൂടെ യാത്ര ചെയ്യാം എന്ന് അറിയില്ല.
 • ഇതിനിടെ തുറന്ന കടകൾ അടപ്പിക്കുന്നു. വ്യാപാരിയെ അറസ്റ്റ് ചെയ്ത് ലോക്ക് അപ്പിൽ ആക്കുന്നു.
 • അടച്ച കടകൾ തുറപ്പിക്കുന്നു.
സർവ്വത്ര ആശയക്കുഴപ്പവും, സംശയവും....!

വിജയകരമായ ഭരണനിർവ്വഹണത്തിന്‍റെ അടിസ്ഥാന്ന തത്വം ഭരണ നേതൃത്വം മുതൽ താഴെത്തട്ടിലെ ഉദ്യോഗസ്ഥർ വരെ പാലിക്കേണ്ടതും, നടപ്പിലാക്കേണ്ടതും ഒരേ മാനദണ്ഡം തന്നെ ആയിരിക്കണം എന്നതാണ്.
അവയെക്കുറിച്ചൊക്കെ ജനങ്ങൾക്ക് കൃത്യമായ അറിവ് നൽകുക തന്നെ വേണം.

ലോക്ക് ഡൗൺ ഇനിയും നീണ്ടു പോകാൻ സാദ്ധ്യതയുള്ള ഈ അവസരത്തിൽ വിവിധ സോണുകളിലെ നിയന്ത്രണങ്ങളെ കുറിച്ചും ഇളവുകളെ കുറിച്ചും അധികൃതർ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പാടില്ല.

അവയെക്കുറിച്ചൊക്കെ ഉദ്യോഗസ്ഥർ സ്വയം വേണ്ടത്ര ബോധവാൻമാർ ആകുന്നതോടൊപ്പം ജനങ്ങൾക്ക് കത്യമായ ധാരണ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം നൽകുകയും  വേണം. കൊവിഡ് - 19 ന് എതിരേയുള്ള പോരാട്ടത്തിൽ,
ഭരണ നേതൃത്വം അസത്യവും അർത്ഥസത്യവും പ്രചരിപ്പിച്ചതു മൂലം കാര്യങ്ങൾ കൈവിട്ടു പോയ അമേരിക്കയുടെ പാഠം നമ്മുടെ കൺമുന്നിലുണ്ട്.  ഇളവുകൾ നടപ്പാക്കുമ്പോൾ, അബദ്ധത്തിൽ പോലും നമുക്ക് അപ്രകാരം സംഭവിക്കാൻ പാടില്ല.

അത് നാം നേടിയ വിജയത്തിന് തുരങ്കം തീർക്കലാകും.                                           

ഈ യുദ്ധം വിജയിപ്പിക്കുന്നതിനായി സഹകരിച്ച വ്യാപാരി സമൂഹത്തിനും സാധാരണ ജനങ്ങൾക്കും എതിരേയുള്ള യുദ്ധപ്രഖ്യാപനമാകും. അപ്രകാരം സംഭവിക്കാൻ പാടില്ല.

അതിനുള്ള ആർജ്ജവവും ദിശാബോധവും അധികൃതർക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാകണം.
   05 - 05 - 2020

(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,  
കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ആണ് ലേഖകൻ.)No comments:

Post a Comment