13 May 2020

G Gopalakrishna Pillai :: ബുദ്ധൻ ചിരിക്കുന്നു

Views:


കവിത (1998)
ബുദ്ധൻ ചിരിക്കുന്നു 
ജി ഗോപാലകൃഷ്ണ പിള്ള


ബുദ്ധൻ ചിരിക്കുന്നു പിന്നെയും ഭാരതം
ഹർഷപുളകിതമാകുമീ വേളയിൽ
ആറ്റം പിളർക്കുന്നൊരൂറ്റം ധരിത്രിയെ
തെല്ലിടയമ്പേ പ്രകമ്പിതമാക്കിയോ

ഞെട്ടി തരിച്ചുപോയ് യാങ്കികൾ ചീനരും
മറ്റൊരു രാഷ്ട്രം അണുശക്തിയാകയോ?
നൂറ്റാണ്ടുകാലം അഹിംസയെന്നോതിയ
നാടിതു ശാന്തിയെ കൈവെടിഞ്ഞേക്കുമോ
ബുദ്ധൻപിറന്നൊരീ മണ്ണിൽ സമാധാന-
യജ്ഞം തുടരുന്ന നേതാക്കൾ ഇല്ലയോ ?

ശാന്തസ്വരൂപനാം ശാക്യമുനിയുടെ
വാക്യങ്ങളോതിപഠിച്ചൊരു ചീനയും
മാറ്റത്തിനേതും ചെവികൊടുക്കാത്തവർ
കാട്ടാള വർഗ്ഗം നിറഞ്ഞ ദേശങ്ങളും
ഉപരോധ ഭീഷണി കൊണ്ടെന്‍റെ നാടിത്
വിറ കൊള്ളമെന്നു കരുതുന്ന മുഷ്കരും

ചിരിയുടെ പിന്നിലെ തത്ത്വത്തെ,യേതു-
മറിയുന്നതില്ലഹോ വിശ്വത്തിലെങ്ങും-
പുകൾപെറ്റ 'നാളന്ദ' അഗ്നിക്കിരയാക്കി
വിട്ട പാദങ്ങളിൽ 'ബുദ്ധം ശരണം'എ-
ന്നോതി പ്രണമിച്ച ബുദ്ധിനിശൂന്യത-
യല്ലിന്നു ഭാരതം പെറ്റുവളർത്തുന്ന-
തെന്നിവരോർക്കുമോ ?

സ്വന്തം സിരകളിൽ ഒക്കെയും വററാത്ത
ക്ഷാത്രവീര്യം തിളയ്ക്കുന്നവരാണവർ
ശക്തന്‍റെ കയ്യിൽ സഹനമാമായുധം
നാലാളു കേൾക്കിൽപുകഴ്ത്തലിനുള്ളതാം
ദുർബലൻ ഹത്യയെ തള്ളിപ്പറകിലും
ഭീരുത്വം എന്നേ കരുതുള്ളു മാനുഷർ

ബോധിവൃക്ഷത്തിൻ ചുവട്ടിൽനിന്നീ നവ
ബോധം ലഭിച്ച ജനതയാം ഭാരതർ
'വിശ്വം സമസ്തം സുഖം ലഭിക്കട്ടെയെ'
ന്നുച്ചത്തിൽ ഘോഷിക്കയാണിന്നു പിന്നെയും

വെട്ടിപ്പിടിച്ചില്ല സാമ്രാജ്യ സീമകൾ
വെട്ടി അരിഞ്ഞില്ല രാജശിരസ്സുകൾ
ശാസ്ത്ര വിജയത്തെ മേലിലും നാടിന്‍റെ
കോപ്പു കൂട്ടാനേയെടുക്കള്ളു ഭാരതം !

കാറ്റു വിതച്ച് കൊടുങ്കാറ്റു ചെയ്യുവാൻ
കോപ്പു കൂട്ടേണ്ട പതറില്ല ഭാരതം !
കല്ലിൽ ഇരുമ്പിൽ നിന്നാററം യുഗത്തിലേ-
ക്കെന്‍റെ നാടിന്നുണരുന്ന വേളയിൽ
ബുദ്ധൻ ചിരിക്കുന്നു പിന്നെയും മാനവ
ധർമ്മ ധ്വജത്തിന്നുയർച്ചയ്ക്ക് മീതെയായ്!!

 --- G Gopalakrishna Pillaiഅടിക്കുറിപ്പ്

1998.  തപസ്യയുടെ സംസ്ഥാനപഠനശിബിരം.  സ്ഥലം കുട്ടികൃഷ്ണമാരാരുടെ ഭവനം.  സാന്നിദ്ധ്യം: മഹാകവി അക്കിത്തം, പി.നാരായണകുറുപ്പ്, ആർ.സഞ്ജയൻ, പ്രൊഫസ്സർ സി.ജി.രാജഗോപാലൻ, യശഃശരീരരായ തുറവൂർ വിശ്വംഭരൻ, എൻ.പി.രാജൻ നമ്പി തുടങ്ങിയവർ.

ഭാജനഭോജനവാദം, പുരോഗമന സാഹിത്യം തുടങ്ങി പലതും ചർച്ചയായി.  സോദ്ദേശസാഹിത്യസൃഷ്ടിയുടെ ആവശ്യത്തെസംബന്ധിച്ച് ജി ഗോപാലകൃഷ്ണ പിള്ള ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു.  കവിത കവി ഹൃദയത്തിൽ സ്വയമേവ ജന്മമെടുക്കുന്നതാണെന്നും ദോശ ചുട്ടെടുക്കുന്നതു പോലെയല്ലെന്നുമുള്ള അഭിപ്രായമാണ് മഹാകവി അക്കിത്തം പ്രകടിപ്പിച്ചത്.

തന്‍റെ വാദം തെളിയിയ്ക്കുവാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് പ്രബന്ധകാരൻ  നിശ്ചയിച്ചു. അങ്ങനെ അന്ന് പഠന ശിബിരത്തിന്‍റെ ഇടവേളയിൽ ഗോപാലകൃഷ്ണ പിള്ളയുടെ കവിമനസ്സിൽ രൂപം കൊണ്ട കവിതയാണിത്. ചർച്ചയിൽ എതിർത്തവരും കവിതയെ അനുമോദിച്ചു.  തുടർന്ന് നാഗപ്പൂരിൽ നടന്ന അഖിലഭാരതീയ കലാസാധക സംഗമത്തിൽ കുഞ്ഞപ്പൻ കൊല്ലങ്കോടിന്‍റെ വിവർത്തനത്തോടുകൂടി അവതരിപ്പിക്കുവാൻ കഴിഞ്ഞു. തുടർന്ന് അടൽ ബിഹാരി വാജ്പേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. 1998 ജൂലൈ 5   'ജന്മഭൂമി' വാരാദ്യപതിപ്പിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്.

--- K V Rajasekharan
No comments:

Post a Comment