01 May 2020

Ameer kandal :: ആത്മീയതയുടെ കുളിര് ചൊരിഞ്ഞ് ഒരു റമദാൻ കൂടി ...

Views:

ആത്മീയതയുടെ കുളിര് ചൊരിഞ്ഞ് ഒരു റമദാൻ കൂടി ...
അമീർകണ്ടൽ


കൊച്ചുന്നാളിൽ വീട്ടകങ്ങളിലെ അടുക്കള ജാലകത്തിൽ നിന്ന് വൈകുന്നേരങ്ങളിൽ പുറത്തേക്ക് പരക്കുന്ന ഉലുവാക്കഞ്ഞിയുടെ കൊതിപ്പിക്കുന്ന മണമാണ്  നോമ്പിന്‍റെ ഓർമ്മകളിൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്.      അന്ന് വൈകുന്നേരങ്ങൾക്ക് വല്ലാത്ത സൗരഭ്യമായിരുന്നു; സൗന്ദര്യവും. പടിഞ്ഞാറത്തെ വണ്ടിത്തടത്തിലെ ചീലാന്തി മരക്കൊമ്പിൽ കെട്ടിയ ഊഞ്ഞാലിലിരുന്ന് ഇളം തെന്നലിനോട് കിന്നാരം പറഞ്ഞുള്ളയാട്ടം ഉൾവയറ്റിലെ വിശപ്പിന്‍റെ കാളലിനെ അലിയിച്ചു കളഞ്ഞിരിന്നു. ഉമ്മറക്കോലായിൽ നിന്ന് ഒഴുകിയിരുന്ന ബാപ്പായുടെയും ഉമ്മയുടേയും ഖുർആൻ ഓത്തിന്‍റെ ഈരടികൾ പരിസരത്താകെ വിശുദ്ധിയുടെ പരിമളം പരത്തിയിരുന്നു.  കൂട്ടുകാർ പരസ്പരം കാണുമ്പോൾ "നോമ്പുണ്ടോ?" എന്നു ചോദിച്ചും മത്സരിച്ച് നോമ്പ് പിടിച്ചും മഗ്‌രിബാവാൻ കാത്തിരുന്ന കാലം.
         
രാവിലെ സുബഹി നമസ്കാരത്തിന് ശേഷം പുറം പള്ളിയിലെ പുൽപായയിൽ നിരന്ന് കിടന്ന് കൂട്ടുകാരോടൊത്ത് കൊച്ചുവർത്തമാനങ്ങളും തർക്കവിതർക്കങ്ങളും നടത്തിയ കാലം. 

സമയം പോക്കാനായി വാടപ്പുറങ്ങളിലും കായൽ തീരത്തും പോയി ഓലക്കീറ് വിരിച്ച് കിടന്ന് ഉറങ്ങിയകാലം.

തോട്ടുവരമ്പത്ത് പോയി കണ്ണാൻ ചുട്ടിയെ പിടിച്ച് വരമ്പിന്‍റെ ഓരത്ത് ചെറുകുഴി ഉണ്ടാക്കി അതിൽ വെളളം നിറച്ചിട്ട് സമയം പോക്കിയ കാലം.

പളളികൾ ഏറ്റവും കൂടുതൽ സജീവമായിരുന്ന കാലം കൂടിയാണ് റമദാൻ. ഓരോ വക്വത്തിലും (നിസ്കാര സമയം) പുറംപള്ളി വരെ നീളുന്ന സ്വഫു (വരി) ഉണ്ടാവും. ചെറിയ കുട്ടികൾ വരെ ഒറ്റമുണ്ടുടുത്ത് തങ്ങളുടെ ഉപ്പമാരുടെ കൈ പടിച്ച് പള്ളിയിലേക്ക് വരുന്നത് കാണാൻ എന്ത് ചന്തമാണെന്നോ. നോമ്പ് കാലത്ത് മാത്രം പള്ളിയിൽ കയറിയിരുന്നവരെ ആർ.എസ്.പി (റമദാൻ സ്പെഷ്യൽ പാർട്ടി) ക്കാരെന്നാണ് കുട്ടികൾക്കിടയിൽ തമാശയായി വിളിച്ചിരുന്നത്. ഇന്നത്തേത് പോലെ പള്ളികളിൽ അന്ന് വലിയ നോമ്പുതുറയൊന്നുമില്ല. മഗ്രിബിന് പളളിയിൽ നിസ്ക്കരിക്കാനെത്തുന്നവർക്ക് വീടുകളിൽ നിന്ന് കഞ്ഞി വെച്ച് പള്ളികളിൽ കൊണ്ട് പോയി കൊടുക്കലാണ് പതിവ്.നോമ്പ്കഞ്ഞിയോടൊപ്പം  തേങ്ങ അരച്ച് ചേർത്ത ചെറുപയർ തോരനും ഉണ്ടാകും. മറ്റ് വക്വതുകളേക്കാൾ മഗ്രിബ് സമയത്താണ് പള്ളികൾ കൂടുതൽ സജീവമാകുന്നത്. വീടുകളിൽ നിന്ന് വലിയ  കഞ്ഞിക്കലം ചാക്കിൽ വെച്ച് നാലഞ്ച് പേർ ചേർന്ന് ചുറ്റും പിടിച്ചാണ് പള്ളിയിൽ എത്തിച്ചിരുന്നത്. സ്പൂണിന് പകരം പ്ലാവില കോട്ടിയുണ്ടാക്കിയ കോരിയും വിളുമ്പ് കറുത്തതും വെളുത്തതുമായ പരന്ന പിഞ്ഞാണങ്ങളുമാണ് കഞ്ഞി കുടിക്കാൻ ഉപയോഗിച്ചിരുന്നത്. 

പ്ലാവില കോട്ടാനും പിഞ്ഞാണങ്ങൾ കഴുകി അടുക്കാനും കുട്ടികൾക്ക് വലിയ ഉത്സാഹമായിരുന്നു. നോമ്പുകാലത്ത്  നോമ്പ് കഞ്ഞി വിളമ്പാനും മറ്റുമായി  പ്രായമായ ചില ഉപ്പമാർ രംഗ പ്രവേശം ചെയ്യുക സാധാരണമാണ്. അവർ വളരെ വെടിപ്പായി ആ പണി നിർവ്വഹിച്ചിരിക്കും. 

പള്ളിയിലെ മഗ് രിബ് ബാങ്കിന് മുൻപായി എല്ലാവരുടേയും കൈകളിലേക്ക്  തവിട്ട് നിറത്തിലുള്ള ഈ രണ്ട് ചൊള ഈന്തപ്പഴം വീതം വിളമ്പിക്കഴിയുമ്പോഴേക്കും അവരുടെ മുഖത്ത് തെളിയുന്ന നിർവൃതിയുണ്ടല്ലോ. അതൊരു വല്ലാത്ത തൃപ്തിയാണ്. പനയോലയിൽ മെടഞ്ഞ വട്ടിയിലായിരുന്നു അന്ന് ഈന്തപ്പഴം സൂക്ഷിച്ചിരുന്നത്. എന്നല്ല, നോമ്പുകാലത്ത് മാത്രമാണ് കടകളിൽ ഈന്തപ്പഴം വില്പനക്ക് കണ്ടിരുന്നത്. ഒരു സ്റ്റീൽ ഗ്ലാസ് പച്ച വെള്ളവും കൂടിയായാൽ നോമ്പ് തുറയുടെ വിഭവങ്ങളായി.

റമദാനിലെ പ്രയാസം പിടിച്ച ഒരു ഏർപ്പാട് ഇടയത്താഴം കഴിക്കലായിരുന്നു.
പുലർച്ചെ മൂന്ന് മണിക്ക് മുമ്പ് എഴുന്നേൽക്കണം. ഉറക്കപ്പായയിൽ നിന്ന് കുട്ടികളായ ഞങ്ങളെ ഒന്ന് എഴുന്നേൽപ്പിച്ച് കിട്ടാൻ ഉമ്മയും വാപ്പയും  ചില്ലറ പണിയല്ലാ ചെയ്തിട്ടുണ്ടാവുക! എഴുന്നേറ്റാലോ പല്ലും മുഖവും കഴുകിയെന്ന് വരുത്തി അടുക്കളയിൽ തീൻമേശക്ക് മുന്നിലിരുന്ന് ഉറക്കം തൂങ്ങിയുള്ള അത്തായം കഴിക്കൽ യജ്ഞം.പിന്നെ സുബഹി ബാങ്കിനൊപ്പം ഇരുൾ മൂടിയ വീട്ട്മുറ്റത്തെ കൂട്ടുകാരുടെ കലപില ശബ്ദത്തിൽ ചേർന്ന് പള്ളിയിലേക്ക്. മുന്നിലുള്ള വാപ്പയുടെ കൈയിലെ ഞെക്ക് വിളക്കിൽ (ബാറ്ററി ഇട്ട ടോർച്ച്) നിന്നുള്ള  വട്ടാകൃതിയിലുള്ള മഞ്ഞവെട്ടത്തിന് പിന്നാലെ ഞങ്ങൾ കുട്ടികൾ പള്ളിയിലേക്ക് നടന്നടുക്കും.

രാത്രിയിലെ തറാവീഹ് നമസ്ക്കാരത്തിൽ പങ്കെടുക്കാൻ തുടക്കത്തിൽ വലിയ ആവേശമാണ് കുട്ടികളായ ഞങ്ങൾക്കുണ്ടായിരുന്നത്. ആദ്യത്തെ രണ്ടാഴ്ച കഴിയുമ്പോൾ ഒഴപ്പാൻ തുടങ്ങും. പള്ളി പരിസരങ്ങളിൽ വട്ടം കൂടി നിന്ന് സൊറ പറഞ്ഞും കഞ്ഞി പാത്രങ്ങൾ അടുക്കി പറക്കിയും സമയം പോക്കും. നിസ്ക്കാരത്തിന്‍റെ അവസാന ഭാഗമാവുമ്പോൾ ചടപടാന്ന് കേറി സ്വഫിൽ (വരിയിൽ ) അണി നിരക്കും. ഞങ്ങളും നിസ്ക്കരിക്കാനുണ്ടായിരുന്നുവെന്ന് ബോധ്യപ്പെടുത്താനുള്ള നിഷ്ക്കളങ്ക ശ്രമം..... 

നിസ്ക്കാരം കഴിഞ്ഞുള്ള ദുആ (പ്രാർത്ഥന) വേളയിൽ ഞങ്ങളുടെ ചെവിയും മൂക്കും പുറം പള്ളിയിൽ നിന്ന് പാത്രത്തിന്‍റെ കലപില ശബ്ദം കേൾക്കുന്നുണ്ടോ... ഇറച്ചിക്കറിയുടെ മണം വരുന്നുണ്ടോ..? എന്നറിയാനുള്ള വെപ്രാളത്തിലായിരിക്കും. വല്ലപ്പോഴുമൊക്കെയേ ഇറച്ചിക്കറിയുണ്ടാവൂ... മിക്കപ്പോഴും അപ്പവും കിഴങ്ങു കറിയും ഉറട്ടിയും പരിപ്പുമൊക്കെയായിരിക്കും തറാവീഹിന് ശേഷമുള്ള ഭക്ഷണം. ഭക്ഷണം കഴിച്ച ശേഷമുള്ള ചൂട് സുലൈമാനിയുണ്ടല്ലോ... അതിന്‍റെ രുചി ഒന്ന് വേറെയാ...

നോമ്പ് പിടിക്കുന്നതിൽ മാത്രമല്ല, ബാങ്കിന് മുമ്പേ പള്ളിയിൽ എത്തി ജമാഅത്തായി നിസ്ക്കരിക്കാനും ഞങ്ങൾ കുട്ടികൾക്കിടയിൽ മത്സരമായിരുന്നു. റമദാന്‍റെ പകലുകളിൽ പള്ളിക്കകത്ത് മിക്ക സമയങ്ങളിലും ഉപ്പമാർ ഖുർആൻ പാരായണത്തിലായിരിക്കും. റമദാൻ അവസാനിക്കുമ്പോഴേക്ക് ഖുർആൻ മുഴുവനായി ഒന്നും രണ്ടും അഞ്ചും വട്ടമൊക്കെ ഓതി തീർത്തിരിക്കും. ളുഹർ നിസ്കാരാനന്തരം ഞങ്ങളും പളളി വരാന്തയിൽ അങ്ങിങ്ങായി ഇരുന്ന്  ഖുർആൻ ഓതും. പള്ളിമുറ്റത്തെ വേപ്പിലകളെ തഴുകിയെത്തുന്ന ഇളം കാറ്റേറ്റുള്ള ആ ഇരുത്തവും പാരായണവുമൊക്കെ വല്ലാത്തൊരു അനുഭൂതിയാണ് നൽകിയിരുന്നത്.

ഓർമ്മയിൽ എന്നും റമദാൻ ഒരു വസന്തമായിരുന്നു. പറഞ്ഞറിയിക്കാനാകാത്ത നിർവൃതിയാണ് അത് പകർന്ന് നൽകിയിട്ടുള്ളത്. വിശ്വാസിമനസുകളിൽ ആത്മീയതയുടെ കുളിര് ചൊരിഞ്ഞ് ഒരു റമദാൻ കൂടി സമാഗതമായിരിക്കുന്നു.
4 comments:

 1. മലപ്പുറത്തു നിന്നും ദ്വീപിൽ നിന്നും രണ്ടു സുഹൃത്തുക്കൾ നോമ്പുകാലത്ത് എൻ്റെ വീട്ടിൽ വന്നു നിൽക്കുമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരാഴ്ച നോമ്പു പിടിക്കും. ഇടയത്താഴം ഇഡലിയും സാമ്പാറും അങ്ങനെയെന്തെങ്കിലും.....
  അവരുടെ വിവാഹം കഴിയുന്നതുവരെ അതു തുടർന്നു.

  അതൊക്കെയാണ് സ്മൃതിപുണ്യങ്ങൾ....

  ReplyDelete
 2. നല്ല നോന്പനുഭവത്തിലേക്ക്
  നമ്മെയും കൊണ്ട് പോകും

  നല്ല എഴുത്ത്
  അഭിനന്ദനങ്ങൾ

  ReplyDelete
 3. നല്ല നോന്പനുഭവത്തിലേക്ക്
  നമ്മെയും കൊണ്ട് പോകും

  നല്ല എഴുത്ത്
  അഭിനന്ദനങ്ങൾ

  ReplyDelete
 4. റജിമാഷിനും നാസർമാഷിനും ഹൃദയം തൊട്ട നന്ദിയും പ്രാർത്ഥനയും
  _ അമീർകണ്ടൽ

  ReplyDelete